അഭിനയത്തില്‍ മാത്രമല്ല ഫാഷന്‍ സെന്‍സിലും മുന്നില്‍ തന്നെയാണ് ബോളിവുഡിന്‍റെ കിങ് ഖാന്‍. മാറിമറിയുന്ന ഫാഷന്‍ ട്രെന്‍ഡിനൊപ്പം സഞ്ചരിക്കുന്ന വ്യക്തികൂടിയാണ് ഷാരൂഖ് ഖാന്‍. താരത്തിന്‍റെ വസ്ത്രങ്ങളും ആക്സസറികളും എപ്പോഴും ഫാഷന്‍ ലോകത്ത് വാര്‍ത്തയാകാറുണ്ട്. അടുത്തിടെയുള്ള ഷാരൂഖിന്‍റെ എയര്‍പോര്‍ട്ട് ലുക്കും സോഷ്യലിടത്ത് തരംഗം തീര്‍ക്കുകയാണ്. താരത്തിന്‍റെ ഔട്ട് ഫിറ്റ് സിംപിള്‍ ആയിരുന്നെങ്കിലും അദ്ദേഹത്തിന്റെ ആക്‌സസറീസാണ് ശ്രദ്ധനേടുന്നത്.
വെളള നിറത്തിലുളള ടീഷര്‍ട്ടും ഇളംനീല ബാഗി ജീന്‍സും ഓറഞ്ച് ജാക്കറ്റുമായിരുന്നു താരത്തിന്റെ വേഷം. സ്വിറ്റ്‌സര്‍ലാന്‍ഡിലെ ലൊകാര്‍ണോ ഫിലിം ഫെസ്റ്റിലേക്ക് പോകാനായി മുംബൈ എയര്‍പോട്ടില്‍ എത്തിയ താരത്തിന്റെ ഈ വസ്ത്രത്തെക്കാളേറെ ആരാധകരുടെ കണ്ണുടക്കിയത് അദ്ദേഹത്തിന്‍റെ കയ്യിലെ ബാഗിലായിരുന്നു. ഹെര്‍മെസ് എച്ച്എസി ഹാക്ക് എ ഡോസ് ബാക്ക്പാക്കായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്. ഷാരൂഖിന്‍റെ സിംപിള്‍ എയര്‍പോര്‍ട്ട് ഔട്ട്ഫിറ്റിനെ കൂടുതല്‍ ട്രെന്‍ഡിയാക്കി തീര്‍ത്തതും ആ ബാഗ് തന്നെയായിരുന്നു.
പ്രീമിയം വിഭാഗത്തില്‍ വരുന്ന ഹെര്‍മെസ് എച്ച്എസി ഹാക്ക് എ ഡോസ് ബാക്ക്പാക്കിന്‍റെ വില വരുന്നത് ഏകദേശം 13,800 കനേഡിയന്‍ ഡോളറാണ്. അതായത് 8,45,229 രൂപ. ലെതർ പോളിഷിംഗ്, ഹാൻഡ്-സ്റ്റിച്ചിംഗ്, 20ാം നൂറ്റാണ്ടിനെ ഓര്‍മിപ്പിക്കുന്ന വിന്‍റേജ് ലുക്ക് എന്നിവയെല്ലാം ഹെര്‍മെസ് എച്ച്എസി ഹാക്ക് എ ഡോസ് ബാക്ക്പാക്കിന്‍റെ പ്രത്യേകതകളാണ്. ബാക്ക്പാക്കിന്‍റെ മുന്‍വശത്തായി ഐക്കണിക് ഹെര്‍മിസ് ബക്കിളും തോളില്‍ ക്രമീകരിക്കാവുന്ന സ്ട്രാപ്പും ഉണ്ട്.
ഹെര്‍മെസ് ഹാക്ക് എ ഡോസ് ബാക്ക്പാക്കിന്‍റെ ആരാധകന്‍ കൂടിയാണ് ഷാരൂഖ് എന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിനു മുന്‍പും പല അവസരങ്ങളിലും ഹെര്‍മെസ് ഹാക്ക് എ ഡോസ് ബാക്ക്പാക്കുമായി അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും ആരാധകര്‍ പറയുന്നു.