മിഷൻ ഡ്രീംസ് ഈ വർഷം ഒഡീഷയിലെ പുരിയിൽ വെച്ച് നടത്തിയ നാഷണൽ ബ്യൂട്ടി പേജന്‍റില്‍ മിസിസ് ഇന്ത്യ ഫസ്റ്റ് റണ്ണറപ്പായി അഭിമാന നേട്ടം കൊയ്തിരിക്കുകയാണ് തിരുവനന്തപുരം സ്വദേശി ഗൗരി എസ്പി. വിവാഹശേഷവും തന്‍റെ പാഷനെ പിന്തുടര്‍ന്ന ഗൗരിക്ക് മറ്റ് സ്ത്രീകളോട് പറയാനുള്ളത് ഒന്നിനുവേണ്ടിയും സ്വന്തം ആഗ്രഹങ്ങളെ മാറ്റിവക്കരുതെന്നാണ്. നാലു വയസുകാരിയുടെ അമ്മ കൂടിയായ ഗൗരി തന്‍റെ മോഹങ്ങള്‍ക്ക് പിന്നാലെയാണ്.
വഴിത്തിരിവായ വിവാഹം
സ്കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ തന്നെ മോഡലിങ്ങില്‍ താല്‍പര്യമുണ്ടായിരുന്നു, എന്നാല്‍ യഥാസ്ഥികകുടുംബത്തിലെ അംഗമായ ഗൗരിക്ക് പിതാവില്‍ നിന്നും വലിയ എതിര്‍പ്പ് നേരിടേണ്ടിവന്നു. മാഗസീനില്‍ ഫോട്ടോ വരുന്നതുപോലും അച്ഛന് എതിര്‍പ്പ്. സാധാരണ ഗതിയില്‍ വിവാഹശേഷം പാഷനോ പഠനമോ പിന്തുടരാനാവാത്ത അവസ്ഥ പലയിടത്തും കണ്ടുവരാറുണ്ടെങ്കിലും ഗൗരിക്ക് ഊര്‍ജമായത് വിവാഹമായിരുന്നു. ജ്യോല്‍സ്യന്‍ കൂടിയായ അച്ഛന്‍ ജാതകം നോക്കിയപ്പോള്‍ ചെറിയ പ്രായത്തില്‍ തന്നെ മകള്‍ വിവാഹം കഴിക്കുന്നതാണ് നല്ലതെന്ന് കണ്ടു. ആ സമയത്ത് വന്ന ആലോചന ഉറപ്പിക്കുകയും ചെയ്തു. ഭര്‍ത്താവാകാന്‍ പോകുന്ന ആള്‍ സമ്മതിച്ചാല്‍ മോഡലിങ് തുടര്‍ന്നോളൂ എന്നായിരുന്നു അച്ഛന്‍റെ പക്ഷം. ബാബാ അറ്റോമിക് റിസര്‍ച്ച് സെന്‍ററില്‍ സയന്റിസ്റ്റായിരുന്നു വിഷ്ണുവായിരുന്നു ഗൗരിയുടെ പ്രതിശ്രുത വരന്‍. മോഡലിങ്ങിനായി വിഷ്ണു കട്ട സപ്പോര്‍ട്ട് നല്‍കിയതോടെ അച്ഛനും അയഞ്ഞു.
തിരസ്കരണത്തോടെ തുടക്കം
തിരുവനന്തപുരത്തെ ഓള്‍ സെയ്ന്റ്സിലെ കോളേജ് പഠനകാലത്ത് നടന്ന ഓഡിഷനില്‍ സ്ലിം ആണെന്ന കാരണത്താല്‍ നേരിട്ട അവഗണനയിലാണ് ഗൗരിയുടെ മോഡലിങ് യാത്ര ആരംഭിക്കുന്നത്. എന്നാല്‍ അവിടെ തളര്‍ന്നില്ല. തുടര്‍ന്നും പല മല്‍സരങ്ങളില്‍ പങ്കെടുത്തു. വീട്ടില്‍ ഹീല്‍സിട്ട് കണ്ണാടിക്ക് മുന്നിലൂടെ നടന്നു സ്വയം പരിശീലനം ചെയ്ത ദിനങ്ങള്‍. ചില മല്‍സരങ്ങളില്‍ ഫൈനല്‍ റൗണ്ട് വരെയെത്തി. പങ്കെടുത്ത മല്‍സരങ്ങളത്രയും തന്‍റെ സ്വപ്നത്തിലേക്കുള്ള ചവിട്ടുപടികളായി. അനുഭവസമ്പത്തും ഫാഷന്‍ മേഖലയിലെ വിദഗ്ദരുമായി ബന്ധങ്ങളും ഉണ്ടായി. ഇതിനിടക്ക് നിശ്ചയിച്ചുവച്ച വിവാഹം കഴിഞ്ഞു. ഒരു മകളുമുണ്ടായി. എംകോം പൂര്‍ത്തിയാക്കിയ ഗൗരി മോഹിനിയാട്ടത്തില്‍ പിജിയും നേടി.
