പ്രതീകാത്മക ചിത്രം

TOPICS COVERED

ഒരു കോഴിമുട്ടയ്ക്കെന്ത് വില വരും? ലക്ഷണമൊത്ത മുട്ടയുടെ വില കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ ലോകം. 21,500 രൂപയ്ക്കാണ് ഇംഗ്ലണ്ടിലെ ഓക്സ്ഫഡ്ഷറില്‍ കൃത്യമായ 'ആകൃതി'യൊത്ത കോഴിമുട്ട വിറ്റുപോയത്. എഡ് പവ്നലെന്നയാളാണ്  ആദ്യം മുട്ട വാങ്ങിയത്. ഇദ്ദേഹം ഇത് എന്‍ജിഒയായ ലുവന്‍റസ് ഫൗണ്ടേഷന് നല്‍കുകയായിരുന്നു. 100 കോടി മുട്ടകളില്‍ ഒന്ന് മാത്രമേ കൃത്യമായി ഉരുണ്ടതാവുകയുള്ളൂവെന്നും അതാണ് നിലവില്‍ ലേലത്തില്‍ പോയ മുട്ടയെന്നും ലേലം നടത്തിപ്പുകാര്‍ വ്യക്തമാക്കി.

ആളുകളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായും വേണ്ട പിന്തുണ നല്‍കിവരുന്ന സംഘടനയാണ് ലുവന്‍റസ് ഫൗണ്ടേഷന്‍. മുട്ട വിറ്റുപോയതില്‍ സന്തോഷമുണ്ടെന്നും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള ഊര്‍ജമാണിതെന്നും ഫൗണ്ടേഷന്‍ പ്രതിനിധിയായ റോസ് റാപ് മാധ്യമങ്ങളോട് പ്രതികരിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി നടത്തിയ പ്രത്യേക ലേലത്തില്‍ മുട്ട മാത്രമാണ് ലേലത്തിനുണ്ടായിരുന്നത്.

സ്കോട്​ലന്‍ഡിലെ ഒരു സ്ത്രീക്ക് കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ പോയപ്പോള്‍ ലഭിച്ചതാണ് ഈ വിലപിടിപ്പുള്ള കോഴിമുട്ട. 13 വയസുമുതല്‍ 25 വയസുവരെ പ്രായമുള്ളവരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. 

1947 ല്‍ എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരന്‍റെയും വിവാഹത്തിന് മുറിച്ച കേക്കിന്‍റെ ഒരു കഷ്ണം 2,39,915 രൂപയ്ക്കാണ് (2200 പൗണ്ട്) നവംബറില്‍ ലേലത്തില്‍ പോയത്. 77 വര്‍ഷം പഴക്കമുള്ള ഫ്രൂട്ട് കേക്ക് ഒന്‍പത് അടിയോളം ഉയരവും നാല് തട്ടും ഉള്ളതായിരുന്നു. നന്ദി പറഞ്ഞുകൊണ്ടുള്ള കുറിപ്പും ഇതോടൊപ്പം ഉണ്ടായിരുന്നു. 2000ത്തിലേറെ അതിഥികള്‍ക്കായാണ് മുറിച്ചു നല്‍കിയത്. 

ഹോളിറൂഡ് ഹൗസ് കൊട്ടാരത്തിലെ ഹൗസ് കീപ്പറായിരുന്ന  മാരിയന്‍ പോള്‍സണിന്‍റെ പക്കലാണ് അത്യപൂര്‍വമായ ഈ കഷ്ണം ഉണ്ടായിരുന്നത്. 1980 ല്‍ മരിക്കുന്നത് വരെ മാരിയന്‍ കേക്ക് സൂക്ഷിച്ചുവച്ചു. മരണശേഷം കട്ടിലിനടിയില്‍ പ്രത്യേക പാത്രത്തില്‍ സൂക്ഷിച്ചിരുന്ന കേക്ക് കുടുംബാംഗങ്ങളാണ് കണ്ടെത്തിയത്. ഇത് പിന്നാലെ ലേലത്തില്‍ വയ്ക്കുകയായിരുന്നു. 

ENGLISH SUMMARY:

A .rare spherical egg has been sold for £200 (around Rs 21,500) in Oxfordshire, England