കോഴിക്കോട് കുന്ദമംഗലത്ത് ഹൃദയം കുളിര്‍ക്കുന്ന പച്ചപുതച്ചൊരു കാഴ്ചയിലേക്കാണിനി. ചെറുകുളത്തൂരിലെ കിഴക്കുംപാടത്ത് എള്ളുപാടം വിളഞ്ഞുകഴിഞ്ഞു. നാലുപേരുടെ കാര്‍ഷിക സൗഹൃദ കൂട്ടായ്മയാണ് ഈ എള്ളുകൃഷിക്ക് പിന്നില്‍.
60 സെന്‍റില്‍ വലിയ പ്രതീക്ഷയോടെ വച്ച തണ്ണിമത്തന്‍ കൃഷി പരാജയപ്പെട്ടാല്‍ എന്തുചെയ്യും, നിരാശപ്പെടാതെ അടുത്ത വഴിനോക്കുകയാണ് നാലുപേര്‍ ചെയ്തത്. അതിന്‍റെ ഫലമാണ് ഈ വിളഞ്ഞുനില്‍ക്കുന്നത്. ചുറ്റിനും പൂവിട്ടുനില്‍ക്കുന്ന എള്ള്. അതില്‍ പാറിപ്പറക്കുന്ന തേനീച്ചകള്‍. അങ്ങനെ കാഴ്ചയുടെ വസന്തം സമ്മാനിക്കുകയാണ് ഇവിടം. സുഹൃത്തുക്കളായ ബാലകൃഷ്ണന്‍, ജയപ്രകാശന്‍, പ്രകാശന്‍, മനോഹരന്‍ എന്നിവരുടെ രണ്ടുമാസത്തെ പ്രത്നമാണീ കാണുന്നത്. പെരുവയല്‍ കൃഷിഭവനില്‍ നിന്ന് ഹൈബ്രിഡ് എള്ള് വിത്ത് വാങ്ങിയാണ് പരീക്ഷണ കൃഷി ചെയ്തത്.
നാടന്‍ ചക്കിലാട്ടിയ എള്ളെണ്ണ, തേച്ചുകുളിക്കാനും ആഹാരം പാകം ചെയ്യാനും ബെസ്റ്റ് ആണ്. അടുത്ത മാസത്തോടെ വിളവെടുപ്പ് നടത്താനാവുമെന്ന പ്രതീക്ഷയിലാണിവര്‍.