Picture Credits @mammootty

‘ഈ പ്രായത്തിലും എന്തൊരു ചുള്ളനാണല്ലേ മമ്മൂട്ടി...’ ഇത് ജീവിതത്തില്‍ ഒരിക്കലെങ്കിലും പറയാത്ത മലയാളിയുണ്ടാവില്ല. എഴുപത്തിമൂന്നാം വയസ്സിലെത്തി നില്‍ക്കുമ്പോഴും മമ്മൂട്ടി തന്നെയാണ് മലയാളികളുടെ സൗന്ദര്യസങ്കല്‍പത്തിന്‍റെ അളവുകോല്‍. എന്താണ് മമ്മൂട്ടിയുടെ സൗന്ദര്യത്തിന്‍റെ രഹസ്യം എന്ന ചോദ്യവും സ്ഥിരമാണ്. ഇപ്പോഴിതാ അതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് മോഡേണ്‍ വൈദ്യര്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിന്‍റെ ഉടമയായ ഡോ. പി.ടി.ഫസല്‍ 

ഒരു കുഞ്ഞ് സയൻസ് എന്ന തലക്കെട്ടില്‍ ‘നല്ല അസൂയയുണ്ട്...പക്ഷേ പുള്ളി എടുത്ത പണി കാണുമ്പോ അസൂയക്ക് പകരം ആരാധന ആണ് തോന്നുന്നത്’ എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. വാര്‍ധക്യത്തെ മമ്മൂട്ടി എങ്ങനെയാണ് തടഞ്ഞുനിര്‍ത്തിയത് എന്നാണ് വിഡിയോയില്‍ വിശദീകരിക്കുന്നത്. 

വിഡിയോയില്‍ ഡോ. ഫസല്‍ പി.ടി പറഞ്ഞിരിക്കുന്നത്;

‘പുരുഷ സൗന്ദര്യത്തിന്‍റെ പ്രതീകമായി നമ്മള്‍ മലയാളികളുടെ മനസ്സില്‍ വിരാജിക്കുന്ന മമ്മൂട്ടിയെക്കുറിച്ചോര്‍ക്കുമ്പോള്‍ ഒരു ഡോക്ടര്‍ എന്ന നിലയില്‍ ആദ്യം മനസ്സില്‍ വരേണ്ടത് ‘സാര്‍കോപിനിയ’ (sarcopenia) ആണ്. പ്രായം മൂലമുണ്ടാകുന്ന പേശികളുടെ ബലഹീനതയാണ് (age related muscle loss). ആരോഗ്യത്തോടെയുള്ള ദീര്‍ഘായുസ്സിന്‍റെ ഏറ്റവും നിര്‍ണായക ഘടകം ലീന്‍ മസില്‍ മാസ് (lean muscle mass)  ആണ്. നെഞ്ചിലും കയ്യിലും കാലിലും തുടയിലുമൊക്കെയുള്ള ലീന്‍ മസില്‍ മാസ്. 40 വയസ്സിന് ശേഷം ഓരോ വര്‍ഷവും ലീന്‍ മസില്‍ മാസ് ഒരു ശതമാനം വീതം കുറഞ്ഞു വരുമെന്നാണ് ശാസ്ത്രം. പ്രായം കൂടുന്നതിനനുസരിച്ച് നമ്മുടെ എല്ലുകളുടെ ബലം കുറഞ്ഞ് വളഞ്ഞുവരുന്നതിനെയാണ് വാര്‍ധക്യം എന്നു പറയുന്നത്. അതാണ് സാര്‍കോപിനിയ. 

 

ഇനി, മമ്മൂട്ടിയുടെ എഴുപതുകളിലേക്ക് നോക്കൂ.  നെഞ്ചിലെ കയ്യിലെ കാലിലെ ലീന്‍ മസില്‍ മാസ് ഒന്നു നോക്കൂ. കാര്‍ബോഹൈഡ്രേറ്റ് പരമാവധി കുറച്ച്, അത്യാവശ്യം പ്രൊട്ടീന്‍ അടങ്ങിയ ആഹാരം കഴിക്കുക. മസില്‍ ലോസ് വരാതെ സൂക്ഷിക്കുന്ന സ്ട്രെങ്ത് ട്രെയിനിങ് എക്സസൈസ്, നടത്തമടക്കം ചെയ്യുക. വൈറ്റമിന്‍ ഡി, ഒമേഗ 3 അടങ്ങിയിട്ടുള്ള ആഹാരം കഴിക്കുക, രാത്രിയില്‍ നന്നായി ഉറങ്ങുക എന്നിവ ചെയ്ത് സാര്‍കോപീനിയ തടയുക എന്നതാണ് വാര്‍ധക്യം വരാതെ സൂക്ഷിക്കാന്‍ നാം ചെയ്യേണ്ടത്.  ഇനി മമ്മൂട്ടിയോട് എന്താണ് ഈ സൗന്ദര്യത്തിന്‍റെ രഹസ്യമെന്ന ക്ലീഷേ ചോദ്യം ചോദിക്കരുത്. മമ്മൂക്ക പറയില്ല അത് സാര്‍കോപീനിയ പരമാവധി തടഞ്ഞുനിര്‍ത്തിയത് കൊണ്ടാണെന്ന്.’

വിഡിയോയുടെ താഴെ രസകരമായ കമന്‍റുകളും എത്തുന്നുണ്ട്. ‘പുള്ളിയുടെ ബാപ്പ ഇതിലും കിടു ആണെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്, അതുകൊണ്ടു ഈ സാര്‍കോപിനിയ ഒന്നുമല്ല, ഹെരിഡിറ്ററി കൂടെ ഉണ്ടേ’ എന്നാണ് ഒരു കമന്‍റ്. കൂടുതല്‍ പേരും കമന്‍റ് ചെയ്തിരിക്കുന്ന മറ്റൊരു പേരാണ് നടന്‍ ജഗദീഷിന്‍റേത്. ‘ജഗദീഷ് ഏട്ടൻ ആണ് ഇന്നും ചുള്ളൻ’ എന്നാണ് കമന്‍റ്. ‘എല്ലാവരും മമ്മൂട്ടിയെപ്പറ്റി പറയുന്നു, എന്നാൽ മമ്മൂട്ടിയേക്കാൾ വെറും മൂന്നു വയസ്സ് ചെറുപ്പവും അദ്ദേഹത്തേക്കാൾ ചെറുപ്പമായി തോന്നുകയും ചെയ്യുന്ന ഒരാളുണ്ട്, ജഗദീഷ്’ എന്ന കമന്‍റിനും ലൈക്കുകളേറെയാണ്.

ENGLISH SUMMARY:

Finally actor Mammootty's beauty secret unveiled. Dr. Fazal P.T reveals how he controlled sarcopenia and looks more handsome at this age.