ആരംഭിച്ച് ഒരു ദിവസത്തിനകം പ്രധാനമന്ത്രിയുടെ ഇന്‍റേണ്‍ഷിപ്പ് സ്കീമില്‍ (പിഎം ഇന്‍റേണ്‍ഷിപ്പ്) രജിസ്റ്റര്‍ ചെയത്ത് 1,55,109 ഉദ്യോഗാര്‍ഥികള്‍. ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച പദ്ധതിക്കാണ് മികച്ച പ്രതികരണം ലഭിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുന്നത്. തൊഴില്‍ അന്വേഷിക്കുന്ന യുവതീയുവാക്കളെ കമ്പനികളുമായി ബന്ധിപ്പിക്കുന്നതുവഴി തൊഴിലില്ലായ്മയെ കുറയ്ക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ജൂബിലന്‍റ് ഫുഡ് വര്‍ക്‌സ്, മാരുതി സുസുകി ഇന്ത്യ, എല്‍ ആന്‍ഡ് ടി, മുത്തൂറ്റ് ഫിനാന്‍സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ തുടങ്ങി 193 കമ്പനികള്‍ ഇതുവരെ ഇന്‍റേണ്‍ഷിപ്പ് അവസരങ്ങളുമായി പദ്ധതിയില്‍ ചേര്‍ന്നിട്ടുണ്ട്. എണ്ണ– വാതക– ഊര്‍ജ മേഖല, ട്രാവല്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി, ഓട്ടോമോട്ടീവ്സ്, ബാങ്കിങ് എന്നിങ്ങനെ വിവിധ മേഖലകളിലാണ് ഇന്‍റേണ്‍ഷിപ്പുകള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. കൂടാതെ ഓപ്പറേഷൻസ് മാനേജ്‌മെന്‍റ്, പ്രൊഡക്ഷൻ, മെയിൻ്റനൻസ്, സെയിൽസ് എന്നിവയുൾപ്പെടെ 24 സെക്ടറുകളിലും 20 ലധികം മേഖലകളിലും ഇൻ്റേൺഷിപ്പുകൾ ലഭ്യമാണ്. കേന്ദ്ര ഭരണ പ്രദേശങ്ങളടക്കം രാജ്യത്തുടനീളം 737 ജില്ലകളിലാണ് ഇന്‍റേണ്‍ഷിപ്പിന് അവസരം ഒരുങ്ങുന്നത്.
എക്കാലത്തും കേന്ദ്രത്തിനെതിരെയുള്ള പ്രതിപക്ഷത്തിന്‍റെ ആയുധമായിരുന്നു രാജ്യത്തിന്‍റെ തൊഴിലില്ലായ്മ. പുതിയ പദ്ധതിയിലൂടെ യുവാക്കൾക്ക് തൊഴിൽ പരിചയം നേടാനുള്ള വഴികൾ സൃഷ്ടിച്ചുകൊണ്ട് തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമം. പ്രതിഭകളെ തിരയുന്ന കമ്പനികൾക്കും അവസരങ്ങൾ തേടുന്ന യുവാക്കൾക്കും ഇടയിൽ ഒരു പാലമായിരിക്കും പദ്ധതിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. രാജ്യത്തെ തൊഴിലില്ലായ്മ കുറയ്ക്കുന്നതിനും ദീർഘകാല അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് സര്‍ക്കാറിന്‍റെ ശ്രമം.