elephant-guruvayur-1304N

ഗുരുവായൂർ ദേവസ്വത്തിലെ മുതിർന്ന ആനയായ നന്ദിനി ചരിഞ്ഞു. 65 വയസ്സുണ്ടായിരുന്ന നന്ദിനി പാദരോഗം മൂർച്ഛിച്ച് മാസങ്ങളായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 2.45 നായിരുന്നു അന്ത്യം. 1964 മെയ് 9ന് നിലമ്പൂർ സ്വദേശി പള്ളിയാലിൽ നാരായണൻ നായരാണ് നന്ദിനിയെ ഗുരുവായൂരപ്പന് നടയിരുത്തിയത്. ആനത്താവളം ആരംഭിച്ച കാലം മുതൽ ഇവിടെയുണ്ടായിരുന്ന 22 ആനകളിൽ ഒന്നായിരുന്നു നന്ദിനി. ചെറുപ്പം മുതലേ ക്ഷേത്രത്തിലെ പള്ളിവേട്ട, ആറാട്ട് തുടങ്ങിയ പ്രധാന ഉത്സവങ്ങളുടെയെല്ലാം തിടമ്പേറ്റിയിരുന്നത് നന്ദിനിയായിരുന്നു. സമീപ പ്രദേശങ്ങളിലെ അർദ്ധനാരീശ്വര ക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പുകളിലും നന്ദിനി സജീവമായിരുന്നു.

പാദരോഗം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് വർഷമായി നന്ദിനി ആനത്താവളത്തിന് പുറത്തേക്ക് പോയിരുന്നില്ല. രോഗം വഷളാകാതിരിക്കാൻ നാല് വർഷം മുമ്പ് കെട്ടുംതറിയിൽ റബ്ബർ മെത്ത വിരിച്ചിരുന്നു. ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ ഭാഗമായ ആറാട്ട് ദിവസമായ മാർച്ച് 19നാണ് നന്ദിനി തളർന്നു വീണത്. തുടർന്ന് വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ചികിത്സ നൽകി വരികയായിരുന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പലതവണ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ആഴ്ചകളായി തീറ്റയെടുക്കാത്ത അവസ്ഥയിലായിരുന്നു നന്ദിനി.

നന്ദിനിയുടെ വിയോഗ വാർത്തയറിഞ്ഞ് നിരവധി ഭക്തർ ആനത്താവളത്തിലേക്ക് ഒഴുകിയെത്തി. ഗുരുവായൂരപ്പന് ചാർത്തിയ മഞ്ഞപ്പട്ട് പുതപ്പിച്ച് ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവർ പുഷ്പചക്രം സമർപ്പിച്ചു. ശേഷം ജഡം ലോറിയിൽ കോടനാട്ടേക്ക് കൊണ്ടുപോയി. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം നാളെ രാവിലെ ഏഴ് മണിയോടെ കോടനാട് വനത്തിൽ സംസ്കരിക്കും. നന്ദിനിയുടെ വിയോഗത്തോടെ ഗുരുവായൂർ ദേവസ്വത്തിലെ ആനകളുടെ എണ്ണം 37 ആയി കുറഞ്ഞു.

ENGLISH SUMMARY:

Nandini, the 65-year-old senior elephant at Guruvayur Devaswom, passed away due to severe foot disease. She had been an integral part of temple rituals and festivals for decades. Her body was taken to Kodanad for cremation, reducing the number of elephants in Guruvayur to 37.