Pete Davidson befor and after tattoo Removal (Picture Credit: instagram.com/petedavidson.93 and instagram.com/reformation)
അമേരിക്കൻ നടന്‍ പീറ്റ് ഡേവിഡ്‌സണിന്റെ പുതിയ പരസ്യ ഷൂട്ടാണ് ഇന്‍റര്‍നെറ്റില്‍ തരംഗമായിരിക്കുന്നത്. അതിന് കാരണവുമുണ്ട്! നൂറിലധികം ടാറ്റൂകളുണ്ടായിരുന്ന തന്‍റെ ശരീരത്തില്‍ ഒരു ടാറ്റൂ പോലുമില്ലാതെയാണ് നടന്‍ പുതിയ ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടത്. ടാറ്റൂ ഇല്ലാത്ത അദ്ദേഹത്തിന്‍റെ ശരീരം ആരാധകരെ അദ്ഭുതപ്പെടുത്തി.
വസ്ത്ര ബ്രാൻഡായ റിഫോർമേഷനു വേണ്ടിയായിരുന്നു പുതിയ പരസ്യ ഷൂട്ട്. റിഫോർമേഷന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിലിലാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഇതിനായി ജനുവരിയിൽ മാത്രം തന്‍റെ ശരീരത്തിലുണ്ടായിരുന്ന 100 ഓളം ടാറ്റൂകൾ നീക്കം ചെയ്തതായി അദ്ദേഹം സ്ഥിരീകരിച്ചു. ടുഡേയുമായുള്ള അഭിമുഖത്തില്‍ കണ്ണാടിയില്‍ നോക്കുമ്പോള്‍ എന്നെ എനിക്ക് മറ്റൊരാളായി തോന്നി, അൽപ്പം മാറണമെന്ന് ആഗ്രഹിച്ചു, അതുകൊണ്ടാണ് ടാറ്റൂകള്‍ നീക്കം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ഡെയ്‌ലി മെയിൽ പ്രകാരം 200,000-ത്തിലധികം ഡോളറാണ് ശരീരത്തിലെ ടാറ്റൂ നിക്കം ചെയ്യാന്‍ പീറ്റ് ചിലവഴിച്ചത്. അതായത് 1,73,24,180 ഇന്ത്യന്‍ രൂപ. ഏകദേശം നാല് വർഷമെടുത്താണ് ശരീത്തിലെ ടാറ്റൂകള്‍ പൂര്‍ണമായും നീക്കം ചെയ്തതെന്നും ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2020 ലാണ് ടാറ്റൂകള്‍ നീക്കം ചെയ്യാന്‍ അദ്ദേഹം ആരംഭിച്ചത്. ലേസർ ടാറ്റൂ നീക്കം ചെയ്യലിലൂടെയാണ് ടാറ്റൂകള്‍ നീക്കം ചെയ്തത്. ശാരീരികമായും സാമ്പത്തികമായും വേദനാജനകമായ ഒരു പ്രക്രിയയായിരുന്നു ഇതെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.
2010കളുടെ തുടക്കത്തിൽ ബ്രൂക്ലിൻ നയൻ-നൈൻ, ഫ്രണ്ട്‌സ് ഓഫ് ദി പീപ്പിൾ, ഗായ് കോഡ്, വൈൽഡ് 'എൻ ഔട്ട് എന്നിവയിൽ ചെറിയ അതിഥി വേഷങ്ങളിലൂടെയാണ് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് 2014 മുതൽ 2022 വരെ എട്ട് സീസണുകളായി പുറത്തിറങ്ങിയ എൻബിസിയുടെ ലേറ്റ്-നൈറ്റ് സ്കെച്ച് കോമഡി പരമ്പരയായ സാറ്റർഡേ നൈറ്റ് ലൈവിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഹോളിവുഡിലെ പ്രശസ്ത ഗായികയും അഭിനേത്രിയുമായ അരിയാന ഗ്രാൻഡെ, അഭിനേത്രിയും മോഡലുമായ കിം കർദാഷിയാൻ, കേറ്റ് ബെക്കിൻസാലെ, ഫോബ് ഡൈനവർ എന്നിവരുമായുള്ള ബന്ധം എന്നും പീറ്റ് ഡേവിഡ്‌സണിനെ സ്പോട് ലൈറ്റില്‍ നിര്‍ത്തിയിരുന്നു.