പൊലീസും എക്സൈനും മാത്രമല്ല, രാഷ്ട്രീയ കക്ഷികളും യുവജന സംഘടനകളുമൊക്കെ രംഗത്തുണ്ട്, ലഹരിയെ സമൂഹത്തില്‍നിന്ന് തുരത്താന്‍. ജനപ്രതിനിധികളെല്ലാവരും തന്നെ ലഹരിമുക്തകേരളത്തിനായി, നല്ല നാളേയ്ക്കായി കൈകോര്‍ത്തുകഴിഞ്ഞു. ലഹരിയുടെ വേര് അറുത്തേ മതിയാകൂ എന്നത് മാത്രമാണ് ലക്ഷ്യം. അതില്‍ രാഷ്ട്രീയമില്ല, വരുംതലമുറയ്ക്കുകൂടിയുള്ള കരുതലാണത്. സ്വൈര്യമായി ജീവിക്കാനുള്ളഅവകാശം ലഹരിമൂലം നഷ്ടപ്പെടുന്ന കാഴ്ചയുണ്ട് ചുറ്റും. അതും അനസാനിപ്പിക്കണം. കാര്യങ്ങള്‍ ഇങ്ങനെ ഊര്‍ജിതമായി നടക്കുമ്പോഴും ദിനംപ്രതി ലഹരിക്കേസുകള്‍ വര്‍ധിച്ചുവരുന്നുണ്ട്.
പിടിയിലാകുന്നവരുടെ എണ്ണവും ചെറതുല്ല. വീട്ടിലും നാട്ടിലും അക്രമം അഴിച്ചുവിടുന്നവരാണ് ഏറെയും. അവരെ പിടികൂടി പോലീസിലേല്‍പ്പിക്കുന്നവരുടെ എണ്ണവും കൂടിവരുന്നു. സ്വന്തം മകനായാലും ലഹരിയില്‍ മുങ്ങിയാല്‍, ആക്രമണം സഹിക്കാതെയായാല്‍ പിടിച്ചു പൊലീസിനുകൈമാറുന്ന ഒരമ്മച്ചിത്രം മലയാളി മറക്കില്ല. കോഴിക്കോട്ടെ അമ്മയുടെ ധൈര്യം ഒരുപാട് അമ്മമാര്‍ക്ക് ലഹരിക്കെതിരെ രംഗത്തിറങ്ങാന്‍ ഊര്‍ജം പകര്‍ന്നിട്ടുണ്ടാകും. ലഹരിക്കുവേണ്ടി കച്ചകെട്ടുന്നവര്‍ അറിയണം, സ്വന്തം പെറ്റമ്മ ഉള്‍പ്പെടെ സമൂഹമൊന്നാകെ തങ്ങളെ പൂട്ടാന്‍ പിന്നാലെയുണ്ടെന്ന്. ലഹരിക്കെതിരെ നാടെങ്ങും പ്രചാരണം നടക്കുമ്പോള്‍ സ്വന്തം സന്തോഷം രാസലഹരിയുമായി കൂട്ടുകാര്‍ക്കൊപ്പം ആഘോഷിച്ച അച്ഛനെ കണ്ടു കഴിഞ്ഞദിവസം കേരളം. ആരും മാതൃകയാക്കാതിരിക്കട്ടെ.
ഇതുകേട്ട് ആരിലും അത്തരമൊരു ആലോചന പോലും ഉണ്ടാകാതിരിക്കട്ടെ. ലഹരിക്കടിമയായ മകനെ പൊലീസിലേല്‍പ്പിച്ച അമ്മയെ കണ്ടത് കോഴിക്കോട്ടായിരുന്നെങ്കില്‍ മറ്റൊരു അമ്മയെയും മകനെയും കുറിച്ച് കേട്ടത് പാലക്കാട് അതിര്‍ത്തിയില്‍നിന്നാണ്. വാളയാറില്‍ അമ്മയും മകനും ഉള്‍പ്പെടെ നാലുപേര്‍ പിടിയിലാകുന്നു. കയ്യില്‍ എംഡിഎംഎ. അതുസംബന്ധിച്ച് ഞെട്ടുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. വാളയാറില്‍ അമ്മയും മകനും പ്രതിയായ ലഹരിക്കേസില്‍ മകനെ ലഹരി ഇടപാടുകാരനാക്കിയത് അമ്മയെന്നാണ് എക്സൈസ് പറയുന്നത്. മകന്‍ ഇടപാടിന് തടസം നില്‍ക്കാതിരിക്കാന്‍ അമ്മ തന്നെ മകനെ ലഹരി ഉപയോഗിക്കാന്‍ ശീലിപ്പിച്ചു.