78–ാം സ്വാതന്ത്ര്യദിനത്തില്‍ ഓറഞ്ചും പച്ചയും വരകളുള്ള രാജസ്ഥാനി തലപ്പാവണിഞ്ഞെത്തി പ്രധാനമന്ത്രി. സ്വാതന്ത്ര്യദിനത്തില്‍ സാംസ്കാരിക, പാരമ്പര്യത്തനിമയുള്ള വേഷമണിയുകയെന്ന പതിവ് ഇക്കുറിയും അദ്ദേഹം തെറ്റിച്ചില്ല.  ലെഹരിയ പ്രിന്‍റിലുള്ളായിരുന്നു തലപ്പാവ്. രാജസ്ഥാനിലെ ജോധ്പുര്‍, ജയ്പുര്‍ എന്നിവിടങ്ങളാണ് ലെഹരിയ പ്രിന്‍റിന്‍റെ കേന്ദ്രങ്ങള്‍. തലപ്പാവിനൊപ്പം വെള്ള കുര്‍ത്തയും ഇളം നീല ജാക്കറ്റുമായിരുന്നു പ്രധാനമന്ത്രി ധരിച്ചത്.

2014ല്‍ അധികാരത്തിലെത്തിയത് മുതല്‍ സ്വാതന്ത്ര്യദിനങ്ങളില്‍ രാജ്യത്തിന്‍റെ വൈവിധ്യവും തനിമയും വിളിച്ചോതുന്ന തലപ്പാവുകളാണ് പ്രധാനമന്ത്രി അണിയാറുള്ളത്. 2023ലെ സ്വാതന്ത്ര്യദിനത്തിലും രാജസ്ഥാനില്‍ നിന്നുള്ള ബാന്ദ്നി പ്രിന്‍റോട് കൂടിയ ബഹുവര്‍ണ തലപ്പാവാണ് മോദി ധരിച്ചത്.  2022 ല്‍ ദേശീയപതാക തുന്നിച്ചേര്‍ത്ത വെള്ള തലപ്പാവും 2021 ല്‍  ചുവപ്പന്‍ പാറ്റേണിലുള്ള കാവിത്തലപ്പാവും അദ്ദേഹം ധരിച്ചു. 2020 ല്‍ ഇത് കാവിയും ക്രീമും നിറം കലര്‍ന്നതായിരുന്നു. 

 ചെങ്കോട്ടയില്‍ മോദിയുടെ തുടര്‍ച്ചയായ 11–ാം സ്വാതന്ത്ര്യദിന പ്രസംഗമായിരുന്നു ഇന്നത്തേത്.  രാജ്ഘട്ടിലെത്തി മഹാത്മഗാന്ധിക്ക് ആദരമര്‍പ്പിച്ചശേഷമായിരുന്നു പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്.  'കുടുംബാംഗങ്ങളെ എന്ന് വിളിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി ഇത്തവണത്തെ സ്വാതന്ത്ര്യദിന പ്രസംഗം ആരംഭിച്ചത്. രാജ്യത്തിനുവേണ്ടി ജീവൻ ബലികഴിച്ചവരെ നന്ദിയോടെ ഓർക്കുന്നുവെന്നും സ്വാതന്ത്ര്യസമര സേനാനികൾക്ക് ആദരമർപ്പിച്ച് അദ്ദേഹം പറഞ്ഞു.  പ്രകൃതിദുരന്തങ്ങളിൽ ജീവൻ നഷ്ടമായവരെയും സ്മരിക്കുന്നുവെന്നും അവരുടെ കുടുംബാംഗങ്ങൾക്ക് ഒപ്പം രാജ്യം നിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 20247 ല്‍ വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് രാജ്യമെത്തുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ENGLISH SUMMARY:

PM wears Rajasthani turban with orange and green stripes for Independence Day