ഇത്തവണയും പതിവു തെറ്റാതെ പാരീസ് ഫാഷന്‍ വീക്കിന്‍റെ റാംപില്‍ ചുവടുവെച്ച് ബോളിവുഡ് താരം ഐശ്വര്യ റായ്. ലോറിയലിന്‍റെ ബ്രാന്‍ഡ് അംബാസിഡറായാണ് ഇത്തവണയും ഐശ്വര്യ പാരിസ് ഫാഷന്‍ വീക്ക് റാംപിലെത്തിയത്. 

ഫ്രഞ്ച് ബ്രാന്‍ഡായ മോസിയുടെ വസ്ത്രം ധരിച്ചാണ് ഐശ്വര്യ എത്തിയത്. കേയ്പ്പ് സ്ലീവുള്ള ചുവന്ന ഓഫ് ഷോള്‍ഡര്‍ ഗൗണില്‍ അതീവ സുന്ദരിയായാണ് ഐശ്വര്യ റാംപില്‍ ചുവടു വെച്ചത്.

ലോറിയല്‍ പാരിസ് ഷോയുടെ വാക്ക് യുവര്‍ വര്‍ത്ത് എന്ന തീമില്‍ വുമണ്‍ റെഡി ടു വിയര്‍  സ്പിംങ് –സമ്മര്‍ 2025 ശേഖരത്തില്‍ നിന്നുള്ളതായിരുന്നു ഐശ്വര്യ ധരിച്ച ഗൗണ്‍. 

റാംപില്‍ ചുവടുവെച്ച ഐശ്വര്യ സദസിനോട് നമസ്തേ പറഞ്ഞു. ഐശ്വര്യയുടെ സിഗ്നേച്ചര്‍ പോസും ലുക്കും ആത്മവിശ്വാസവുമെല്ലാം ആഘോഷമാക്കുകയാണ് ഫാഷന്‍ ലോകം.

റാമ്പിൽ തന്‍റെ വിവാഹമോതിരവുമണിഞ്ഞാണ് ഐശ്വര്യ ചുവടുവച്ചത്. അഭിഷേക് ബച്ചനും ഐശ്വര്യയും പിരിയുന്നു എന്ന രീതിയിൽ പ്രചരിക്കുന്ന കിംവദന്തികൾക്കുള്ള മറുപടിയായി മാറിയിരിക്കുകയാണ് ഐശ്വര്യയുടെ ഈ ഫാഷൻ സ്റ്റേറ്റ്മെന്റ്. പതിവുപോലെ, മകൾ ആരാധ്യയ്ക്ക് ഒപ്പമാണ് ഐശ്വര്യ പാരീസിലെത്തിയത്.

വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേരാണ് കമന്‍റുകളുമായെത്തിയത്. ഈ വര്‍ഷത്തെ ലുക്കാണ് മുന്‍ വര്‍ഷങ്ങളേക്കാള്‍ നല്ലതെന്ന് ഒരു വിഭാഗം പറഞ്ഞപ്പോള്‍ ഐശ്വര്യയ്ക്ക് അൽപം മികച്ച വസ്ത്രധാരണവും സ്റ്റൈലും തിരഞ്ഞെടുക്കാമായിരുന്നു എന്നാണ് മറു വിഭാഗത്തിന്‍റെ വാദം.

ENGLISH SUMMARY:

Aishwarya Rai Bachchan walk the ramp in style in Paris fashion Weeek