കവിതകളുടെ ലോകത്ത് സ്വന്തം ഇടം അടയാളപ്പെടുത്താന്‍ കണ്ണൂരിലെ രണ്ടാം ക്ലാസുകാരന്‍ ആഷ്‍വിന്‍ സുമേഷ്. രണ്ടാം ക്ലാസിലെത്തിയപ്പോഴേക്കും ആഷ്‍വിന്‍ രചിച്ചത് 25 കവിതകളാണ്.
അക്ഷരങ്ങളാണ് ആഷ്‍വിന്‍റെ ലോകം. എഴുത്തും വായനയും പഠിച്ചുതുടങ്ങിയപ്പോള്‍ മുതലുള്ള ശീലം. പുസ്തകങ്ങളോട് അന്ന് തുടങ്ങിയ കൂട്ട് ഇന്ന് ആഷ്‍വിനെ ഒരു കവിയാക്കി. ആ കവി ഒരു പുസ്തകം നിറയെ കവിതകളെഴുതി. ഇരുപത്തിയഞ്ച് കവിതകള്‍ അടങ്ങിയ പുസ്തകം പുറത്തിറക്കി. ആഷ്‍വിന്‍റെ പ്രായം പോലെ തന്നെ പുസ്തകത്തിന് പേര് ‘കുസൃതി കുഞ്ഞുണ്ണി’.
മകന്‍റെ മനസില്‍ വായനയുടെ വിത്തിട്ടത് അമ്മ തന്നെ. സാഹിത്യത്തോടുള്ള താല്‍പര്യമറിഞ്ഞ് അമ്മ മകനെ ആ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. കുഞ്ഞുപ്രായത്തില്‍ കവിതകള്‍ കൊണ്ട് ഞെട്ടിക്കുകയാണ് ഈ കൊച്ചുകവി. സാഹിത്യലോകത്ത് പുതിയ മോഹങ്ങളുമായി ആഴത്തിലിറങ്ങാന്‍ തയ്യാറെടുക്കുകയാണിപ്പോള്‍. ഉത്തര മലബാറിലെ തെയ്യങ്ങളെ കുറിച്ചാണ് ഇനിയുള്ള കവിതകള്‍. ചെറുപുഴ ജാനകി മെമ്മോറിയല്‍ യു.പി സ്കൂളിലെ വിദ്യാര്‍ഥിയാണ് ആഷ്‍വിന്‍.