Image Credit: www.mgu.ac.in

Image Credit: www.mgu.ac.in

TOPICS COVERED

അവസാന സെമസ്റ്റര്‍ പരീക്ഷ പൂര്‍ത്തിയായി 10ാം ദിവസം ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വകലാശാല. ഏപ്രില്‍, മേയ് മാസങ്ങളില്‍ നടന്ന ആറാം സെമസ്റ്റര്‍ റെഗുലര്‍ ബി.എ, ബി.എസ്‌.സി, ബി.കോം, ബി.എഫ്.എം തുടങ്ങിയ പരീക്ഷകളുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. പരീക്ഷാഫലം സര്‍വ്വകലാശാലയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷയെഴുതിയ 33,383 വിദ്യാര്‍ഥികളില്‍ 25,613 പേര്‍ വിജയിച്ചു. 76.72 ആണ് വിജയശതമാനം. അതിവേഗത്തില്‍ പരീക്ഷാഫലം പ്രഖ്യാപിച്ചതില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു സര്‍വകലാശാലയെ അഭിനന്ദിച്ചു. മൂല്യനിര്‍ണയത്തില്‍ പങ്കെടുത്ത അധ്യാപകരെയും ഏകോപന ചുമതല നിര്‍വഹിച്ച സിന്‍ഡിക്കേറ്റ് അംഗങ്ങളെയും പരീക്ഷാ വിഭാഗത്തിലെ ജീവനക്കാരെയും വൈസ് ചാൻസലർ ഡോ. സി.ടി.അരവിന്ദകുമാറും അഭിനന്ദിച്ചു.

9 കേന്ദ്രങ്ങളിലായി നടന്ന മൂല്യനിർണയ ക്യാംപുകളിൽ 2 ലക്ഷത്തോളം ഉത്തരക്കടലാസ്സുകളുടെ പരിശോധന മേയ് 14ന് അവസാനിച്ചിരുന്നു. ടാബുലേഷനും അനുബന്ധ ജോലികളും സമയബന്ധിതമായി പൂര്‍ത്തീകരിച്ചാണ് ഫലം പ്രസിദ്ധീകരിച്ചത്. പരീക്ഷയുമായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ ഇതിനായി അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞവര്‍ഷം പരീക്ഷ കഴിഞ്ഞ 14 ദിവസത്തിന് ശേഷമാണ് സര്‍വകലാശാല ഫലം പ്രഖ്യാപിച്ചിരുന്നത്.

ENGLISH SUMMARY:

MG University published final semester examination results within 10 days.