ഈ മാസം 29 ന് സംസ്ഥാനത്തെ സ്കൂളുകളിലെ സൂബാ നൃത്ത പരിശീലനത്തിന് തുടക്കമാകുകയാണ്. ലോക സൂംബാ ദിനമാണ് അന്ന്. ആയിരം കുട്ടികളാണ് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന മെഗാ ഡിസ്പളൈയില്‍ പങ്കെടുക്കുക. ലഹരി വിരുദ്ധ പ്രചരണ പരിപാടിയുടെ ഭാഗമായാണ് സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ കായിക പരിശീലനം വ്യാപകമാക്കാനുള്ള തീരുമാനം.
തെക്കേ അമേരിക്കയിലെ കൊളംബിയയിലാണ് സൂംബാ നൃത്തം ഉടലെടുത്തത്. പലതരം നാടോടി നൃത്തചുവടുകളുടെ ഊര്‍ജം ഉള്‍ക്കൊണ്ടാണ് സൂംബാ ഇന്നത്തെ രൂപത്തില്‍ എത്തുന്നത്. വ്യായാമം ഒരു നൃത്തരൂപമായി ഉടലെടുത്തു എന്നോ നൃത്തം വ്യായാമമുറയായി മാറിയെന്നോ പറയാം. താളക്രമത്തിലൂള്ള ചുവടുകള്‍, കൈകളുടെ ചലനം കഴുത്തിന്‍റെ ചലനം എല്ലാം ചേര്‍ന്ന് ത്രസിപ്പിക്കുന്ന സംഗീതത്തിനൊപ്പം മുന്നേറുമ്പോള്‍ സമ്പൂര്‍ണ വ്യായാമമാകുന്നു.
വ്യായാമം മടുപ്പിക്കുന്നതായി മാറാതിരിക്കുന്നു എന്നതാണ് സൂംബായുടെ പ്രത്യേകത. ആഹ്ളാദകരമായ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്ത് നൃത്തം ചെയ്യുന്ന പോലെയൊരനുഭവം. മികച്ച കാര്‍ഡിയോ വാസ്കുലര്‍ വ്യായാമമായാണ് ഇതിനെ കണക്കാക്കുന്നത്.
പുതിയ അധ്യയന വര്‍ഷം മുതല്‍ സ്കൂളുകളിലെ കുട്ടികള്‍ സൂംബാ നര്‍ത്തകരാകും. മനസിനും ശരീരത്തിനും ഉണര്‍വും ഉന്‍മേഷവും നല്‍കുന്നതാവും ഈ അനുഭവം എന്നാണ് പ്രതീക്ഷ. ലഹരിപോലുള്ള ഊരാകുടുക്കുകളില്‍ നിന്ന് കുട്ടികളെ രക്ഷിക്കാനുള്ള ഏറ്റവും മികച്ചമാര്‍ഗം കായിക പരിപാടികളാണെന്ന അഭിപ്രായം ഉയര്‍ന്നു. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലും ഇതേ കാര്യം പലരും ഉന്നയിച്ചതോടെയാണ് സൂംബാക്ക് പച്ചക്കൊടി കിട്ടിയത്.
പ്രീ പ്രൈമറി തലം മുതല്‍ കുട്ടികള്‍ക്ക് കായിക പരിശീലനത്തിനും വിവിധ ഇനം കളികള്‍ക്കും സമയം ഉണ്ടാകും. അപ്പര്‍പ്രൈമറിയില്‍ ആഴ്ചയില്‍ മൂന്ന് പീരിഡുകള്‍ കായിക പരിശീലനത്തിന് മാറ്റിവെക്കും. എട്ടാം ക്ളാസില്‍ ഇത് രണ്ടും 9,10 ക്ളാസുകളില്‍ ഒാരോ പീരിഡും ആയിരിക്കും. ഹയര്‍സെക്കന്‍ഡറിയില്‍ ആഴ്ചയില്‍ രണ്ട് പീരിഡ് കായിക–സ്പോര്‍ട്ട്സ് സമയമായിരിക്കും.
സ്കൂളുകളില്‍ വിവിധ ക്ളാസുകള്‍ തമ്മിലും ഹൗസുകള്‍ തമ്മിലും മത്സരങ്ങളും സംഘടിപ്പിക്കും. ആഴ്ചയില്‍ 100 മുതല്‍ 300 മിനിറ്റു വരെ കായിക പരിശീലനത്തിനായി മാറ്റിവെക്കാനാണ് തീരുമാനം. വ്യായാമങ്ങളുടെ വീഡിയോ തയാറാക്കി സ്കൂളുകളിലെത്തിക്കും. അപ്പോഴിനി സ്കൂളുകളില്‍ സൂംബാ ദിനങ്ങളുടെ വരവായി.