പുണെയില്‍ ഹിഞ്ചേവാദി-മാൻ റോഡില്‍ ബൈക്കിനു മുകളില്‍ സിമന്‍റ് മിക്‌സർ ട്രക്ക് മറിഞ്ഞ് വിദ്യാര്‍ഥിനികള്‍ക്ക് ദാരുണാന്ത്യം. വദ്‌ജയ്‌നഗർ കോർണറിൽ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു അപകടമുണ്ടായത്. സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന പ്രഞ്ജലി യാദവ് (21), ആഷ്‌ലേഷ ഗവാൻഡെ (21) എന്നിവരാണ് മരിച്ചത്. ഹിഞ്ജേവാഡിയിലേക്ക് പോകുകയായിരുന്നു ഇരുവരും.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. വൈകീട്ട് 5 മണിയോടെയാണ് വിദ്യാര്‍ഥിനികള്‍ ഹിഞ്ജേവാഡി-മാൻ റോഡിലെ സാഖർ പാട്ടിൽ ചൌക്കിന് സമീപമെത്തിയത്. ഹിഞ്ജേവാഡിയിലേക്ക് പോകാനായി വലത്തേക്ക് തിരിയവേ സിമന്‍റ് മിക്‌സർ ട്രക്ക് അതിവേഗത്തിൽ എതിര്‍ഭാഗത്തു നിന്ന് വരികയായിരുന്നു. ട്രക്ക് വരുന്നത് കണ്ട് വിദ്യാര്‍ഥിനി സ്കൂട്ടര്‍ വെട്ടിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വേഗതയില്‍ ഇടത്തേക്ക് തിരിഞ്ഞ ട്രക്ക് സ്കൂട്ടര്‍ യാത്രികരുടെ ദേഹത്തേക്ക് വീഴുകയായികുന്നു. സിമന്റ് നിറഞ്ഞ മിക്സിംഗ് യൂണിറ്റിന് അടിയിൽ വിദ്യാർഥിനികൾ കുടുങ്ങുകയായിരുന്നു.
അതേസമയം, അപകടത്തില്‍ നിന്ന് മറ്റൊരു സ്കൂട്ടര്‍ യാത്രികന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ട്രക്ക് വീഴുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇയാൾ സ്കൂട്ടർ താഴെയിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു. വീണ ട്രക്ക് തെന്നിമാറി സ്കൂട്ടറിന് സമീപത്തോളമെത്തി. സംഭവത്തില്‍ ട്രക്ക് ഡ്രൈവറായ 22കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ദാരുണമായ അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മൂന്ന് ക്രെയിനുകളുടെ സഹായത്തോടെയാണ് ട്രക്ക് മാറ്റി അടിയില്‍ നിന്ന് രണ്ട് വിദ്യാര്‍ഥിനികളുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഇരുവരും പുണെയിലെ സ്വകാര്യ കോളജിലെ ബിസിഎ വിദ്യാർത്ഥികളാണ്.