വിദേശപഠനം ലക്ഷ്യമിടുന്ന വിദ്യാര്‍ഥികളില്‍ മിക്കവരുടേയും സ്വപ്നമാണ് സ്കോളര്‍ഷിപ്. അങ്ങനെയെങ്കില്‍ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സര്‍വകലാശാലയില്‍ സ്കോളര്‍ഷിപ്പോടെ പഠിക്കാന്‍ അവസരം ലഭിച്ചാലോ? യുകെയിൽ ആറാം സ്ഥാനത്തും ആഗോളതലത്തിൽ മുപ്പത്തെട്ടാം റാങ്കിലുമാണ് മാഞ്ചസ്റ്റർ സർവകലാശാല. 44,000 വിദ്യാർഥികളും 12,000 ജീവനക്കാരുമുള്ള സര്‍വകലാശാല സംഭാവന ചെയ്തത് 25 നൊബേല്‍ സമ്മാനജേതാക്കളെയാണ്. അതേ മാഞ്ചസ്റ്റര്‍ സര്‍വകലാശാല ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി 26 ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചിരിക്കുന്നു. ബിരുദ (യുജി), ബിരുദാനന്തര (പിജി) പ്രോഗ്രാമുകൾക്കാണ് സ്കോളർഷിപ് നല്‍കുന്നത്.
യോഗ്യതരായ വിദ്യാർത്ഥികൾക്ക് ഗ്ലോബൽ ഫ്യൂച്ചേഴ്‌സ് സ്കോളർഷിപ്പുകൾ എന്നറിയപ്പെടുന്ന 100 മെറിറ്റ് അധിഷ്ഠിത ബിരുദ സ്കോളർഷിപ്പുകളാണ് സർവകലാശാല നൽകുന്നത്. ബിരുദം (യുജി) നേടാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 24,000 പൗണ്ടിന്‍റെ (26 ലക്ഷം രൂപ) സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ഏപ്രിൽ 10 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക ഏപ്രിൽ 30 ന് പ്രഖ്യാപിക്കും.
മാഞ്ചസ്റ്റർ സര്‍വകലാശാലയില്‍ നിന്ന് പ്രവേശന ഓഫർ ലഭിച്ച ഇന്ത്യൻ പൗരന്മാരാര്‍ക്കാണ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്. സർവകലാശാലയുടെ ഗൈഡ്‍ലൈന്‍ പ്രകാരമുള്ള ട്യൂഷൻ ഫീസ് ആദ്യം അടച്ചിരിക്കണം. സ്കൂൾ ഓഫ് സോഷ്യൽ സയൻസസ്, സ്കൂൾ ഓഫ് എന്‍വയണ്‍മെന്‍റ്, എജുക്കേഷന്‍ ആന്‍ഡ് ഡവലപ്മെന്‍റ്, സ്കൂൾ ഓഫ് ആർട്സ്, ലാംഗ്വേജസ് ആന്‍ഡ് കൾച്ചേഴ്സ്, അലയൻസ് മാഞ്ചസ്റ്റർ ബിസിനസ് സ്കൂൾ എന്നിവിടങ്ങളിലെ കോഴ്സുകള്‍ക്കും സ്കോളര്‍ഷിപ് ലഭിക്കും.
മാഞ്ചസ്റ്ററില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി പോസ്റ്റ് ഗ്രാജ്വേറ്റ് ഗ്ലോബൽ ഫ്യൂച്ചേഴ്‌സ് സ്കോളര്‍ഷിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. 8,000 പൗണ്ട് (8.75 ലക്ഷം രൂപ) ആണ് സ്കോളര്‍ഷിപ്പ്. 230 പിജി സ്കോളർഷിപ്പുകളാണുള്ളത്. തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് ട്യൂഷൻ ഫീസില്‍ കിഴിവായിട്ടായിരിക്കും സ്കോളര്‍ഷിപ് നല്‍കുക.
സ്കോളര്‍ഷിപ്പോടെ പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ആദ്യം മാഞ്ചസ്റ്റര്‍ സര്‍വകലാശാലയില്‍ പ്രവേശനത്തിന് അപേക്ഷിക്കണം. ഓഫര്‍ ലെറ്റര്‍ ലഭിച്ചാല്‍ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അക്കാദമിക് മികവിന്‍റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. വിശദ വിവരങ്ങള്‍ക്ക് മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റ് സന്ദർശിക്കാം.