പതിനെട്ടാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ നിര്‍മിച്ച അത്യപൂര്‍വ വജ്ര നെക്ലസ് ജനീവയില്‍ ലേലത്തിന്.ഗോല്‍ക്കൊണ്ട ഖനികളിലെ അപൂര്‍വ വൈരക്കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ചെന്ന് കരുതപ്പെടുന്ന നെക്ലസിന്റെ ലേലം നവംബറില്‍ നടക്കുമെന്ന് പ്രമുഖ ലേലക്കമ്പനിയായ സഥേബിസ് അറിയിച്ചു.നവംബര്‍ പതിനൊന്നിനാണ് ഈ അപൂര്‍വ നെക്ലസിന്റെ ലേലം നടക്കുക.ഓണ്‍ലൈന്‍ ലേലം ഒക്‌ടോബര്‍ 25 മുതല്‍ ആരംഭിക്കും
അഞ്ഞൂറ് വൈരക്കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച ഈ അത്യപൂര്‍വ നെക്ലസ് രണ്ട് തവണ മാത്രമേ പൊതു വേദിയില്‍ അണിഞ്ഞിട്ടുള്ളൂ.18 ലക്ഷം ഡോളര്‍ മുതല്‍ 28 ലക്ഷം ഡോളര്‍ വരെ വില കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് 15 കോടി മുതല്‍ 23 കോടി വരെ ഇന്ത്യന്‍ രൂപ.സ്വകാര്യ ഏഷ്യന്‍ ശേഖരത്തിലാണ് നിലവില്‍ മാലയുള്ളത്.
ഫ്രഞ്ച് ചക്രവര്‍ത്തി ലൂയി പതിനാറാമന്‍റെ ഭാര്യ ആയിരുന്ന മേരി അന്‍റോയ്‌നെറ്റിന്‍റെ മരണത്തെ തുടര്‍ന്ന് സംഭാവന ചെയ്യപ്പെട്ട ആഭരണങ്ങളില്‍ ഉള്‍പ്പെട്ടതാണിതെന്നാണ് പറയപ്പെടുന്നത്.മൂന്ന് നിരകളിലായി വജ്രക്കല്ലുകള്‍ അടുക്കിയാണ് നെക്ലസ് നിര്‍മ്മിച്ചിരിക്കുന്നത്. രണ്ടറ്റത്തും ഡയമണ്ട് കൊണ്ടുള്ള അലങ്കാരത്തൊങ്ങലുകളുമുണ്ട്. അന്‍പത് വര്‍ഷത്തിന് ശേഷം ആദ്യമായി ഈ അപൂര്‍വ മാല പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു.
സാധാരണഗതിയില്‍ പതിനെട്ടാം നൂറ്റാണ്ടിലെ ആഭരണങ്ങളൊന്നും പുനരുപയോഗിക്കാനാകാവുന്ന സ്ഥിതിയിലാകില്ല.എന്നാല്‍ മറ്റുള്ളവയില്‍ നിന്ന് വിഭിന്നമായി ഈ നെക്ലസിന് യാതൊരു കേടുപാടുകളുമില്ല എന്നതാണ് പ്രത്യേകത.
ജോര്‍ജിയന്‍ കാലഘട്ടത്തിലുള്ള ഈ ആഭരണം ഇതിന്‍റെ പരിശുദ്ധി കൊണ്ട് കൂടി ശ്രദ്ധേയമാണെന്ന് സഥേബിസ് ചെയര്‍മാന്‍ ആന്‍ഡ്രൂസ് വൈറ്റ് കോറിയല്‍ പറഞ്ഞു. പല തലമുറകളിലേക്ക് കൈമാറിക്കിട്ടിയ ആഭരണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ബ്രിട്ടനിലെ പ്രഭുകുടുംബമായ മാര്‍ക്വസ് ഓഫ് ഏഞ്ചല്സിയുടെ പക്കലായിരുന്നു ഈ വജ്രനെക്ലസ്.കുടുംബം രണ്ട് തവണയാണ് ഈ അപൂര്‍വ നെക്ലസ് പൊതുവേദിയില്‍ അണിഞ്ഞിട്ടുള്ളത്. 1937ല്‍ ജോര്‍ജ് ആറാമന്‍ രാജാവിന്‍റെ കിരീടധാരണവേളയിലും പിന്നീട് 1953ല്‍ അദ്ദേഹത്തിന്‍റെ മകള്‍ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണവേളയിലും.
ഇതിനപ്പുറം ഈ അപൂര്‍വ നെക്‌ലസിനെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല. ആരാണ് ഇത് നിര്‍മ്മിച്ചതെന്നോ ആര്‍ക്ക് വേണ്ടിയാണെന്നോ അറിയില്ല. എങ്കിലും ഇത്രയും അപൂര്‍വമായ പരമ്പരാഗത ആഭരണം ഒരു രാജകുടുംബത്തിന് വേണ്ടി തന്നെ നിര്‍മ്മിച്ചതായിരിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
300 കാരറ്റ് ഭാരമുള്ള ഈ വജ്രാഭരണംഫ്രഞ്ച് വിപ്ലവ സമയത്താകണം നിര്‍മ്മിച്ചതെന്നാണ് കരുതപ്പെടുന്നത്.ഫ്രഞ്ച് വിപ്ലവത്തിലേക്കും മേരി അന്‍റോയ്‌നെറ്റിന്‍റെ മരണത്തിലേക്കും നയിക്കപ്പെട്ട അഫയര്‍ ഓഫ് നെക്‌ലേസ് എന്ന അഴിമതിയുമായി ഇതിന് ബന്ധമുണ്ടെന്നാണ് കരുതുന്നതെന്നും കമ്പനി വ്യക്തമാക്കി.നാളെ വരെ പൊതുജനങ്ങള്‍ക്ക് ഈ നെക്‌ലേസ് ലണ്ടനില്‍ കാണാനുള്ള അവസരം ഉണ്ടാകും. പിന്നീട് ഹോങ് കോങ്, തായ്‌വാന്‍, ന്യൂയോര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളിലെ പ്രദര്‍ശനത്തിനായി കൊണ്ടു പോകും.