Image Credit: Instagram

ഫാഷന്‍ലോകത്ത് സ്ഥിരമായി നിലനില്‍ക്കുന്ന ട്രെന്‍ഡുകള്‍ ഒന്നും തന്നെയില്ല. കാലത്തിനനുസരിച്ച് ആളുകളുടെ ഫാഷന്‍ ചിന്താഗതിയും മാറിക്കൊണ്ടേയിരിക്കും. പണ്ട് ആഭരണങ്ങള്‍ സ്ത്രീകളുടേത് മാത്രമായിരുന്നു. എന്നാല്‍ കാലം മാറിയപ്പോള്‍ പുരുഷന്മാരും ആഭരണങ്ങളെ സ്നേഹിച്ചുതുടങ്ങി.  ഇന്ന് സ്ത്രീകളെക്കാളേറെ ട്രെന്‍ഡുകള്‍ക്കും ഫാഷനും പിന്നാലെ പോകുന്നത് പുരുഷന്മാരാണ്. അക്കൂട്ടത്തില്‍ എടുത്ത് പറയേണ്ട ചിലരാണ് ബോളിവുഡിലെ സെലിബ്രിറ്റികള്‍. മാല, വള, കമ്മല്‍ എന്നിങ്ങനെ വസ്ത്രത്തിനൊപ്പം വ്യത്യസതമായ ആഭരണങ്ങള്‍ അണിഞ്ഞ് പൊതുചടങ്ങുകളില്‍ പ്രത്യക്ഷപ്പെടുന്നവരാണ് ബോളിവുഡിലെ മിക്ക താരങ്ങളും. അക്കൂട്ടത്തില്‍ മുന്‍നിരയിലാണ് ബോളിവുഡിന്‍റെ കിങ് ഖാന്‍ ഷാരുഖ് ഖാനും, രണ്‍വീര്‍ സിങും, സിദ്ധാര്‍ഥ് മല്‍ഹോത്രയുമെല്ലാം.

നടിമാര്‍ ധരിക്കുന്ന വിലകൂടിയ ആഭരണങ്ങളെ കടത്തിവെട്ടുന്നതാണ് താരരാജാവ് ഷാരുഖിന്‍റെ ആഭരണശേഖരം. അടുത്തിടെ ജയ്പുരിൽ നടന്ന ഐഐഎഫ്എ പുരസ്കാരച്ചടങ്ങിൽ ഷാറുഖ് അണിഞ്ഞ ടെന്നിസ് ഡയമണ്ട് നെക്‌ലസ് റീലുകളിലടക്കം തരംഗം തീര്‍ത്തിരുന്നു. കസ്റ്റമൈസ് ചെയ്ത കറുത്ത ക്ലാസിക് സ്യൂട്ടിനൊപ്പം വജ്ര നെക്‌ലസും തിളങ്ങുന്ന മോതിരങ്ങളും പെയർ ചെയ്താണ് ഷാരുഖ് ചടങ്ങിനെത്തിയത്. അംബാനി വിവാഹത്തില്‍ പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് ഷാരുഖ് എത്തിയപ്പോഴും അവിഭാജ്യ ഘടകമായി ആഭരണങ്ങളുണ്ടായിരുന്നു. കഴുത്തു നിറഞ്ഞുനില്‍ക്കുന്ന നെക്പീസുകളാണ് ഷാരൂഖ് ഇന്ത്യന്‍ വസ്ത്രങ്ങള്‍ക്കൊപ്പം ധരിച്ചത്. ലെയേർഡ് എമറാൾഡ് ഹാർ, പോൾക്കി ആഭരണങ്ങൾ എന്നിവയുടെ വലിയ ശേഖരവും താരത്തിനുണ്ട്.

