കുപ്പിയിൽ പെട്രോൾ നൽകാത്തതിനെ തുടര്‍ന്ന് പട്ടാമ്പിയിൽ പമ്പിലെ വനിത ജീവനക്കാരെയും മാനേജരെയും മർദിച്ചു. കാറിലെത്തിയ മൂന്നംഗ സംഘമാണ് തര്‍ക്കത്തിനൊടുവില്‍ ആക്രമണം നടത്തിയത്.

കാറിലെത്തിയവര്‍ പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ ആവശ്യപ്പെട്ടു. അനുവദിക്കാനാവില്ലെന്ന് പമ്പ് ജീവനക്കാര്‍ പറഞ്ഞു. പിന്നാലെ തര്‍ക്കമായി. ഇതിനിടയിലാണ് അസഭ്യം പറഞ്ഞ് വനിതാ ജീവനക്കാരെയും തടയാനെത്തിയ മാനേജരെയും യുവാക്കള്‍ മര്‍ദിച്ചത്.

കൂട്ടുപാതയിലെ ആലിക്കൽ ഫ്യൂവത്സിലെ മാനേജർ വിജയകുമാറിനെയും തൊഴിലാളികളെയുമാണ് ആക്രമിച്ചത്. കെ.എൽ 05 എൽ 5379 നമ്പർ കാറിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. അത്യാവശ്യഘട്ടങ്ങളില്‍ കുപ്പിയിൽ പെട്രോൾ നൽകാമെന്നായിരുന്നു കാറിലെത്തിയവരുടെ വാദം. ഓഫീസിലിരുന്ന മാനേജരെ വലിച്ചിഴച്ച് പെട്രോൾ അടിക്കുന്ന സ്ഥലത്തേക്ക് എത്തിച്ച് ബലമായി കുപ്പിയിൽ പെട്രോൾ നിറച്ച ശേഷം സംഘം മടങ്ങുകയായിരുന്നു. 

ജീവനക്കാർ സി.സി ടി.വി ദൃശ്യം ഉള്‍പ്പെടെ ചാലിശ്ശേരി പൊലീസിൽ പരാതി നൽകി. 

ENGLISH SUMMARY:

Petrol not supplied in bottles; Female employees attacked at petrol pump