സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടിയ വ്ലോഗർ തൊപ്പി എന്ന മുഹമ്മദ് നിഹാൽ കസ്റ്റഡിയിൽ. വടകര - കൈനാട്ടി ദേശീയപാതയില്‍ മുഹമ്മദ് നിഹാലിന്‍റെ കാർ സ്വകാര്യ ബസിൽ ഉരഞ്ഞിരുന്നു. ഇതേതുടർന്ന് ബസിലെ തൊഴിലാളികളുമായി ഉണ്ടായ തർക്കത്തിലാണ് മുഹമ്മദ് നിഹാല്‍ തോക്ക് ചൂണ്ടിയത്. കാറുമായി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ബസ് തൊഴിലാളികൾ തടഞ്ഞ് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
നേരത്തെ തൊപ്പിയുടെ വീട്ടിൽ നിന്നും പാലാരിവട്ടം പൊലീസ് എംഡിഎംഎ പിടികൂടിയിരുന്നു. തമ്മനത്തെ അപ്പാര്‍ട്ടമെന്റില്‍ നിന്ന് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സഫ് സംഘം റെയ്ഡ് നടത്തിയാണ് രാസലഹരി പിടികൂടിയത്. മൂന്ന് പെണ്‍ സുഹൃത്തുക്കളെ പ്രതികളാക്കി പൊലീസ് കേസെടുത്തതോടെ നിഹാദ് ഒളിവില്‍ പോയിരുന്നു. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും പിന്നീട് പ്രതിയല്ലെന്ന പൊലീസ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നിഹാദിന്‍റെ ജാമ്യാപേക്ഷ തീര്‍പ്പാക്കുകയായിരുന്നു.
‘തൊപ്പി’ എന്ന കഥാപാത്രത്തെ ഉപേക്ഷിക്കുകയാണെന്ന് വ്യക്തമാക്കി നിഹാദ് യൂട്യൂബിൽ വീഡിയോ അപ്ലോഡ് ചെയ്തിരുന്നു. വിഷാദത്തിലൂടെ കടന്നു പോവുകയാണെന്നും പണവും പ്രശസ്തിയുമുണ്ടായിട്ട് ഒരു കാര്യവുമില്ലെന്നും നിഹാദ് വീഡിയോയിൽ പറഞ്ഞിരുന്നു. ആറ് ലക്ഷത്തിലേറെ സബ്സ്ക്രൈബേഴ്സാണ് യൂട്യൂബിൽ തൊപ്പിക്കുള്ളത്. ഇതില്‍ ഏറിയ പങ്കും കുട്ടികളാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ് തൊപ്പിയുടെ വീഡിയോകളുടെ സ്ഥിരം കാഴ്ചക്കാർ.