ആഭരണപ്രേമികളില്‍ മുന്നിരയിലുളള മറ്റൊരു താരം രണ്‍വീര്‍ സിങാണ്. ഫാഷന്‍ സെന്‍സില്‍ മാത്രമല്ല, ആഭരണങ്ങള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തിലും വ്യത്യസ്തനാണ് രണ്‍വീര്‍. ആകർഷകമായ നിരവധി ആഭരണങ്ങൾ സമീപകാലത്ത് രൺവീർ അവതരിപ്പിച്ചിട്ടുണ്ട്. കറുപ്പില്‍ ഗോള്‍ഡന്‍ പ്രിന്‍റ് വരുന്ന ലൂസ് ഷര്‍ട്ടിനൊപ്പം വലിയ ലോക്കറ്റുളള സ്വര്‍ണമാല ധരിച്ചെത്തിയ രണ്‍വീറിന്‍റെ ചിത്രങ്ങളും വൈറലായിരുന്നു. മൾട്ടി-ഹ്യൂഡ് കുർത്ത സെറ്റിനും പ്രിന്റഡ് ഷർട്ടുകൾക്കുമൊപ്പം ടിഫനി നെക്‌ലസുകൾ പെയർ ചെയ്തും വെള്ള നിറത്തിലുള്ള ക്രിസ്പി സ്യൂട്ട് ഡ്യുവൽ ആഭരണങ്ങൾ കൊണ്ട് സ്റ്റൈൽ ചെയ്തും രണ്‍വീര്‍ ചടങ്ങുകളിലെ മുഖ്യാകര്‍ഷണമാകാറുണ്ട്.

നടൻ സിദ്ധാർഥ് മൽഹോത്രയും ആഭരണപ്രിയന്‍ തന്നെ. പരമ്പരാഗത വസ്ത്രങ്ങൾക്കൊപ്പം ഹെവി ജ്വല്ലറികൾ അണിയുന്നതാണ് സിദ്ധാർഥിന്‍റെ രീതി. അദ്ദേഹത്തിന്റെ വെഡിങ് ലുക്ക് തന്നെ അതിനൊരു ഉദാഹരണമാണ്. ജഡൗ, പോൾക്കി ആഭരണങ്ങൾ അണിഞ്ഞാണ് സിദ്ധാർഥ് വിവാഹത്തിനെത്തിയത്. ബോളിവുഡ് താരം സുനില്‍ ഷെട്ടിയും ആഭരണപ്രിയന്‍ തന്നെ. സ്റ്റേറ്റ്മെന്‍റ്  ജ്വല്ലറി അണിഞ്ഞാണ് താരം ചടങ്ങുകളില്‍ പങ്കെടുക്കാറ്. പരമ്പരാഗത ഹാറുകളും ബ്രൂച്ചുകളും അണിഞ്ഞ് വേദികളിൽ എത്തി പുത്തന്‍ ട്രെന്‍ഡ് അവതരിപ്പിച്ച് തരംഗം തീര്‍ത്ത വ്യക്തിയാണ് സിത്താർ കലാകാരൻ ഋഷഭ് റിഖിറാം ശർമ. യോ യോ ഹണി സിങ്, എ.പി.ധില്ലൻ, കരൺ ഔജ്‌ല തുടങ്ങിയവരും ജ്വല്ലറി ഫാഷനില്‍ തരംഗം തീര്‍ക്കുന്നവരാണ്. ജീന്‍സായിക്കോട്ടെ, കുര്‍ത്തയായിക്കോട്ടേ, സ്യൂട്ടായിക്കോട്ടേ, വസ്ത്രമേതുതന്നെയായാലും പരാമ്പരാഗത ജ്വല്ലറി, എമറാൾഡ് ഹാർ, പോൾക്കി, ഡയമണ്ട് ആഭരണങ്ങൾ എന്നിവകൊണ്ട് പെയര്‍ ചെയ്ത് ഫാഷന്‍ ലോകത്ത് ട്രെന്‍ഡായി മാറുന്ന കാര്യത്തില്‍ ബോളിവുഡ് താരങ്ങള്‍ ഏറെ മുന്നില്‍തന്നെയാണ്. 

ENGLISH SUMMARY:

Celebrities prove jewellery isn’t just for women