ഇന്ത്യന്‍ വാഹന നിര്‍മാതാക്കളുടെ ആദ്യ എസ്‌യുവി കൂപ്പെയാണ് കര്‍വ് ഇവി. ഒരുമാസത്തിനകം തന്നെ ടാറ്റ കര്‍വിന്‍റെ പെട്രോള്‍ ഡീസല്‍ മോഡലുകളേയും അവതരിപ്പിച്ചു. വിലകൂടിയ വിദേശിയരായ ആഡംബര വാഹന നിര്‍മാതാക്കളാണ് കൂപ്പെ മോഡലുകളെ മുന്‍പ് അവതരിപ്പിച്ചിരുന്നത്, അതുകൊണ്ട് തന്നെ കൂപ്പെ ഡിസൈന്‍ ഇന്ത്യക്കാര്‍ക്ക് പരിചിതമായിവരുന്നതേ ഉള്ളു. അതുകൊണ്ട് ഈ വിഭാഗത്തിലുള്ള മോഡലുകളെ കുറഞ്ഞ വിലയ്ക്ക് സാധാരണക്കാര്‍ക്ക് കൂടി വാങ്ങാന്‍ കഴിയും എന്ന പ്രത്യേകതയും കര്‍വിനുണ്ട്. കഴിഞ്ഞ ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച കണ്‍സപ്റ്റ് മോഡലില്‍ നിന്നും കാര്യമായ മാറ്റങ്ങളൊന്നും അധികം വരുത്താതെയാണ് പ്രൊഡക്ഷന്‍ മോഡലിനെ വിപണിയിലെത്തിച്ചത്.
മുന്‍ഭാഗത്തെ കാഴ്ച്ചയില്‍ ടാറ്റയുടെ വാഹനം എന്ന് കൃത്യമായി പറയാം. നെക്സോണില്‍ കണ്ട സീക്വന്‍ഷ്യല്‍ എല്‍ഇഡി ഡേ ടൈം ലൈറ്റും, വാഹനം അണ്‍ലോക്ക് ചെയ്യുമ്പോള്‍ സ്വാഗതം ചെയ്യുന്ന രീതിയില്‍ പ്രകാശിക്കുന്ന മുന്‍ എല്‍ഇഡി ലൈറ്റുകള്‍ ഇതിലും ഒരുക്കി. എന്നാല്‍ ഗ്രില്‍ പുതി തരത്തില്‍ ഡിൈസന്‍ ചെയ്തു. ബോഡികളര്‍ ഇന്‍സേര്‍ട്ടുകള്‍ നല്‍കി. എയര്‍ഡാംപിന്‍റെ ഭാഗത്ത് ക്രോം ഘടങ്ങള്‍ നല്‍കി. അഡാസ് റഡാര്‍ പുറത്ത് കാണാത്ത തരത്തിലാണ് ഒരുക്കിയത്. പ്രൊജക്ടര്‍ ടൈപ്പ് ഹെഡ്‌ലാംപാണ്. 18 ഇഞ്ച് ഡയമണ്ട്കട്ട് അലോയ് വീലാണ് നല്‍കിയത്. ഡിസൈനിന് ആനുപാതികമായ രീതിയിലുള്ള ടയര്‍ സൈസാണ്. പിയാനൊ ഫിനിഷിലുള്ള വീല്‍ ആര്‍ച്ചും, ക്ലാഡിങ്ങും. ഫ്ലഷ് ഡോര്‍ ഹാന്‍ഡിലാണ്. ഡോര്‍ തുറക്കുമ്പോള്‍ ബില്‍ഡ് ക്വാളിറ്റി മനസിലാകും. 4310 മില്ലി മീറ്റര്‍ നീളം, വീതി 1637 മില്ലി മീറ്റര്‍, ഉയരം 1810 മില്ലി മീറ്ററും. 2560 മില്ലി മീറ്റര്‍ വീല്‍ ബേസും കര്‍വ് ഇവിക്ക് സമാനം.
