വ്യത്യസ്തമാർന്ന വസ്ത്രധാരണ ശൈലിയിൽ പേരുകേട്ട താരമാണ് ഉര്‍ഫി ജാവേദ്. എപ്പോഴും എങ്ങനെ ഔട്ട്ഫിറ്റില്‍ വ്യത്യസ്തത കൊണ്ടുവരാം എന്നാണ് ഉര്‍ഫി ചിന്തിക്കുന്നത്. സൗരയൂഥം എന്ന തീമില്‍ തയ്യാറാക്കിയ ഉര്‍ഫിയുടെ വസ്ത്രം അടുത്ത കാലത്ത് വളരെയേറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. റേസര്‍ ബ്ലെയ്​ഡുകള്‍ കൊണ്ട് നിര്‍മിച്ച വസ്ത്രം, ചാക്ക് കൊണ്ട് നിര്‍മിച്ച വസ്ത്രം, ചീപ്പുകള്‍ കോര്‍ത്തിണക്കി നിര്‍മിച്ച വസ്ത്രം എന്നിങ്ങനെ ഫാഷന്‍ ലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച വസ്ത്രങ്ങളുമായാണ് ഉര്‍ഫി ഓരോ പൊതുപരിപാടിയിലും പ്രത്യക്ഷപ്പെടാറുളളത്. എന്നാലിപ്പോഴിതാ ഫാഷന്‍ എന്ന കോണ്‍സെപ്റ്റിനെ കൂടുതല്‍ അഡ്വഞ്ചറസ് ആക്കുകയാണ് ബോളിവുഡ് താരം ഉര്‍ഫി ജാവേദ്. ഫാഷനൊപ്പം അല്‍പം സാഹസികത എന്നായിരുന്നു ഉര്‍ഫിയുടെ പുതിയ ലുക്ക് കണ്ടവരുടെയെല്ലാം കമന്‍റ്.

തന്‍റെ ഏറ്റവും പുതിയ വെബ് സീരിസിന്‍റെ ടൈറ്റില്‍ ലോഞ്ചിലാണ് ഉര്‍ഫി വീണ്ടും ഫാഷന്‍ സെന്‍സ് കൊണ്ട് ആരാധകരെ ഞെട്ടിച്ചത്. കറുത്ത ഗൗണ്‍ അണിഞ്ഞെത്തിയ ഉര്‍ഫി ചടങ്ങിനിടെ വസ്ത്രത്തിന് തീ വെയ്ക്കുകയായിരുന്നു. ഫയര്‍ ഡ്രസ് കോണ്‍സെപ്റ്റില്‍ ഒരുക്കിയ വസ്ത്രമായിരുന്നു താരം ധരിച്ചിരുന്നത്. വസ്ത്രത്തിന്‍റെ താഴെ ബോള്‍ ഗൗണ്‍ ഷേപ്പിലൊരുക്കിയ ഭാഗമാണ് കത്തിച്ചത്. കത്തിത്തീര്‍ന്നതും വെബ് സീരീസിന്‍റെ പേര് വസ്ത്രത്തില്‍ തെളിഞ്ഞുവന്നു. ടൈറ്റില്‍ ലോഞ്ച് തികച്ചും വ്യത്യസ്തമാക്കുന്നതിന്‍റെ ഭാഗമായാണ് വസ്ത്രത്തിന് ഇത്തരത്തില്‍ തീവെച്ചതെന്ന് താരം വ്യക്തമാക്കി.

അതേസമയം തീപടരുന്നതിനിടെ ഉര്‍ഫിയുടെ കണ്‍പീലികള്‍ക്കും പുരികത്തിനും പൊളളലേറ്റു. എങ്കിലും തന്‍റെ പരിശ്രമം ഫലം കണ്ടെന്നായിരുന്നു ഉര്‍ഫിയുടെ പ്രതികരണം. ചടങ്ങിന്‍റെ വിഡിയോ ഉര്‍ഫി സമൂഹമാധ്യമങ്ങളിലും പങ്കുവച്ചു. വിഡിയോ വൈറലായതോടെ ഉര്‍ഫിയെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. പുത്തന്‍ പരീക്ഷണങ്ങള്‍ അതിരുകടക്കുന്നുവെന്നായിരുന്നു ഒരു വിഭാഗത്തിന്‍റെ കമന്‍റ്. അതേസമയം ഇതൊക്കെ മറ്റുളളവരും അനുകരിച്ച് അപകടം വിളിച്ചുവരുത്തുമെന്നും കമന്‍റുകളെത്തി. 

ENGLISH SUMMARY:

Urfi Javed Burns Her Eyebrows and Lashes While Setting Dress on Fire