കരുനാഗപ്പള്ളി ആദിനാട് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയും രണ്ടു മക്കളും മരിച്ചു. പുത്തൻകണ്ടത്തിൽ താര ജി. കൃഷ്ണ മക്കളായ ടി.അനാമിക , ടി. ആത്മിക എന്നിവരാണ് മരിച്ചത്. മക്കളെ തീകൊളുത്തിയ ശേഷം താര ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഭർത്താവിന്റെ കുടുംബവുമായുള്ള പ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഭർത്താവ് ഗിരീഷ് കുവൈത്തിൽ നിന്ന് നാട്ടിലെത്താനിരിക്കെയാണ് സംഭവം.
ആദിനാട് കൊച്ചുമാമൂട് ജംക്‌ഷനു വടക്കു ഭാഗത്തുള്ള വാടകവീട്ടിൽ വച്ചാണ് ആത്മഹത്യശ്രമം നടന്നത്. ഒന്നര വർഷമായി താരയും കുടുംബവും ഇവിടെയാണ് താമസിച്ചിരുന്നത്. മകളോടൊപ്പം വീട്ടിലുണ്ടായിരുന്ന പിതാവ് ഗോപാലകൃഷണൻ സമീപത്തെ കടയിൽ ചായകുടിക്കാൻ പോയപ്പോഴാണ് വീടിന്റെ കിടപ്പുമുറിയിൽ താരയും രണ്ടുമക്കളും മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നിലവിളിയും പുകയുമുയർന്നതിനെ തുടർന്ന് നാട്ടുകാർ മുറിയുടെ കതകു തുറന്ന് മൂന്നുപേരെയും പുറത്തെത്തിക്കുകയായിരുന്നു. കരുനാഗപ്പള്ളി അഗ്നിശമനസേന എത്തിയാണ് മുറിയിലെ തീയണച്ചത്. ആദ്യം താരയുടെയും പിന്നീട് മക്കളുടെയും മരണം സ്ഥിരീകരിച്ചു.