പുതിയതും ഭംഗിയുള്ളതുമായ ഉള്‍വശം. ഡ്യുയല്‍ ടോണ്‍ നിറമാണ്. വലുതും ഡിജിറ്റലുമായ ഇലൂമിനേറ്റ് മള്‍ട്ടി ഫങ്ഷണല്‍ പവര്‍ സ്റ്റിയറിങ് വീലാണ്. ഡ്രൈവര്‍ സീറ്റ് ആറ് വിധത്തില്‍ ഇലക്ട്രിക്കലായി ക്രമീകരിക്കാന്‍ കഴിയുംവിധമാണ്. മുന്‍ സീറ്റുകള്‍ രണ്ടും വെന്‍റിലേറ്റഡ് ആണ്. 10.2" ഇന്‍സ്ട്രുമെന്‍റ് ക്ലസ്റ്ററിലൂടെ എല്ലാ വിവരങ്ങളും അറിഞ്ഞ് യാത്ര ചെയ്യാം. ഇന്‍ഡിക്കേറ്റര്‍ ഇട്ടാല്‍ അതാത് വശങ്ങളുടെ ദൃശ്യങ്ങള്‍ മീറ്ററില്‍ തെളിഞ്ഞുവരും. 12.3" ടച്ച്സ്രീന്‍ ഇന്‍ഫോട്ടേയ്ന്‍മെന്റ് സിസ്റ്റം മുന്‍ മോഡലില്‍ കണ്ടതിന് സമാനമാണ്.
പിന്‍സീറ്റിന് കുറച്ചു കൂടി തൈ സപ്പോര്‍ട്ട് ആകാമായിരുന്നു. പിന്‍ സീറ്റ് റിക്ലൈന്‍ ചെയ്യാന്‍ കഴിയുന്നതിനാല്‍ ദീര്‍ഘ ദൂര യാത്രയില്‍ സൗകര്യപ്രദമാണ്. വോയിസ് കമാന്‍റ്, ആമ്പിയന്‍റ് ലൈറ്റുകള്‍, ഇവയെല്ലാം ഉന്നത നിലവാരം നല്‍കുന്നു എല്ലാ ഘടങ്ങള്‍ക്കും ഫിറ്റും ഫിനിഷും പ്രകടമാണ്. IRa ആപ്പും ഇതില്‍ ഉള്‍പ്പെടുത്തി. എല്ലാ വാഹന നിര്‍മാതാക്കളും പെട്രോള്‍ എന്‍ജിനിലേയ്ക്ക് മാറുമ്പോള്‍, ടാറ്റ എന്ന ഇന്ത്യന്‍ വാഹന നിര്‍മാതാവ് ഡീസല്‍ മോഡലുകളെ കൈ വിടുന്നില്ല എന്നത് ശ്രദ്ധേയം. ഡീസല്‍ മോഡലുകളുടെ ഭാവി ഉടന്‍ അവസനിക്കില്ല എന്നൊരു കാര്യം കൂടി ഇതിലൂടെ മനസിലാക്കാം. രണ്ട് പെട്രോള്‍ എന്‍ജിനിലും, ഒരു ഡീസല്‍ എന്‍ജിനിലുമാണ് ഈ വാഹനം എത്തുന്നത്.
1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ റവോട്രോണ്‍ എന്‍ജിനിലും, 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ ഹൈപെരിയോണ്‍ എന്‍ജിനിലുമാണ് എത്തുന്നത് റവോട്രോണ്‍ എന്‍ജിന്‍ 88.2 കിലോ വാട്ട് കരുത്തും, 170 എന്‍ എം ടോര്‍ക്കും നല്‍കുന്നു. ഹൈപെരിയോണ്‍ എന്‍ജിന്‍ 91.9 കിലോ വാട്ട് പവര്‍ 5000 ആര്‍പിഎമ്മിലും 255 എന്‍ എം ടോര്‍ക്ക് 1750–3000 ആര്‍പിഎമ്മിലും നല്‍കുന്നു. സ്മൂത്തായ ഡ്രൈവാണ്. 6 സ്‌പീഡ് മാന്വല്‍ ട്രാന്‍സ്‌മിഷന്‍ മികച്ച പ്രവര്‍ത്തനം നല്‍കുന്നു. നോക്കിങ് ഇല്ലാതെ കൂടിയ ഗിയറില്‍ കുറഞ്ഞ വേഗതയില്‍ പോകാന്‍ കഴിയും, അപ്പോഴും ആറാമത്തെ ഗിയറില്‍ കേരളത്തില്‍ ഏത് റോഡില്‍ ഉപയോഗിക്കാന്‍ കഴിയും എന്നൊരു ചോദ്യം ബാക്കിയാണ്.
