TOPICS COVERED

പ്രായം കൂടുന്നതിനനുസരിച്ച് ചര്‍മത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് പേടിയുണ്ടോ? മുപ്പതുകള്‍ പിന്നിടുമ്പോള്‍ തന്നെ പലരുടെയും ചര്‍മത്തില്‍ ചെറിയ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയേക്കാം. പ്രായം കൂടുന്നതിനനുസരിച്ച് ഉണ്ടായേക്കാവുന്ന ചുളിവും മങ്ങലുമൊക്കെ ഓര്‍ത്ത് ആശങ്കപ്പെടേണ്ട. നന്നായൊന്ന് ശ്രദ്ധിക്കുകയും പരിചരിക്കുകയും ചെയ്താല്‍ യൗവനത്തിളക്കമുള്ള നാല്‍പ്പതുകളിലൂടെ കടന്നുപോകാവുന്നതേ ഉള്ളു. നമ്മുടെ അടുക്കളയില്‍ തന്നെ ഉണ്ട് അതിനുള്ള ഒറ്റമൂലികള്‍ !

കേരളീയരുടെ അടുക്കളയില്‍ സുലഭമായി കിട്ടുന്ന വെളിച്ചെണ്ണ ആളത്ര നിസാരക്കാരനല്ല. വെളിച്ചെണ്ണയിലെ ഫാറ്റി ആസിഡുകള്‍ നല്ലൊരു മോയ്സ്ചറൈസറാണ്. അവ ചര്‍മത്തിന് പോഷണം നല്‍കും. എല്ലാദിവസവും ഉറങ്ങാന്‍ തുടങ്ങുംമുന്‍പ് മുഖത്ത് വെളിച്ചെണ്ണതേച്ച് മസാജ് ചെയ്യുന്നത് ചര്‍മത്തിലെ ജലാംശം നിലനിര്‍ത്താനും ചുളിവുകള്‍ കുറയ്ക്കാനും നല്ലതാണ്.

വൈറ്റമിന്‍ സി അടങ്ങിയ നാരങ്ങാനീരും ചര്‍മത്തിന്‍റെ തിളക്കം നിലനിര്‍ത്തുന്നതിന് സഹായിക്കുന്ന ഒന്നാണ്. ഇത് കൊളാജന്‍ ഉത്പാദനം വര്‍ധിപ്പിക്കുക മാത്രമല്ല അതിന്‍റെ അസിഡിറ്റി സ്വഭാവം നിര്‍ജ്ജീവ ചര്‍മകോശങ്ങളെ പുറംതള്ളാനും സഹായിക്കുന്നു. അത് മാത്രമല്ല ചര്‍മത്തിന് അടിയില്‍ മിനുസമാര്‍ന്ന ചര്‍മം വെളിപ്പെടുത്തുന്നതിലേക്കും ഇത് സഹായിക്കുന്നു.  മുഖത്ത് പുരട്ടുന്നതിനു മുൻപ് നാരങ്ങാ നീര് വെള്ളത്തില്‍ ലയിപ്പിച്ച് ഉപയോഗിച്ചാല്‍  നീറ്റല്‍ കുറയ്ക്കാം.

ചര്‍മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ തേനും സഹായിക്കുന്നു.ഇതിലെ ആൻഡി ഓക്സിഡന്‍റ് ഗുണങ്ങള്‍ പ്രായമാകുന്നതിനു കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നു. തേന്‍ നേരിട്ട് മുഖത്തു പുരട്ടുകയോ മറ്റു ചേരുവകളുമായി കലര്‍ത്തി ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്.

 ദിവസവും രണ്ട് നേരം മുഖം ക്ലെൻസ് ചെയ്യേണ്ടതും ആവശ്യമാണ്.ഇതിനായി മൃദുവായ ക്ലെൻസർ തിരഞ്ഞെടുക്കുക. അമിതമായി സ്ക്രബ് ചെയ്യാതിരിക്കാനും ശ്രമിക്കുക. രാവിലെ എഴുന്നേൽക്കുമ്പോൾ തിളപ്പിക്കാത്ത പാൽ ഉപയോ​ഗിച്ച് ക്ലെൻസ് ചെയ്യുന്നതും നല്ലതാണ്.  പ്രായമാകും തോറും ചർമത്തിലെ ജലാംശം കുറഞ്ഞ് വരുന്നത് മാറാന്‍ നല്ല  മോയ്ചറൈസർ തിരഞ്ഞെടുക്കാനും ശ്രദ്ധിക്കണം. രാവിലെയും രാത്രിയും ഇത് ഉപയോഗിക്കണം. ഗ്ലിസറിനുള്ള മോയ്ചറൈസർ ആണ് നാല്‍പ്പതുകളില്‍ നല്ലത്. കറ്റാർവാഴയും ഒരു പ്രകൃതിദത്ത  മോയ്ചറൈസറാണ്.

ENGLISH SUMMARY:

Keep your skin looking youthful in your forties; That's all there is to do