നീറ്റ് പരീക്ഷയുടെ വിശ്വാസ്യത ഇനി വീണ്ടെടുക്കുക പ്രയാസമെന്ന് മന്ത്രി ആർ. ബിന്ദു മനോരമ ന്യൂസിനോട്. മെഡിക്കൽ പ്രവേശന പരീക്ഷ നടത്തിപ്പ് സംസ്ഥാനങ്ങൾക്ക് തിരിച്ചു നൽകണം. നീറ്റ് പരീക്ഷ നടത്തിപ്പിലെ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആരുമില്ലാത്ത അവസ്ഥ. കൗൺസിലിങ് വൈകുന്നതിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഏറെ ആശങ്കയുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം കൗണ്‍സലിങ് മാറ്റിവച്ചതില്‍ ആശങ്ക വേണ്ടെന്നാണ് ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. നീറ്റ് കൗൺസലിങ് ഇന്ന് തുടങ്ങുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നാണ് വിശദീകരണം. പ്രവേശനം അനിശ്ചിതാവസ്ഥയിൽ എന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു. 

ഇന്ന് തുടങ്ങാനിരുന്ന നീറ്റ് യു.ജി. പ്രവേശന കൗണ്‍സലിങാണ് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി മാറ്റിവച്ചത്. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കൗണ്‍സിലിങ് നടത്തില്ലെന്നാണ് എന്‍.ടി.എ വ്യക്തമാക്കിയിരിക്കുന്നത്. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് എന്‍.ടി.എയുടെ ഈ നടപടി.

എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുഷ് തുടങ്ങിയ വിഭാഗങ്ങളിലേക്കുള്ള പ്രവേശനത്തിനായുള്ള കൗണ്‍സിലിങാണ് നിലവില്‍ തടസപ്പെട്ടത്. മേയ് അഞ്ചിന് രാജ്യത്തെ 4750 സെന്‍ററുകളിലായി നടന്ന പരീക്ഷ 24 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ എഴുതിയെന്നാണ് കണക്ക്.

ജൂണ്‍ 14ന് ഫലം പ്രഖ്യാപിക്കാനിരുന്നുവെങ്കിലും മൂല്യനിര്‍ണയം നേരത്തെ പൂര്‍ത്തിയായതോടെ ജൂണ്‍ നാലിന് പ്രഖ്യാപിക്കുകയായിരുന്നു. 67 വിദ്യാര്‍ഥികള്‍ 720 മാര്‍ക്കും നേടുകയും ഇവരില്‍ ആറുപേരും ഹരിയാനയിലെ ഒരു സെന്‍ററില്‍ പരീക്ഷയെഴുതിയവരും ആയതോടെയാണ് പരീക്ഷയില്‍ ക്രമക്കേട് നടന്നതായി ആരോപണം ഉയര്‍ന്നത്.

ENGLISH SUMMARY:

Students and parents are very worried about the delay in NEET UG counselling. It will be difficult to restore the credibility of NEET exam, says minister R Bindu.