നിരത്തുകളില്‍ മരണപ്പാച്ചില്‍ നടത്താന്‍ വാഹനങ്ങളില്‍ ന്യൂജെന്‍ പരീക്ഷണങ്ങള്‍ വര്‍ധിക്കുന്നു. ഇ.സി.യു റീമാപ്പിങും, പിഗ്ഗി  ബാക്ക് ഇ.സി.യു ഘടിപ്പിക്കുന്നതും ഉള്‍പ്പെടെയുള്ള മോഡിഫിക്കേഷനുകള്‍ ബൈക്കുകളില്‍ നടത്തിയാണ് ഇപ്പോള്‍ റെയ്സിങ് ഉള്‍പ്പെടെയുള്ള സാഹസം. പുറമേ നിന്ന് നോക്കിയാല്‍ കണ്ടെത്താനാകാത്തതുകൊണ്ട് ഇത്തരം മോഡിഫിക്കേഷനുകള്‍ പിടികൂടാനാകാതെ മോട്ടോര്‍വാഹനവകുപ്പും വലയുകയാണ്.

എന്താണ് ഇ.സി.യു?

ഇപ്പോള്‍ പുറത്തിറങ്ങുന്ന എല്ലാ വാഹനങ്ങളിലും ഫ്യുവല്‍ ഇന്‍ജക്ഷന്‍ ടെക്നോളജിയാണ് ഉപയോഗിച്ചു പോരുന്നത്. ആ സിസ്റ്റത്തിന്‍റെ പ്രധാന ഘടകമാണ് ഇലക്ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റ് അഥവാ ഇ.സി.യു. ആക്സിലറേറ്റര്‍ കൂട്ടുകയും കുറയ്ക്കുകയും ചെയ്യുമ്പോള്‍ എന്‍ജിനിലേക്കുള്ള പെട്രോളിന്‍റെ അളവ് നിയന്ത്രിക്കുകയാണ് ഇ.സി.യു ചെയ്യുന്നത്. നിരവധി നാളുകള്‍ നീണ്ട ഗവേഷണത്തിനു ശേഷമാണ് ഓരോ കമ്പനിയും ഇ.സി.യു പ്രോഗ്രാം വികസിപ്പിച്ചെടുക്കുന്നത്. (ഇതിനെ ഇ.സി.യു മാപ്പിങ് എന്ന് പറയുന്നു). വാഹനത്തിന്‍റെ പെര്‍ഫോമന്‍സ്, ഇന്ധനക്ഷമത, മലിനീകരണ തോത്, ടോപ് സ്പീഡ് എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ പരിഗണിച്ച ശേഷമാണ് ഇ.സി.യു മാപ്പ് ചെയ്ത് ഘടിപ്പിക്കുന്നത്. 

എന്താണ് പിഗ്ഗി ബാക്ക് ഇ.സി.യു?

കമ്പനി ഘടിപ്പിച്ച ഇ.സി.യു പ്രോഗ്രാമിങ്ങിനുമേല്‍ കടന്നുകയറി വാഹനത്തിന്‍റെ പെര്‍ഫോമന്‍സ് വര്‍ധിപ്പിക്കുന്നവയാണ് പിഗ്ഗി ബാക്ക് ഇ.സി.യു. ഇത് ഘടിപ്പിക്കുന്നതുവഴി വാഹനത്തിന്‍റെ ആക്സിലറേഷനും ടോപ് സ്പീഡും ഉയര്‍ത്താന്‍ കഴിയും. എന്‍ജിനിലേക്ക് കൂടുതല്‍ ഇന്ധനം നല്‍കി കമ്പനി നിശ്ചയിച്ചിരിക്കുന്നതിനെക്കാള്‍ പവര്‍ ഉല്‍പാദിപ്പിച്ച് കുതിച്ചുപായാനാണ് പെര്‍ഫോമന്‍സ് ബൈക്കുകളില്‍ ഇവ ഘടിപ്പിക്കുന്നത്. സുരക്ഷ കണക്കിലെടുത്ത് കമ്പനി പരിമിതപ്പെടുത്തിയിരിക്കുന്ന ടോപ് സ്പീഡും എന്‍ജിന്‍ ആര്‍.പി.എം ലിമിറ്റും ഉയര്‍ത്താന്‍ ഇത്തരം ഇ.സി.യുവിന് സാധിക്കും. 