സസ്‌പന്‍ഷനും ബ്രേക്കുമെല്ലാം മികച്ചതാക്കി.
ഡീസല്‍ എന്‍ജിന്‍ എത്തുന്നത് 1.5 ലിറ്റര്‍ ക്രെയോജെറ്റ് എന്‍ജിനിലാണ്. 86.7 കിലോവാട്ട് പവര്‍ 4000 ആര്‍പിഎമ്മിലും, 260 എന്‍എം ടോര്‍ക്ക് 1500 – 2750 ആര്‍പി എമ്മിലും നല്‍കുന്നു. ഡ്യുയല്‍ ക്ലച്ച് 7 സ്‌പീഡ് ഇ ഷിഫ്റ്റ് ട്രാന്‍സ്‌മിഷനാണ്. എല്ലാ മോഡലുകളിലും മള്‍ട്ടി ഡ്രൈവ് മോഡുകള്‍ ഒരുക്കി. ഇക്കോ, സിറ്റി, സ്പോര്‍ട്ട് എന്നിങ്ങനെയാണ് മോഡുകള്‍.
സുരക്ഷയ്ക്കും, ഒപ്പം സൗകര്യങ്ങള്‍ക്കും ഒരേ പ്രാധാന്യം നല്‍കി. ആറ് എയര്‍ ബാഗുകളാണ്. 360' ക്യാമറ, അഡാസ് ലെവല്‍ 2 സംവിധാനമാണ്. ലെയ്ന്‍ ട്രാഫിക് സംവിധാനങ്ങള്‍, അഡാപ്റ്റിവ് ക്രൂസ് കണ്‍ട്രോള്‍, ഫോര്‍വേഡ് കൊല്ലിഷന്‍ വാണിങ് റിയര്‍ ക്രോസ് അലര്‍ട്ട്, എന്നിങ്ങനെ നിരവധി സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി.
ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ്, അക്കംപ്ലിഷ്ഡ് പ്ലസ് എസ്, എംപവേഡ് പ്ലസ്, എംപവേഡ് പ്ലസ് എ എന്നിങ്ങനെയുള്ള മോഡലുകളിലാണ് എത്തുന്നത്. 1.2 ലീറ്റർ റെവോട്രോൺ പെട്രോൾ മാനുവല്‍ 9.99 ലക്ഷം രൂപ മുതൽ 14.69 ലക്ഷം രൂപ വരെയും, ഓട്ടമാറ്റിക് 12.49 ലക്ഷം മുതൽ 16.19 ലക്ഷം വരെയും.
1.2 ലീറ്റർ ടർബൊ പെട്രോൾ ഹൈപെരിയോൺ മാനുവല്‍ 13.99 ലക്ഷം മുതൽ 17.49 ലക്ഷം വരെയും ഓട്ടമാറ്റിക്കിന് 16.49 ലക്ഷം മുതൽ 18.99 ലക്ഷം വരെയുമാണ് എക്സ് ഷോറൂം വില. ഡീസൽ മോഡലിന്റെ മാനുവലിന് 11.49 ലക്ഷം രൂപ മുതൽ 17.69 ലക്ഷം രൂപ വരെയും ഓട്ടമാറ്റിക്കിന് 13.99 ലക്ഷം മുതൽ 18.99 ലക്ഷം രൂപ വരെയുമാണ് എക്സ് ഷോറൂം വില.