ആലപ്പുഴ കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് 5 വിദ്യാർഥികള്‍ മരിച്ചതിന്‍റെ ഞെട്ടലിലാണ് കേരളം. ശക്തമായ മഴ, കാറില്‍ കയറാവുന്നതിലും അധികം ആളുകള്‍, വാഹനം ഓടിച്ച വ്യക്തിയുടെ പരിചയക്കുറവ്, വാഹനത്തിന്റെ കാലപ്പഴക്കം തുടങ്ങിയവയെല്ലാം ആ വിദ്യാര്‍ഥികളുടെ മരണത്തിന് കാരണമായിട്ടുണ്ട്. ബ്രേക്ക് പിടിച്ചിട്ടും നിയന്ത്രണം വിട്ട കാര്‍, മഴ പെയ്ത് നനഞ്ഞ റോഡിൽ തെന്നി നീങ്ങുകയായിരുന്നു എന്ന് സിസിടിവികളില്‍ വ്യക്തമാണ്. ഹൈഡ്രോപ്ലെയിനിങ് എന്ന പ്രതിഭാസമാണ് ഇതിനു പിന്നില്‍. ഹൈഡ്രോപ്ളെയിനിങ് എന്ന ജലപാളീ പ്രവര്‍ത്തനമാണ് മഴക്കാലത്ത് വണ്ടികളുടെ ബാലന്‍സ് കളയുന്നത്. വാഹനം ഒടിക്കുമ്പോള്‍, പ്രത്യേകിച്ച് മഴക്കാലത്ത് വാഹനമോടിക്കുന്നവരെല്ലാം ശ്രദ്ധിക്കേണ്ട പ്രതിഭാസമാണ് ഹൈഡ്രോപ്ലെയിനിങ്.
Also Read: ‘ചേട്ടാ, രക്ഷിക്കണേ...’ വാവിട്ടുകരഞ്ഞ് കാറിലുണ്ടായിരുന്ന യുവാക്കള്‍; തീരാനൊമ്പരം
എന്താണ് ഹൈഡ്രോപ്ലെയിനിങ്?
മിനുസമുള്ള റോഡിൽ ജലത്തിന്റെ അളവ് കൂടുതലാകുന്ന സമയത്ത് ( മഴക്കാലത്ത് ) റോഡിനും ടയറിനുമിടയിലെ ഘർഷണം കുറഞ്ഞ് ഇല്ലാതാകും. ഈ അവസ്ഥയില്‍ നിയന്ത്രിക്കാൻ കഴിയാതെ വാഹനം തെന്നി നീങ്ങും. ഈ പ്രക്രിയയാണ് ഹൈഡ്രോപ്ലെയിനിങ് അല്ലെങ്കില്‍ അക്വാപ്ലെയിനിങ് എന്നൊക്കെ അറിയപ്പെടുന്നത്.
ലളിതമായി പറഞ്ഞാൽ മിനുസമുള്ള തറയില്‍ എണ്ണ ഒഴിച്ചാല്‍ നേരെ നടക്കാന്‍ പ്രയാസം അനുഭവിക്കുന്നതുപോലെയാണ് ഹൈഡ്രോപ്ലെയിനിങും. റോഡും ടയറുമായുള്ള സമ്പർക്കം വേർപെടുന്നതോടു കൂടി ബ്രേക്കിന്റെയും സ്റ്റിയറിങ്ങിന്റെയും ആക്സിലറേറ്ററിന്റെയും പ്രവർത്തനം സാദ്ധ്യമല്ലാതെ വരികയും വാഹനത്തിന്റെ നിയന്ത്രണം പൂർണമായും ഡ്രൈവർക്കു നഷ്ടമാകുകയും ചെയ്യും. അത് വാഹനം നിയന്ത്രണം നഷ്ടപ്പെട്ടു തെന്നി മറിയാൻ ഇടയാക്കും. മാത്രമല്ല ടയർ തേയ്മാനം മൂലം ടയറിന്റെ സ്പിൽവേയുടെ കനം കുറയുന്നതോടെ പമ്പിങ് കപ്പാസിറ്റി കുറയുന്നതും അക്വാപ്ലെയിനിങ്ങിനു കാരണമാകും.
ടയര്‍ ട്രെഡ് അഥവാ വെയര്‍ ആന്‍ഡ് ടിയര്‍ ഇന്‍ഡിക്കേറ്റിങ് ലൈനുകളില്‍ കുറവുണ്ടാകുമ്പോഴാണ് ഹൈഡ്രോപ്ലെയിനിങ് ഉണ്ടാകുന്നത്. മിനുസമുള്ള റോഡില്‍ ജലത്തിന്റെ അളവ് കൂടുമ്പോള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന വാഹനങ്ങളുടെ ടയറിന്റെ പമ്പിങ് ഇഫക്ട് റോഡിനും ടയറിനുമിടയില്‍ വെള്ളത്തിന്റെ ഒരു പാളി രൂപപ്പെടുത്തുന്നു. ഇത് വാഹനത്തിന്റെ ടയര്‍ മുന്നിലേക്കും പിന്നിലേക്കും തെന്നിമാറാൻ കാരണമാകുന്നു.
അമിതവേഗത്തില്‍ വാഹനം ഓടിക്കുന്നത് ഹൈഡ്രോപ്ലെയിനിങ്ങ് വര്‍ധിപ്പിക്കും. ടയറിലെ ചില ത്രെഡ് ഡിസൈനുകളും ഹൈഡ്രോപ്ലെയിനിങ്ങിന് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഹൈഡ്രോപ്ലെയിനിങ് എങ്ങനെ ഒഴിവാക്കാം?
വാഹനം ഓടിക്കുമ്പോള്‍ നമ്മുടെ ശ്രദ്ധയാണ് ഏറ്റവും പ്രധാനം. മഴക്കാലത്ത് പ്രത്യേകിച്ചും. വേഗത്തേക്കാള്‍ വലുത് ജീവനും ഉറ്റവരുമാണെന്ന് ഓരോ നിമിഷവും മനസിലോര്‍ക്കുക.