പെട്രോൾ- ഡീസൽ വില 'തീ' പിടിച്ചപോലെ കത്തികയറുമ്പോൾ ആശ്വാസവുമായി എത്തിയ ഇലക്ട്രിക് വാഹനങ്ങൾ ഇപ്പോൾ സാധാരണക്കാരുടെ പേടി സ്വപ്നമാകുകയാണ്. ഓടി കൊണ്ടിരിക്കുമ്പോഴും ചാർജ് ചെയ്യുമ്പോഴും, എന്തിനേറെ വെറുതെ നിർത്തിയിടുമ്പോൾ പോലും ഇലക്ട്രിക് സ്കൂട്ടറുകൾ കത്തുന്നുവെന്ന വാർത്ത നമുക്കിടയിലിപ്പോൾ സാധാരണ സംഭവമാകുകയാണ്. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിൽ നിന്ന് ഇത്തരമൊരു വാർത്തയാണ് പുറത്തുവരുന്നത്.
സ്കൂട്ടറിലെ ബാറ്ററി ഊരിയെടുത്ത് വീടിനുള്ളിൽ വച്ച് ചാർജ് ചെയ്യവേ ഉഗ്രസ്ഫോടനമുണ്ടായി. പതിനഞ്ചു മാസങ്ങൾക്കു മുൻപാണ് 80,000 രൂപ മുടക്കി മഹേഷ് ഭായ് എന്നയാൾ ഇലക്ട്രിക് സ്കൂട്ടർ വാങ്ങുന്നത്. കഴിഞ്ഞ ദിവസം മഹേഷിന്റെ മകൾ സ്കൂട്ടറിന്റെ ബാറ്ററി ഊരി ചാർജ് ചെയ്യാൻ വച്ചു. അഞ്ചു മിനിറ്റുകൾക്കകം ഇത് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. സമീപവാസികൾ ഓടിക്കൂടിയപ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു. വീട്ടിലുണ്ടായിരുന്നവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
നാട്ടുകാരുടെ സമയോചിതമായ ഇടപെടലിലൂടെ തീ പെട്ടെന്നു തന്നെ അണയ്ക്കാനായത് വലിയ നാശനഷ്ടമൊഴിവാക്കി. മകൾക്കു വേണ്ടി വാങ്ങിയ സ്കൂട്ടറായിരുന്നു അത്, മകൾ സ്കൂട്ടർ ഓടിച്ചുകൊണ്ടിരിക്കെയാണ് ഇത്തരത്തിലൊരു അപകടം ഉണ്ടായതെങ്കിലോ? അത് ആലോചിക്കാൻ പോലും കഴിയുന്നില്ല എന്നാണ് മഹേഷ് പ്രതികരിച്ചത്. എന്തുകൊണ്ടാണ് ബാറ്ററി പൊട്ടിത്തെറിച്ചതെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സ്കൂട്ടർ കമ്പനിക്കെതിരെ പരാതി നൽകിയതായി മഹേഷ് പറയുന്നു.
ഇലക്ട്രിക് വാഹനങ്ങളാണ് ഇനി നിരത്തുകൾ കീഴടക്കാൻ പോകുന്നതെന്ന് നിസംശയം വാഹനപ്രേമികളും മേഖലയിലെ വിദഗ്ദരും അഭിപ്രായപ്പെടുമ്പോൾ കണ്ണിലെ കരടായി തീരുകയാണ് ഇത്തരം സംഭവങ്ങൾ. എന്തുകൊണ്ടാണ് ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രത്യേകിച്ചും സ്കൂട്ടറുകൾക്ക് വ്യാപകമായി തീപിടിക്കുന്നതെന്ന കാരണം കണ്ടെത്തി സമർപ്പിക്കാൻ ആവശ്യപ്പെട്ട് വാഹന കമ്പനികൾക്ക് കേന്ദ്ര ഗതാഗത മന്ത്രാലയം നേരിട്ട് നിർദേശം നൽകിയിരുന്നു. ഇതിനു പിന്നാലെ ഉപഭോക്താക്കൾക്ക് കമ്പനികൾ ചില നിർദേശങ്ങളും നൽകി.
വാഹനം പാർക്ക് ചെയ്യുമ്പോഴും, ചാർജ് ചെയ്യുമ്പോഴും തണലത്ത് നിർത്തിയിടാൻ ശ്രമിക്കണം. ചാർജ് ചെയ്യുകയാണെങ്കിൽ താപനില കൂടി പരിഗണിക്കണം. കടുത്ത ചൂടിൽ വാഹനം നിർത്തി ചാർജ് ചെയ്യുന്നത് അപകടം ക്ഷണിച്ചു വരുത്തും. ഓരോ ബാറ്ററിക്കും അനുയോജ്യമായ ചാർജർ തന്നെ ഉപയോഗിക്കണം. ഏതുതരം ബാറ്ററിയാണ് വാഹനത്തിലുപയോഗിക്കുന്നത് എന്നതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരിക്കണം. ഓരോ ബാറ്ററിയും ഏത് താപനിലയിൽ വരെ ചാർജ് ചെയ്യാം എന്നതും അറിഞ്ഞിരിക്കണം. ചാർജ് ചെയ്യുമ്പോൾ തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ സമീപത്തില്ലെന്ന് ഉറപ്പുവരുത്തണം.
വാഹനം ഉപയോഗത്തിന് ഒരു മണിക്കൂർ ശേഷം മാത്രം ചാർജ് ചെയ്യുന്നതാണ് നല്ലത്. ബാറ്ററിയിലെ ചൂട് മാറിയതിനുശേഷം ചാർജ് ചെയ്യുന്നതാണ് നല്ലത്. ബാറ്ററിക്ക് കേടുപാടുള്ളതോ ലീക്കുള്ളതോ ശ്രദ്ധയിൽപെട്ടാൽ ഉടൻ അത് പരിഹരിക്കണം. വാഹന കമ്പനിയുമായി ബന്ധപെടുന്നതാണ് നല്ലത്. ബാറ്ററി ചൂടാകുന്നതായി ശ്രദ്ധയിൽപെട്ടാൽ ഉടൻ ചാർജിങ് നിർത്തണം. സമീപത്ത് തീപിടിക്കാൻ സാധ്യതയുള്ള എന്തെങ്കിലും വസ്തുക്കളുണ്ടെങ്കിൽ അവ മാറ്റണം. കൃത്യമായ ഇടവേളകളിൽ ബാറ്ററി പരിശോധിച്ച് സുരക്ഷാവീഴ്ചകളില്ലെന്ന് ഉറപ്പുവരുത്തണം. ബാറ്ററി തീർത്തും ചാർജ് ഇല്ലാതെയും മുഴുവൻ ചാർജോടെയും വയ്ക്കരുത്. ഇരുപത് മുതൽ എൺപത് ശതമാനം ചാർജിങ് പരിധിയിൽ നിർത്തുന്നതാണ് നല്ലത്.