സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു കൊച്ചു റാപ്പറുടെ വിശേഷങ്ങളാണ് ഇനി. കാസർകോട് കയ്യൂർ സ്വദേശിയായ ദേവനന്ദിന്റെ വരികളിലും മൊഴികളിലും നിറഞ്ഞു നിൽക്കുന്നത് ചുറ്റുപാടും കാണുന്ന കാഴ്ചകളാണ്.
ഡ്രം ബീറ്റുകളുടെ ചടുലതാളത്തിനൊപ്പം ഹിപ് ഹോപ്പും ചേർന്നുള്ള റാപ്പ് ഗാനങ്ങൾ നാടൻ ഭാഷയിൽ തയ്യാറാക്കുകയാണ് ഈ ഏഴ് വയസ്സുകാരൻ. മനസ്സിൽ തോന്നുന്ന വരികൾ അപ്പോൾ തന്നെ ബുക്കിൽ കുറിക്കും. അച്ഛനും അമ്മക്കും ഒപ്പമുള്ള യാത്രകളിൽ കാണുന്ന കാഴ്ചകളും പാട്ടിലെ വരികളായി.
മകന്റെ പാട്ടുകൾക്ക് രക്ഷിതാക്കളുടെ ഫുൾ മാർക്ക്. അയൽക്കാരനും കലാകാരനുമായ രതീഷാണ് ദേവനന്ദിന്റെ പാട്ടുകളെ സമൂഹ മാധ്യമങ്ങളിൽ എത്തിച്ചത്. ഇപ്പോൾ പുതിയ റാപ്പിന്റെ പണി പുരയിലാണ് ദേവനന്ദ്.