റിയല്‍ എസ്സ്റ്റേറ്റ് മേഖലയെക്കാള്‍ വിലപേശല്‍ സാധ്യതയുള്ള കച്ചവടമേതെന്ന് ചോദിച്ചാല്‍, അത് വിദ്യാഭ്യാസമാണെന്ന് കണ്ണുംപൂട്ടി ഉത്തരം നല്‍കുകയാണ് ഒരു രക്ഷിതാവ്. എല്‍.കെ.ജിയില്‍ പഠിക്കുന്ന കുഞ്ഞിന് 3.7 ലക്ഷം രൂപ ഫീസടയ്ക്കേണ്ടി വന്നാല്‍ പിന്നെന്ത് പറയാന്‍. സമൂഹമാധ്യമത്തില്‍ വിഷയത്തെക്കുറിച്ച് വിശദമായ ഒരു കുറിപ്പും എത്തിയതോടെ ഈ പറയുന്നത് ശരിയാണല്ലോ എന്നതായി എല്ലാവരുടെയും ചിന്ത.
അവിരല്‍ ഭട്ട്നഗര്‍ എന്ന എക്സ് ഉപഭോക്താവാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഹൈദരാബാദില്‍ കഴിഞ്ഞ വര്‍ഷം 2.3 ലക്ഷമായിരുന്ന സ്കൂള്‍ ഫീസ് ഇത്തവണ 3.7 ലക്ഷമായി ഉയര്‍ന്നു എന്നാണ് കുറിപ്പിലുള്ളത്. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണെന്ന് എല്ലാവരും പരാതിപ്പെടുന്നത് കാണാം. എന്നാല്‍ വിലക്കയറ്റം ഏറ്റവും പ്രത്യക്ഷമായി കാണാനാകുന്നത് വിദ്യാഭ്യാസ മേഖലയിലാണ്. മുപ്പത് വര്‍ഷത്തിനകം സ്കൂള്‍ ഫീസ് 9 ലക്ഷമായും കോളജ് ഫീസ് 20 ലക്ഷമായും ഉയരുമെന്നതില്‍ സംശയമില്ല. ഈ ചെലവ് താങ്ങാവുന്നതിലും അപ്പുറമാണ് എന്ന് ഭട്ട്നഗര്‍ കുറിച്ചിരിക്കുന്നു.
തികച്ചും യാഥാര്‍ഥ്യമാണ് ഇതെന്ന അഭിപ്രായം പങ്കുവച്ച് ഒട്ടനവധി പേരാണ് പോസ്റ്റ് പങ്കുവച്ചും കമന്‍റ് ചെയ്തും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നത്. വിലക്കയറ്റത്തെ ഭയന്ന് വീട്ടുചെലവ് എത്രത്തോളം ചുരുക്കാമോ, അത്രയം ചുരുക്കിയാണ് മെട്രോ നഗരങ്ങളില്‍ ആളുകള്‍ ജീവിച്ചുപോകുന്നത്.
‘ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം. ഇവ മൂന്നിനുമാണ് 70 ശതമാനത്തോളം തുക ഒരു സാധാരണ മിഡില്‍ ക്ലാസ് കുടുംബത്തിന് ചെലവാക്കേണ്ടി വരുന്നത്. വര്‍ഷംതോറും ഇതില്‍ 10 മുതല്‍ 20 ശതമാനത്തിന്‍റെ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. എന്നാല്‍ സര്‍ക്കാര്‍ കണക്കുകളില്‍ ഇത് വെറും മൂന്നു മുതല്‍ നാല് ശതമാനം വരെ മാത്രമാണ്. സാമ്പത്തികമായുള്ള മുന്നോട്ടുപോക്കില്‍ അതീവ ജാഗ്രത വേണ്ടിയിരിക്കുന്നു’ എന്നാണ് പോസ്റ്റിന് ഒരാളുടെ മറുപടി.
‘പത്താം ക്സാസ് പരീക്ഷ എഴുതാന്‍ മാത്രം 4500 രൂപ വീതം ഓരോ കുട്ടിയുടെയും കയ്യില്‍ നിന്ന് ഒരു പ്രമുഖ സ്കൂള്‍ വാങ്ങുന്നുണ്ട്. ഇത് ഐ.സി.എസ്.സി കൗണ്‍സിലിലേക്കാണ് പോകുന്നതെന്ന് പറയുന്നു. എന്നാല്‍ എന്താണ് യാഥാര്‍ഥ്യം എന്നറിയില്ല’ എന്ന് ഒരാള്‍ കമന്‍റ് ചെയ്തിരുക്കുന്നു.
‘ഓരോ വര്‍ഷവും 10 മുതല്‍ 20 ശതമാനം ഫീസ് സ്കൂളുകള്‍ ഉയര്‍ത്തുന്നുണ്ട്. ഏഴു വര്‍ഷം കൂടുമ്പോള്‍ ഫീസ് ഇരട്ടിയായി ഉയര്‍ത്തും. സ്കൂള്‍ ഫീസ്, സ്കൂള്‍ ബസിന്‍റെ ഫീസ്, ഭക്ഷണം തുടങ്ങി എല്‍.കെ.ജിയില്‍ പഠിക്കുന്ന കുഞ്ഞിന് 3.7 ലക്ഷമാണ് ചെലവ്’ എന്ന് പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യം സത്യമാണെന്ന് വ്യക്തമാക്കി മറ്റൊരാളും കമന്‍റ് ചെയ്തിട്ടുണ്ട്.