ആലപ്പുഴ അരൂരിൽ ദമ്പതികൾ തമ്മിലുള്ള കുടുംബവഴക്ക് കേസിൽ, റിമാൻഡിൽ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങിയ ഭർത്താവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. എരമല്ലൂർ പടിക്കൽ വീട്ടിൽ സുദീപിനെയാണ് (38) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. സുദീപ് മദ്യലഹരിയിൽ ഭാര്യ നസിയയേയും ഏകമകനേയും മർദ്ദിക്കുന്നത് പതിവായതോടെയാണ് നസിയ ഒരു വർഷം മുൻപ് അരൂർ പൊലീസിൽ പരാതി നൽകിയത്. ആ കേസ് കോടതിയിൽ നടക്കുന്നതിനിടെ സുദീപ് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. സുദീപിനെ അരൂർ പൊലീസ് ദിവസങ്ങൾക്ക് മുൻപ് അറസ്റ്റ് ചെയ്ത് ചേർത്തല കോടതിയിൽ ഹാജരാക്കുകയായിരുന്നു. കോടതി റിമാൻഡ് ചെയ്ത സുദീപിനെ, കഴിഞ്ഞ ദിവസം ഭാര്യയും മാതാവും ചേർന്ന് ജാമ്യത്തിലിറക്കുകയായിരുന്നു. വീട്ടിൽ സുദീപും നസിയയും രണ്ടിടങ്ങളിലാണ് കിടന്നുറങ്ങിയിരുന്നത്. നേരം പുലർന്നിട്ട് കുറേയായിട്ടും സുദീപ് ഉറക്കം ഉണരാത്തതോടെയാണ് വീട്ടുകാർ മുറി ചവിട്ടിത്തുറന്ന് നോക്കിയത്. കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് സുദീപിനെ കണ്ടെത്തിയത്.