supremecourt-bihar

യോഗ്യതാപരീക്ഷയില്‍ നിന്നും ഒഴിവാക്കണമെന്ന അധ്യാപകരുടെ ആവശ്യത്തെ ചോദ്യം ചെയ്തും വിമര്‍ശിച്ചും സുപ്രീംകോടതി. ബിഹാര്‍ സംസ്ഥാന സര്‍ക്കാര്‍ അധ്യാപകര്‍ക്കായി നടപ്പിലാക്കുന്ന പരീക്ഷയില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യവുമായാണ് ഒരു കൂട്ടം അധ്യാപകര്‍ കോടതിയെ സമീപിച്ചത്.  

നിയമത്തില്‍ നിന്നും രക്ഷപ്പെട്ട് ജോലിയില്‍ തുടരണമെന്നാണോ അധ്യാപകര്‍ ആവശ്യപ്പെടുന്നതെന്ന് ചോദിച്ച കോടതി എന്തുകൊണ്ടാണ് ഇത്തരത്തില്‍ ചിന്തിക്കുന്നതെന്നും ചോദിച്ചു. ഇതാണോ രാജ്യത്തെ വിദ്യാഭ്യാസത്തിന്റെ അവസ്ഥ? ജോലി ചെയ്യുന്ന ഒരു പോസ്റ്റ് ഗ്രാജു‌വേറ്റ് വിദ്യാഭ്യാസമുള്ള വ്യക്തിക്ക് ഒരു അവധിയപേക്ഷ എഴുതാന്‍ പോലും പറ്റില്ലേ? ബിഹാര്‍ പോലുള്ള ഒരു സംസ്ഥാനം തങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍, അതിനായി യോഗ്യതാ പരീക്ഷകള്‍ നടത്തുമ്പോള്‍ അതിനു പോലും തയ്യാറാവാത്തത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്നും കോടതി പറയുന്നു. 

ഒരു രാജ്യത്തിന്റെ വളര്‍ച്ചക്കും പുരോഗതിക്കും പ്രധാന പങ്കുവഹിക്കുന്നവരാണ് അധ്യാപകര്‍, നിങ്ങള്‍ക്ക് യോഗ്യതാ പരീക്ഷകള്‍ എഴുതാന്‍ പറ്റില്ലെന്നുണ്ടെങ്കില്‍ രാജിവച്ച് വീട്ടില്‍ പോയിരിക്കുന്നതാണ് നല്ലതെന്നും കോടതി വ്യക്തമാക്കി. 2023ലാണ് ബിഹാറില്‍ ഭരണഘടന 309 ആര്‍ട്ടിക്കിള്‍ പ്രകാരം പഞ്ചായത്തിലേയും തദ്ദേശ ഭരണ മേഖലയിലേയും അധ്യാപകര്‍ക്കായി പുതിയ മാനദണ്ഡങ്ങളും യോഗ്യതാ പരീക്ഷകളും നടപ്പിലാക്കാന്‍ തീരുമാനമെടുത്തത്. ബിഹാര്‍ സ്കൂള്‍ പരീക്ഷാബോര്‍ഡ് ആണ് യോഗ്യതാ പരീക്ഷ നടപ്പിലാക്കുന്നത്. നാല് ലക്ഷത്തോളം അധ്യാപകരാണ് യോഗ്യതാ പരീക്ഷ എഴുതാനുള്ളത്. യോഗ്യതാ പരീക്ഷ പാസാകാത്ത ഒരു അധ്യാപകനും സ്കൂളില്‍ കുട്ടികളെ പഠിപ്പിക്കേണ്ടതില്ലെന്ന് നേരത്തേ ബിഹാര്‍ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി വിധി മറികടന്നാണ് അധ്യാപകര്‍ സുപ്രീംകോടതിയെ സമീപിച്ചത്. 

Supremecourt criticising teachers from Bihar:

Supremecourt criticising the school teachers from Bihar who are seeking exemption from competency test conducted by the Bihar school exam board