ഇന്ന് തുടങ്ങാനിരുന്ന നീറ്റ് യു.ജി. പ്രവേശന കൗണ്‍സലിങ് മാറ്റിവച്ചതില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രാലയം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കൗണ്‍സലിങ് ഉണ്ടാകില്ലെന്ന് നാഷനല്‍ ടെസ്റ്റിങ് അതോറിറ്റി അറിയിച്ചിരുന്നു. എന്നാല്‍ നീറ്റ് കൗൺസലിങ് ഇന്ന് തുടങ്ങുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നാണ് വിശദീകരണം.
പ്രവേശനം അനിശ്ചിതാവസ്ഥയിൽ എന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് നീറ്റ് യു.ജി. പ്രവേശന കൗണ്‍സലിങ് മാറ്റിവയ്ക്കുന്നത്.
എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുഷ് തുടങ്ങിയ വിഭാഗങ്ങളിലേക്കുള്ള പ്രവേശനത്തിനായുള്ള കൗണ്‍സിലിങാണ് നിലവില്‍ തടസപ്പെട്ടത്. മേയ് അഞ്ചിന് രാജ്യത്തെ 4750 സെന്‍ററുകളിലായി നടന്ന പരീക്ഷ 24 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ എഴുതിയെന്നാണ് കണക്ക്.
ജൂണ്‍ 14ന് ഫലം പ്രഖ്യാപിക്കാനിരുന്നുവെങ്കിലും മൂല്യനിര്‍ണയം നേരത്തെ പൂര്‍ത്തിയായതോടെ ജൂണ്‍ നാലിന് പ്രഖ്യാപിക്കുകയായിരുന്നു. 67 വിദ്യാര്‍ഥികള്‍ 720 മാര്‍ക്കും നേടുകയും ഇവരില്‍ ആറുപേരും ഹരിയാനയിലെ ഒരു സെന്‍ററില്‍ പരീക്ഷയെഴുതിയവരും ആയതോടെയാണ് പരീക്ഷയില്‍ ക്രമക്കേട് നടന്നതായി ആരോപണം ഉയര്‍ന്നത്.