p-rajeev-water-metro

രാജ്യം മാതൃകയാക്കാനൊരുങ്ങുന്ന മറ്റൊരു കേരള മോഡലാണ് കൊച്ചി വാട്ടർ മെട്രോയെന്ന് മന്ത്രി പി രാജീവ്. സർവീസ് ആരംഭിച്ച് രണ്ട് വർഷം പൂർത്തിയാകുമ്പോൾ തന്നെ സഞ്ചരിച്ചവരുടെ എണ്ണം 40 ലക്ഷം പിന്നിട്ടിരിക്കുന്ന സന്തോഷം നിങ്ങളുമായി പങ്കുവെക്കുകയാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ഇപ്പോഴും ദേശീയ അന്തർദേശീയ വ്ലോഗർമാരടക്കം വ്ലോഗ് ചെയ്യുന്നതിനായി എത്തുന്ന നമ്മുടെ വാട്ടർ മെട്രോ മാതൃക ഇന്ത്യയിലെ 17 സ്ഥലങ്ങളിൽ കൂടി ആരംഭിക്കുന്നതിനുള്ള സാധ്യതാ പഠനം നടത്തിക്കൊണ്ടിരിക്കുകയാണന്നതും മലയാളികളെ സംബന്ധിച്ച് അഭിമാനകരമായ ഒരു വസ്തുതയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

കൊച്ചി വാട്ടർ മെട്രോയെ നെഞ്ചിലേറ്റിയ യാത്രക്കാർക്ക് നന്ദി രേഖപ്പെടുത്തുന്നു. പൊതുഗതാഗത മേഖലയിലെ നാഴികക്കല്ലായി മാറിയ വാട്ടർമെട്രോ വിനോദസഞ്ചാരികൾക്ക് പുറമെ കൊച്ചിക്കാർക്കും ഏറെ സഹായകമായിട്ടുണ്ടെന്നാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് സൂചിപ്പിക്കുന്നത്. യാത്രാസമയത്തിൽ ഉണ്ടാകുന്ന ഗണ്യമായ കുറവും മികച്ച സൗകര്യങ്ങളും വാട്ടർമെട്രോയ്ക്ക് ജനങ്ങൾക്കിടയിൽ സ്വീകാര്യത വർധിപ്പിക്കുന്നു.

ആരംഭിച്ച് വളരെ പെട്ടെന്നുതന്നെ സർവീസ് വിപുലീകരിക്കാനും കൂടുതൽ ടെർമിനലുകളുടെ ഉദ്ഘാടനം ചെയ്യാനും നമുക്ക് സാധിച്ചിരുന്നു. പരിസ്ഥിതി സൗഹൃദമായ എന്നാൽ അന്താരാഷ്ട്ര നിലവാരം കാത്തുസൂക്ഷിക്കുന്ന ഈ കേരള മോഡൽ യൂണിയൻ ഗവണ്മെൻ്റ് പോലും പരസ്യങ്ങളിൽ ഉപയോഗിക്കുന്നത് ഇന്ന് കേരളം ചിന്തിക്കുന്നത് നാളെ രാജ്യം ഏറ്റെടുക്കുന്നു എന്നതിൻ്റെ ഉദാഹരണമാണ്. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് വേദിയിൽ യൂണിയൻ മിനിസ്റ്റർ ശ്രീ. ജയന്ത് ചൗധരി കൊച്ചി വാട്ടർ മെട്രോ ഉത്തർ പ്രദേശ് മാതൃകയാക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. കൊച്ചിയിലെത്തിയ കേന്ദ്ര ഷിപ്പിങ്ങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍, അതുല്യമായ യാത്രാ അനുഭവമാണ് കൊച്ചി വാട്ടര്‍മെട്രോയിലേത് എന്നും ജലയാത്രയ്ക്ക്  ഇത്രയേറെ വ്യത്യസ്തയും ആസ്വാദ്യതയും ആവേശവും സുഖവും പ്രാദനം ചെയ്യുന്ന മറ്റൊന്നില്ല എന്നുമാണ് സന്ദര്‍ശക രജിസ്റ്ററില്‍ എഴുതിയത്.  ജി 20 ഉദ്യോഗസ്ഥ ഉച്ചകോടിക്കെത്തിയവരും നമ്മുടെ വാട്ടർ മെട്രോയെ പ്രശംസിച്ചിരുന്നു. എത്രയും പെട്ടെന്നുതന്നെ കൂടുതൽ ടെർമിനലുകളുടെ നിർമ്മാണം പൂർത്തിയാക്കി ആ റൂട്ടുകളിൽ കൂടി ബോട്ടുകൾ ഇറക്കി സർവീസ് വിപുലീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു. 

ENGLISH SUMMARY:

P Rajeev facebook post about kochi water metro