സ്വകാര്യ നഴ്സിങ് കോളജുകളിലെ പ്രവേശന പ്രതിസന്ധി പരിഹരിക്കാന്‍ ആരോഗ്യമന്ത്രി വിളിച്ച ചര്‍ച്ച ഇന്ന് . വിദ്യാര്‍ഥി പ്രവേശനത്തിന് ഏഴു വര്‍ഷത്തെ മുന്‍കാല പ്രാബല്യത്തോടെ ജിഎസ്ടി അടയ്ക്കണമെന്ന നിര്‍ദേശം അംഗീകരിക്കാനാകില്ലെന്നാണ് മാനേജ്മെന്റ് അസോസിയേഷനുകളുടെ നിലപാട്. എന്നാല്‍ ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനത്തില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ലെന്നാണ് ധനവകുപ്പ് വ്യക്തമാക്കിയത്.
ജിഎസ് ടി തര്‍ക്കത്തില്‍പെട്ട് സംസ്ഥാനത്തെ സ്വകാര്യ നഴ്സിങ് കോളജുകളിലെ പ്രവേശനം അവതാളത്തിലായതോടെയാണ് ആരോഗ്യമന്ത്രി ചര്‍ച്ച വിളിച്ചത്. വിദ്യാര്‍ഥി പ്രവേശനത്തിന് 2017 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ 18 ശതമാനം ജി എസ് ടി നല്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ജി എസ് ടി ഈടാക്കാമെന്ന് ജി എസ്ടി കൗണ്‍സില്‍ ഉത്തരവുണ്ടെന്നും ധനവകുപ്പ് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇനി മുതല്‍ നികുതി നല്കാമെന്നും കുടിശിക നല്കാന്‍ കഴിയില്ലെന്നുമാണ് അസോസിയേഷനുകളുടെ വാദം. ഏകജാലക പ്രവേശനം ഉപേക്ഷിക്കുമെന്നും സര്‍ക്കാരിനു വിട്ടുകൊടുത്ത 50 ശതമാനം സീറ്റുകള്‍ തിരിച്ചെടുക്കാന്‍ മടിക്കില്ലെന്നുമാണ് മുന്നറിയിപ്പ്. മെഡിക്കൽ, നഴ്സിങ് കോളജുകളിൽ നിന്നു സർവകലാശാല ഈടാക്കിയിരുന്ന ഫീസുകൾക്ക് ജിഎസ്ടി ഇനത്തിൽ 2017 മുതലുള്ള 28 കോടി രൂപ നൽകണമെന്നും ധന വകുപ്പ് നോട്ടിസ് നൽകി.
സർവകലാശാല നൽകാനുള്ള ജിഎസ്ടിയിൽ കോളജുകളുടെ വിഹിതം നൽകാമെന്ന് സത്യവാങ്മൂലം നൽകാത്തവർക്ക് അഫിലിയേഷൻ ഇല്ലെന്നാണു ആരോഗ്യ സർവകലാശാലയുടെ നിബന്ധന. വലിയ ബാധ്യത വരുമെന്നും സത്യവാങ്മൂലം നല്കില്ലെന്നുമാണ് മാനേജ്മെന്റ് തീരുമാനം. അഫിലിയേഷന്‍ നല്കുന്നതിന് മുമ്പ് നഴ്സിങ് കൗണ്‍സില്‍ അംഗങ്ങള്‍ ചേര്‍ന്ന സമിതി കോളജുകള്‍ പരിശോധിക്കുമെന്ന തീരുമാനത്തോടും അസോസിയേഷനുകള്‍ക്ക് വിയോജിപ്പുണ്ട്. ഇന്നത്തെ യോഗത്തില്‍ വിട്ടു വീഴ്ചകള്‍ ഉണ്ടായില്ലെങ്കില്‍ 119 കോളജുകളിലെ പ്രവേശന പ്രതിസന്ധി നീളും.