പകല്‍ സമയത്ത് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി സംഭരിക്കാന്‍ സംസ്ഥാനത്ത് ആദ്യമായി ബാറ്ററി സ്റ്റോറേജ് നിലയം വരുന്നു. ആദ്യ ഘട്ടത്തില്‍ കാസര്‍കോട് മൈലാട്ടിയിലാണ് പദ്ധതി. അതേസമയം പ്രസരണ ലൈന്‍ എത്തിക്കാന്‍ പ്രയാസമുള്ള മലയോരമേഖലകളിലെവിടെയെങ്കിലും ഈ സംവിധാനം സ്ഥാപിക്കുന്നതായിരുന്നു കൂടുതല്‍ ഫലപ്രദമെന്ന് വൈദ്യുതി ബോര്‍ഡിലെ തന്നെ എന്‍ജീനയര്‍മാര്‍ക്ക് അഭിപ്രായമുണ്ട്.
കാസര്‍കോട് മൈലാട്ടിയില്‍ 220 കിലോവാട്ട് സബ്സ്റ്റേഷനിലാണ് 125 മെഗാവാട്ട് ശേഷിയുള്ള ബാറ്ററി സ്റ്റോറേജ് നിലയം അഥവാ ബെസ് വരുന്നത്. വൈദ്യുതി ബോര്‍ഡ് സമര്‍പ്പിച്ച പദ്ധതിരൂപരേഖ വിലയിരുത്തി കേന്ദ്രസര്‍ക്കാര്‍ 135 കോടിരൂപ വയബിലിറ്റി ഗ്യാപ് ഫണ്ട് അനുവദിച്ചു. തുടര്‍ന്ന് കേന്ദ്ര ഏജന്‍സിയായ സോളര്‍ എനര്‍ജി കോര്‍പറേഷനുമായി കരാര്‍ ഒപ്പിട്ടു.
പകല്‍ ലഭിക്കുന്ന അധിക സൗരോര്‍ജം യൂണിറ്റിന് 4.61 രൂപയ്ക്ക് സംഭരിക്കും. രാത്രി വിതരണം ചെയ്യും. നാലുമണിക്കൂര്‍ തുടര്‍ച്ചയായി വൈദ്യുതി നല്‍കാം. പതിനെട്ടുമാസത്തിനകം പദ്ധതി പൂര്‍ത്തിയാക്കണം. അതേസമയം കാസര്‍കോട് വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ പ്രസരണ ലൈനുകള്‍ എളുപ്പം കൊണ്ടുവരാമെന്നിരിക്കെ പ്രസരണ ലൈന്‍ സ്ഥാപിക്കാന്‍ ബുദ്ധിമുട്ടുള്ള മലോരമേഖലകളിലെവിടെയെങ്കിലും
ബാറ്ററി സ്റ്റോറേജ് നിലയം സ്ഥാപിക്കുന്നതായിരുന്നു കൂടുതല്‍ ഫലപ്രദമെന്ന് വൈദ്യുതി ബോര്‍ഡിലെ എന്‍ജീനീയര്‍മാര്‍ പറയുന്നത്.