സര്‍ജറി പാളിപ്പോയതിനാല്‍ തനിക്ക് ഇനി ഒരിക്കലും ചിരിക്കാനാവില്ലെന്ന് വെളിപ്പെടുത്തി ഗ്രാമി പുരസ്‌കാര ജേതാവും വിഖ്യാത ഗായികയുമായ മേഗന്‍ ട്രെയ്‌നര്‍. ഭര്‍ത്താവ് ഡറൈല്‍ സബാറ, സഹോദരന്‍ റയാന്‍ ട്രെയ്നര്‍ എന്നിവര്‍ക്കൊപ്പമുള്ള പോഡ്കാസ്റ്റിലായിരുന്നു ഗായികയുടെ തുറന്നു പറച്ചില്‍. ചിരിച്ചാല്‍ തന്റെ മുഖം വേദനിക്കും എന്നാണ് ഗായിക പറയുന്നത്. ബോട്ടോക്‌സ് സര്‍ജറിയാണ് മേഗന്‍ ട്രെയ്‌നര്‍ ചെയ്തത്.
മേഗന്‍ ട്രെയ്‌നറുടെ വാക്കുകളിങ്ങനെ... ഞാന്‍ സ്വയം എല്ലാം നശിപ്പിച്ചു. ഒരുപാട് ബോട്ടോക്സ് ചെയ്തു. ഇപ്പോള്‍ എനിക്ക് ചിരിക്കാനാകുന്നില്ല. ഇനിയെപ്പോഴും അങ്ങനെ തന്നെയായിരിക്കും. ഞാന്‍ എവിടെ പോയാലും എനിക്ക് ചിരിക്കാനാവില്ല. ചിരിച്ചാലോ അല്ലെങ്കില്‍ ചിരിക്കാന്‍ ശ്രമിച്ചാലോ എന്റെ മുഖം വേദനിക്കും. മേല്‍ചുണ്ടിന് വലിപ്പം തോന്നിപ്പിക്കാനായി ചെയ്ത ലിപ് ഫ്ളിപ്പാണ് ഈയൊരു പ്രശ്നത്തിനു കാരണമായത്. എന്റെ ചുണ്ടുകള്‍ വളരെ ചെറുതാണെന്നും ബോട്ടോക്‌സ് ചെയ്യുന്നതിലൂടെ മനോഹരമായ ചുണ്ട് ലഭിക്കുമെന്നും ചിലർ എന്നെ തെറ്റിധരിപ്പിച്ചു. എന്നാല്‍ അത് സത്യമായിരുന്നില്ലെന്നു ഞാൻ തിരിച്ചറിഞ്ഞു. ഞാന്‍ വളരെ സന്തോഷമുള്ള വ്യക്തിയാണ്. പക്ഷേ ചിരിക്കാന്‍ പറ്റാത്തതുകൊണ്ട് ഇനിയൊരിക്കലും ഞാൻ സന്തോഷവതിയായിരിക്കില്ല
മുഖത്തിന്റെ ഓവൽ ഷെയ്പ് നിലനിർത്താൻ താടിയുടെ മസിലുകളിൽ ബോട്ടോക്സ് ഇൻജക്‌ഷൻ കൊടുക്കുകയാണ് സാധാരണ ചെയ്യുന്നത്. ഈ രീതി എല്ലായ്പ്പോഴും വിജയിക്കണമെന്നില്ല. അത്തരമൊരു വീഴ്ചയാണ് ഇപ്പോൾ മേഗന്‍ ട്രെയ്‌നറിനും സംഭവിച്ചിരിക്കുന്നത്. ഗായികയുടെ വെളിപ്പെടുത്തൽ ചർച്ചയായതോടെ പലരും അഭിപ്രായപ്രകടനങ്ങളുമായും രംഗത്തെത്തുന്നുണ്ട്. സൗന്ദര്യം നിലനിർത്താനായി കോസ്മറ്റിക് കറക്‌ഷന് വിധേയരായി വിപരീതഫലം നേരിടേണ്ടിവന്ന നിരവധി പ്രമുഖരുണ്ട്.