സ്വപ്നത്തിലേക്ക്....
ദേശീയതലത്തിലുള്ള ഗൗരിയുടെ ആദ്യത്തെ മല്‍സരവേദിയായിരുന്നു പുരിയിലെ മിഷന്‍ ഡ്രീംസ് നാഷണല്‍ ബ്യൂട്ടി പേജന്‍റ് 2024. കടന്നുവന്ന യാത്രകള്‍ക്കും അധ്വാനത്തിനും ഫലമുണ്ടായ ദിനം. മിസിസ് വിഭാഗത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച ഏകവനിതയായ ഗൗരി മിസിസ് ഇന്ത്യ ഫസ്റ്റ് റണ്ണറപ്പായി. അമ്മയ്ക്കൊപ്പം ഉറക്കമില്ലാതെ ഇരുന്ന് സ്വയം ഡിസൈന്‍ ചെയ്തെടുത്ത വസ്ത്രം അണിഞ്ഞ് കോസ്റ്റ്യും വിഭാഗത്തിലെ മല്‍സര വേദിയിലെത്തിയതാണ് ഗൗരിക്ക് ഈ മല്‍സരത്തില്‍ മറക്കാനാവാത്ത നിമിഷം. ഇനി ലക്ഷ്യം ഇന്‍റര്‍നാഷണല്‍ വേദികളാണ്. അതിനുള്ള തയാറെടുപ്പിലാണ് ഗൗരി.
പെണ്ണുങ്ങളെ വിവാഹം ഒരു തടസമല്ല
കല്യാണം കഴിഞ്ഞ സ്ത്രീകള്‍ക്ക് ഒരു ബോധവല്‍കരണം നല്‍കുക എന്ന ഉദ്ദേശത്തിലും കൂടിയാണ് തന്‍റെ യാത്ര എന്ന് പറയുന്നു ഗൗരി.
'എത്ര തിരക്കാണെങ്കിലും കുറച്ചു സമയം സ്വന്തം ഇഷ്ടങ്ങള്‍ക്കായി മാറ്റിവക്കുക. ഒരു 70 വയസുവരെ ജീവിക്കുകയാണെങ്കില്‍ അതില്‍ പകുതിമുക്കാലും കുടുംബത്തിനുവേണ്ടിയാവും മാറ്റിവക്കുക. കുറച്ചുകാലം ജോലിക്കും മറ്റു കാര്യങ്ങള്‍ക്കും. പിന്നെ ഒരു ചെറിയ കാലം വയസായി ഒന്നിനും വയ്യാതെ ആരോഗ്യപ്രശ്നങ്ങളുമൊക്കെയായി അങ്ങനെ പോകും. അതിനുശേഷം മരിച്ചുപോകും. ഇതിനിടക്ക് നമുക്ക് വേണ്ടി ജീവിച്ചോ എന്ന് സ്വയം ചോദിച്ചുകഴിഞ്ഞാല്‍ ഇല്ല എന്നാവും മറുപടി. കുറച്ചു സമയമെങ്കിലും അവനവന്‍റെ പാഷനുവേണ്ടി ജീവിക്കുക. പലര്‍ക്കും പലതാവും, ചിലര്‍ക്ക് വരയാവും, ചിലര്‍ക്ക് ഡാന്‍സാവും. ആഗ്രഹങ്ങളെ പിന്തുടരാനായി പ്രായമോ വിവാഹമോ ഒരു തടസമല്ല,' ഗൗരി പറയുന്നു.
ഫോട്ടോ ക്രെഡിറ്റ്: മിഷന്‍ ഡ്രീംസ്