ചാർ ധാം തീര്‍ഥാടകര്‍ക്കായുള്ള മഹീന്ദ്ര ഥാർ എസ്‌യുവി ഹെലികോപ്റ്ററില്‍ കേദാർനാഥിൽ എത്തിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഇന്ത്യൻ വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്റർ ഉപയോഗിച്ചാണ് ഥാർ എസ്‌യുവി രുദ്രപ്രയാഗിലെ കേദാർനാഥ് ബേസ് ക്യാമ്പിന് സമീപം എത്തിച്ചത്.
ചാർ ധാം തീര്‍ഥാടകരുടെ യാത്ര സുഗമമാക്കുന്നതിനായുള്ള ഉത്തരാഖണ്ഡ് സർക്കാരിന്‍റെ പദ്ധതിയുടെ ഭാഗമായാണ് വാഹനം എത്തിച്ചത്. പ്രായമായവരെയും ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ക്ഷേത്രത്തിലെത്താൻ വാഹനം സഹായിക്കും. ബേസ് ക്യാമ്പിലെത്തിയ വാഹനത്തെ പൂജകളോടു കൂടിയാണ് പൂജാരിമാരും ഭക്തരും ചേര്‍ന്ന് സ്വീകരിച്ചത്.
കേദാർനാഥ്, ബദരിനാഥ്, യമുനോത്രി, ഗംഗോത്രി, എന്നീ നാല് തീർത്ഥാടന കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന യാത്രയാണ് ചാർ ധാം യാത്ര. 2024 മെയ് 10 നാണ് ഇത്തവണത്തെ യാത്ര ആരംഭിച്ചത്. എന്നാല്‍ യാത്രക്കിടെ ബുദ്ധിമുട്ടുകൾ നേരിടുന്ന തീർഥാടകരെ സഹായിക്കാനായിട്ടാണ് രണ്ട് ഥാര്‍ എസ്‌യുവികൾ കേദാര്‍നാഥിലെത്തിക്കാന്‍ അധികൃതർ തീരുമാനിച്ചത്.
152 എച്ച്പി പവറും 300 എൻഎം ടോർക്കും ഉള്ള 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ നൽകുന്ന ടോപ്പ്-ഓഫ്-ലൈൻ എൽഎക്സ് ഹാർഡ് ടോപ്പ് പതിപ്പാണ് കേഥാര്‍നാഥില്‍ എത്തിച്ചിരിക്കുന്നത്. 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് വാഹനത്തിലുള്ളത്.
അഡ്വഞ്ചര്‍ ഓഫ് റോഡര്‍ എന്നതില്‍ നിന്ന് ലൈഫ്‌സ്റ്റൈല്‍ വാഹനമായി രൂപാന്തരപ്പെട്ട വാഹനമാണ് മഹീന്ദ്ര ഥാര്‍. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, മെക്കാനിക്കല്‍ ലോക്കിങ് ഡിഫറന്‍ഷ്യല്‍, ഷിഫ്റ്റ് ഓണ്‍ ദി ഫ്‌ളൈ ട്രാന്‍സ്ഫര്‍ കേസ് എന്നിങ്ങനെ ഓഫ് റോഡിങിന് സഹായിക്കുന്ന നിരവധി ഫീച്ചറുകള്‍ ഥാറിലുണ്ട്. ദൃഢമായ ബോഡിയും നൂതന സവിശേഷതകളും സാഹസികരുടെയും ഓഫ്-റോഡ് പ്രേമികളുടെയും ഇഷ്ട വാഹനമായി ഥാറിനെ മാറ്റുന്നു