കാസർകോട് പടന്നയിൽ നിന്ന് ഓലയും തെങ്ങിന്‍തടികളും കയറ്റിയയക്കുന്നുണ്ട്. എങ്ങോട്ടാണെന്നും എന്തിനാണെന്നുമല്ലേ ? ഭോപ്പാലിലെ മ്യൂസിയത്തിൽ കേരളത്തിലെ പരമ്പരാഗത വീടുകളുടെ മാതൃകകൾ നിർമിക്കാനായാണ് ഈ കയറ്റുമതി.
പരമ്പരാഗത മത്സ്യത്തൊഴിലാളി കുടിലുകളും നാല്കെട്ടിന്റെ മാതൃകകളുമാണ് മ്യൂസിയത്തിൽ നിർമിക്കുന്നത്. നീലേശ്വരം എരിക്കുളത്തുള്ള 10 കലാകാരന്മാരാണ് നിർമാണത്തിന് പിന്നിൽ. ഭോപ്പാലിലെ ഇന്ദിരാഗാന്ധി രാഷ്ട്രീയ മാനവ് സംഗ്രഹാലയത്തിലാണ് കേരളത്തിലെ പരമ്പരാഗത വീടുകളുടെ മാതൃകകൾ ഒരുക്കുന്നത്.
പടന്നയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള മുപ്പതോളം സ്ത്രീകളാണ് ഓല മെടഞ്ഞത്. എല്ലാം ഒരു മാസം കൊണ്ട് മെടഞ്ഞുതീർത്തു. ഇന്ത്യയിലെ മനുഷ്യ പരിണാമത്തിന്റെയും സംസ്കാരത്തിന്റെയും കഥകൾ പറയുന്ന മ്യൂസിയം ഭോപ്പാലിലെ ശ്യാമള ഹിൽസിൽ 200 ഏക്കറോളം സ്ഥലത്താണ് പരന്നുകിടക്കുന്നത്. അവിടെ വരുന്നവർക്ക് കേരളീയ സംസ്കാരവും ഇതോടെ തൊട്ടറിയാനാകും