റെയ്സ് ട്രാക്കുകളില്‍ ഉപയോഗിക്കുന്ന ബൈക്കുകളിലായിരുന്നു മുന്‍പ് ഇത്തരം പിഗ്ഗി ബാക്ക് ഇ.സി.യുകള്‍ ഘടിപ്പിച്ചിരുന്നതെങ്കില്‍ ഇന്ന് സാധാരണ നിരത്തുകളിലും ഇവ ഘടിപ്പിച്ച ബൈക്കുകള്‍ കുതിച്ചു പായുന്നുണ്ട്. വാഹനങ്ങളില്‍ പിഗ്ഗി ബാക്ക് ഇ.സി.യു ഘടിപ്പിക്കുന്ന പ്രവണത ഇപ്പോള്‍ വര്‍ധിച്ചിട്ടുണ്ടെന്ന് ആക്സസറീസ് ഷോപ്പ് ഉടമകള്‍ തന്നെ വ്യക്തമാക്കുന്നു. 

ഇന്ന് നിരത്തില്‍ സാധാരണ കാണുന്ന പെര്‍ഫോമന്‍സ് ബൈക്കുകളില്‍ ഘടിപ്പിക്കാവുന്ന ഇത്തരം ഇ.സി.യുകള്‍ ഓണ്‍ലൈന്‍ സൈറ്റുകളില്‍ ലഭ്യമാണ്. ഇന്ത്യന്‍ കമ്പനിയായ പവര്‍ട്രോണിക്കാണ് കൂട്ടത്തില്‍ പ്രധാനി. 15,000 രൂപ മുതലാണ് വിവിധ കമ്പനികളുടെ ഇത്തരം പിഗ്ഗി ബാക്ക് ഇസിയുകളുടെ വില. പവര്‍ട്രോണിക് ഘടിപ്പിച്ച് നിരത്തുകളിലൂടെ കുതിച്ചുപായുന്ന വീഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെക്കുന്നതും പതിവാണ്. 

വാഹനത്തിനുള്ളില്‍ ഘടിപ്പിക്കുന്നതായതുകൊണ്ട് ഇത്തരം മോഡിഫിക്കേഷനുകള്‍ പ്രത്യക്ഷത്തില്‍ കണ്ടെത്താന്‍ സാധിക്കില്ല. പുറമേ നിന്ന് വാഹനത്തില്‍ മാറ്റങ്ങളൊന്നും കാണാത്തതുകൊണ്ട് ഇത്തരം മോഡിഫിക്കേഷനുകള്‍ കണ്ടെത്തുക ശ്രമകരമാണെന്ന് മോട്ടോര്‍വാഹന ഉദ്യോഗസ്ഥര്‍ പറയുന്നു.

വിശദമായി പരിശോധിച്ചാല്‍ മാത്രമേ ഇ.സി.യുകള്‍ കണ്ടെത്താന്‍ സാധിക്കുകയുള്ളൂ. എന്‍ജിനുകളില്‍ ഇത്തരം മോഡിഫിക്കേഷനുകള്‍ വരുത്തുന്നുവെന്ന് പരാതികള്‍ ലഭിച്ചാല്‍ വാഹനം വിശദമായി പരിശോധന നടത്തി പിടികൂടി നടപടി സ്വീകരിക്കാറുണ്ട്. ഉടമ എന്ന നിലയ്ക്ക് ഇത്തരം മോഡിഫിക്കേഷനുകള്‍ നടത്താന്‍ വ്യക്തികള്‍ക്ക് അധികാരമില്ലെന്നും റീമാപ്പിങ്ങ് ഉള്‍പ്പെടെയുള്ളവ കുറ്റകരമാണെന്നും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

ENGLISH SUMMARY:

Illegal ECU Modifications In Perfomance Bikes