Image Credit: siyonaa.art.jewellery

അനന്ദ് അംബാനി രാധിക മെർച്ചന്റ് പ്രീ വെഡ്ഡിങ് ആഘോഷത്തില്‍ നിത അംബാനി ധരിച്ച വസ്ത്രങ്ങളും ആഭരണങ്ങളും ഫാഷന്‍ ലോകത്ത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ​ഗുജറാത്തിലെ ജാംനഗറില്‍ നടന്ന മൂന്ന് ദിവസത്തെ ആഘോഷ പരിപാടികളിൽ വ്യത്യസ്ത ലുക്കിലാണ് നിത അംബാനി പ്രത്യക്ഷപ്പെട്ടത്. ചടങ്ങിൽ മനം കവരുന്ന വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചെത്തിയ നിത അംബാനിയുടെ ചിത്രങ്ങൾ ആ സമയത്ത് ട്രെൻഡിങ് ലിസ്റ്റിലും ഇടം പിടിച്ചിരുന്നു. 

എന്നാൽ ആഘോഷത്തിന്റെ അവസാന ദിവസം ഗോള്‍ഡന്‍ നിറത്തിലുള്ള കാഞ്ചിപുരം സാരിക്കൊപ്പം നിത അംബാനി അണിഞ്ഞ മരതക മാല ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ അടുത്തകാലത്തൊന്നും ഒരു ആഭരണം ഇത്രമേൽ ചർച്ചാവിഷയമായിട്ടില്ല. പച്ച നിറത്തിലുള്ള വലിയ മരതക കല്ലുകൾ തന്നെയായിരുന്നു ആ മാലയുടെ പ്രധാന ആകർഷണം. നിത അംബാനിയുടെ ചിത്രങ്ങഴ്‍ വൈറലായതോടെ സോഷ്യൽ ലോകം ഒന്നടങ്കം തിരഞ്ഞത് ഈ മാലയുടെ വിലയെന്താണെന്നും അതെവിടെ നിന്നുമാണ് ലഭിക്കുന്ന എന്നുമായിരുന്നു. മരതകക്കല്ലുകള്‍ പതിപ്പിച്ച ഈ മാലയ്ക്ക് 400 മുതല്‍ 500 കോടി രൂപ വരെ വില വരുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ അന്ന് റിപ്പോര്‍ട്ട് ചെയ്തത്. 

എന്നാലിപ്പോഴിതാ നിത അംബാനിയുടെ കോടികൾ വിലയുളള മരതക മാലയുടെ ഡ്യൂപ്ലിക്കേറ്റ് ഇറങ്ങിയിരിക്കുകയാണ്. നിത ധരിച്ച ആ മരതക മാലയുടെ അതേ ആകൃതിയിലും ഡിസൈനിലും നിറത്തിലുമാണ് ഡ്യൂപ്ലിക്കേറ്റ് ഒരുക്കിയിരിക്കുന്നത്. വെറും 178 രൂപയാണ് ഈ മാലയുടെ വില. പ്രമുഖ വ്യവസായി ഹര്‍ഷ് ഗോയങ്ക ഈ മാലയുടെ വീഡിയോ എക്‌സില്‍ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. ജയ്പുരിലെ ഒരു കടയില്‍ നിന്നാണ് ഈ മാലയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഇപ്പോൾ സാധാരണക്കാർക്കിടയിൽ ട്രെൻഡിങ് ആകുന്നതും ഈ ബഡ്ജറ്റ് ഫ്രെണ്ട്ലി മാല തന്നെ.

നിത അംബാനി ധരിച്ച മാലയുമായി താരതമ്യം ചെയ്യുമ്പോൾ വലുപ്പം അൽപ്പം കുറവാണെങ്കിലും അതേ പാറ്റേണിൽ തന്നെയാണ് മാല നിർമിച്ചിരിക്കുന്നത്. പച്ച നിറത്തിന് പുറമെ വിവിധ നിറങ്ങളിൽ ഈ മാല ലഭ്യമാണെന്നുളളതും ആവശ്യക്കാരെ ആകർഷിക്കുന്നു. നിത അംബാനി മരതക മാല ധരിച്ച് നിൽക്കുന്ന ചിത്രം പതിപ്പിച്ച കവറിലാക്കിയാണ് ഈ ഡ്യൂപ്ലിക്കേറ്റ് മാല വിൽക്കുന്നത്. 

ENGLISH SUMMARY:

Nita Ambani's 400-Crore Emerald Necklace's Replica Is Getting Sold At Rs. 178