image: Instagram

ഐശ്വര്യ റായ് ബച്ചന്‍..വിവാഹശേഷം ഐശ്വര്യയുടെ പേര് അങ്ങനെയാണ് പൊതുവിടങ്ങളിലെല്ലാം പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാല്‍ ദുബായില്‍ അടുത്തയിടെ നടന്ന ചടങ്ങില്‍ പ്രസംഗകയായി താരമെത്തിയപ്പോള്‍ സ്ക്രീനില്‍ തെളിഞ്ഞത് ഐശ്വര്യ റായി എന്ന് മാത്രവും. നാളുകളായി അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുന്ന വിവാഹമോചന അഭ്യൂഹങ്ങള്‍ക്കിടയിലേക്കാണ് ഈ പേരുമാറ്റം എത്തിയത്. എന്താണിതിന്‍റെ കാരണമെന്നാണ് സോഷ്യല്‍ ലോകം തിരയുന്നത്.

ഗ്ലോബല്‍ വിമന്‍സ് ഫോറത്തിന്‍റെ പരിപാടിയിലാണ് സ്ത്രീ ശാക്തീകരണത്തെ കുറിച്ച് അതീവ ഗൗരവത്തോടെ ശക്തിയുക്തം ആഷ് സംസാരിച്ചത്. ഐശ്വര്യയുടെ പ്രസംഗം വന്‍തോതില്‍ പ്രശംസ നേടിയിരുന്നു. ചടങ്ങില്‍ സംസാരിക്കുന്നതിനായി ഐശ്വര്യയെ ക്ഷണിച്ചപ്പോഴും ഐശ്വര്യ റായ് എന്നുമാത്രമായിരുന്നു അഭിസംബോധന ചെയ്തത്.  ബച്ചനെ മനപ്പൂര്‍വം ഒഴിവാക്കിയതാണെന്നാണ് സോഷ്യല്‍ ലോകത്തെ സംസാരം.  അഭിഷേകും ഐശ്വര്യയും അത്ര സ്വരച്ചേര്‍ച്ചയിലല്ലെന്നും പുറത്തുവരുന്നത് കേവലം അഭ്യൂഹങ്ങള്‍ മാത്രമല്ലെന്നതിന് തെളിവാണിതെന്ന് ഒരു വിഭാഗം ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ കുറിക്കുന്നു. 

'ഐശ്വര്യ റായ്–ഇന്‍റര്‍നാഷണല്‍ സ്റ്റാര്‍' എന്നായിരുന്നു കൂറ്റന്‍ ഗ്രാഫിക് സ്ക്രീനില്‍ തെളിഞ്ഞത്. ഈ ചിത്രമാണ് ഐശ്വര്യറായ് തന്‍റെ ഔദ്യോഗിക പേരില്‍ നിന്ന് ബച്ചനെ ഒഴിവാക്കിയോ എന്ന സംശയത്തോടെ പ്രചരിച്ചത്.  അങ്ങേയറ്റം സന്തോഷവതിയായാണ് താരം പരിപാടിയില്‍ പങ്കെടുത്തതെന്നും ഹൃദയത്തില്‍ നിന്ന് ഒരു വലിയ ഭാരം ഇറങ്ങിപ്പോയതിന്‍റെ ആശ്വാസം ആ മുഖത്ത് പ്രകടമായിരുന്നുവെന്നും ആത്മാഭിമാനം തിരിച്ചുപിടിച്ച സ്ത്രീയുടെ തിളക്കം വാക്കുകളിലും നോക്കിലും പ്രകടമായിരുന്നുവെന്നും ചിലര്‍ കുറിച്ചു. 

ഐശ്വര്യറായിയെ നെഞ്ചിലേറ്റിയത് ബച്ചന്‍ കുടുംബത്തിലെത്തിയ ശേഷമല്ലെന്നും അന്നും ഇന്നും എന്നും ഐശ്വര്യറായ് മാത്രമാണ് ആരാധകര്‍ക്ക് എന്ന് മറ്റൊരാളും കുറിച്ചു. എന്നാല്‍ ഇത്തരം നിഗമനങ്ങളിലേക്കൊന്നും ഇപ്പോള്‍ എത്തേണ്ടതില്ലെന്നും അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കണമെന്നുമാണ് മറ്റു ചിലര്‍ കുറിക്കുന്നത്. ആ സ്ക്രീനില്‍ സ്ഥലം തികയാഞ്ഞിട്ടാവാം, അല്ലെങ്കില്‍ മറ്റെന്തെങ്കിലുമാകാം, സ്വകാര്യതയെ മാനിക്കൂവെന്ന് മറ്റൊരാളും കുറിച്ചു. പുറത്തുവരുന്നത് വെറും അഭ്യൂഹമാണെന്നും ഇന്‍സ്റ്റഗ്രാമില്‍ താരം ഇപ്പോഴും ഐശ്വര്യ റായ് ബച്ചന്‍ എന്നുതന്നെയാണ് ചേര്‍ത്തിരിക്കുന്നതെന്നും ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു. 

അംബാനിക്കല്യാണത്തിന് രണ്ടായി എത്തിയതോടെയാണ് ഐശ്വര്യ– അഭിഷേക് വിവാഹ ബന്ധത്തില്‍ വിള്ളലെന്ന തരത്തില്‍ വ്യാപകമായി വാര്‍ത്തകള്‍ പ്രചരിച്ചത്. ഐശ്വര്യയും ആരാധ്യയും ആദ്യമെത്തിക്കഴിഞ്ഞാണ് ബച്ചന്‍ കുടുംബം ഒന്നടങ്കം എത്തിയത്. ഐശ്വര്യയുടെ പിറന്നാളിന് സമൂഹമാധ്യമങ്ങളില്‍ ബച്ചന്‍ കുടുബത്തിന്‍റെ ആശംസകള്‍ കണ്ടില്ലെന്നതും ആരാധകര്‍ പറയുന്നു. എന്നാല്‍ ഐശ്വര്യയോ അഭിഷേകോ ഇത്തരം വാര്‍ത്തകളോട് ഒരുതരത്തിലെ പ്രതികരണവും നടത്തിയിട്ടില്ല. മണിരത്നത്തിന്‍റെ സൂപ്പര്‍ഹിറ്റ് ചിത്രമായ 'പൊന്നിയിന്‍ സെല്‍വനി'ലാണ് ഐശ്വര്യയെ അവസാനമായി സ്ക്രീനില്‍ കണ്ടത്. കഴിഞ്ഞ വെള്ളിയാഴ്ച തീയറ്ററുകളിലെത്തിയ 'ഐ വാന്‍ഡ് ടു ടോക്ക്' ആണ് അഭിഷേകിന്‍റെ ഏറ്റവും പുതിയ ചിത്രം. 

ENGLISH SUMMARY:

Aishwarya Rai was introduced simply as Aishwarya Rai at the Dubai Global Women's Forum event. There was no mention of 'Bachchan,' not even in the graphic on stage, to denote her as the speaker. Given the rumors about her separation from Abhishek Bachchan, this has led to much gossip on social media