iit-placements

image: iitb.ac.in/

വമ്പന്‍ പ്ലേസ്മെന്‍റ് അവകാശവാദങ്ങള്‍ക്കിടെ ഐഐടിയില്‍ പഠിച്ചിട്ടും തൊഴില്‍രഹിതരായി നില്‍ക്കുന്നവരുടെ എണ്ണം കേട്ട് ഞെട്ടരുത്. ഈ വര്‍ഷത്തെ പ്ലേസ്മെന്‍റ് സീസണ്‍ അവസാനിച്ചപ്പോള്‍ എണ്ണായിരത്തിലേറെ ഐഐടിക്കാര്‍ ജോലി കിട്ടാത്തവരായി പുറത്തുണ്ടെന്നാണ് റിപ്പോര്‍ട്ട്. കാണ്‍പുര്‍ ഐഐടിയിലെ പൂര്‍വ വിദ്യാര്‍ഥി കൂടിയായ ധീരജ് സിങാണ് വിവരാവകാശം വഴി ലഭിച്ച ഈ വിവരം പൊതുസമൂഹവുമായി പങ്കുവച്ചത്.

രാജ്യത്തെ എല്ലാ ഐഐടികളില്‍ നിന്നുമായി 2024 ല്‍ ക്യാംപസ് പ്ലേസ്മെന്‍റിനായി 21,500 പേരാണ് ജോലിക്ക് അപേക്ഷിച്ചിരുന്നത്. എന്നാല്‍ ഇവരില്‍ 13,410 പേര്‍ക്ക് മാത്രമാണ്  ജോലി ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് തൊഴില്‍രഹിതരുടെ എണ്ണം ഇരട്ടിയായെന്ന്  ധീരജ് സിങ് ലഭിച്ചുള്ളൂവെന്ന് കണക്കുകള്‍ നിരത്തി പറയുന്നു.

2022 ല്‍ അപേക്ഷിച്ച 17,900 ഉദ്യോഗാര്‍ഥികളില്‍  3000 പേര്‍ക്ക് ജോലിയൊന്നും കിട്ടിയില്ല. ജോലി കിട്ടാത്ത ഐഐടിക്കാര്‍ നിരാശരാകേണ്ടതില്ലെന്നും ഉപരിപഠനം നടത്തുകയോ സ്റ്റാര്‍ട്ടപുകളിലേക്ക് തിരിയുകയോ ആകാമെന്നാണ് വിദഗ്ധരുടെ ഉപദേശം.

അതേസമയം, കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും 75 ശതമാനം കുട്ടികള്‍ക്ക് പ്ലേസ്മെന്‍റ് ഉറപ്പാക്കാനായെന്നാണ് ബോംബെ ഐഐടി  അവകാശപ്പെടുന്നത്. 2414 വിദ്യാര്‍ഥികളാണ് പ്ലേസ്മെന്‍റിന് റജിസ്റ്റര്‍ ചെയ്തത് ഇതില്‍ 1475 പേര്‍ക്കും ജോലി ലഭിച്ചെന്നും സ്ഥാപനത്തിന്‍റെ ചരിത്രത്തിലെ രണ്ടാമത്തെ മികച്ച പ്ലേസ്മെന്‍റ് കണക്കാണിതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. നാലില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്കും അവര്‍ ആഗ്രഹിച്ചത് പോലുള്ള ജോലിയില്‍ കയറാന്‍ കഴിഞ്ഞു.  ശമ്പളത്തിലും നല്ല വര്‍ധനയുണ്ട്. കോവിഡിന് ശേഷം തൊഴില്‍ മേഖല കരുത്താര്‍ജിക്കുകയാണ്. റിക്രൂട്ട്മെന്‍റില്‍ പങ്കെടുത്ത കമ്പനികളുടെ എണ്ണത്തിലും സാരമായ വര്‍ധനയുണ്ടായിട്ടുണ്ട്. കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളാണ് ഇത്തവണ പ്ലേസ്മെന്‍റില്‍ പിന്നിലായിപ്പോയതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ENGLISH SUMMARY:

a significant number of students at IIT's remain unemployed following the 2024 campus placement season.