പാലക്കാട്ടെ വിദേശമദ്യ ഫാക്ടറിയുടെ അനുമതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചൂടുപിടിക്കുമ്പോൾ ആലപ്പുഴ വാരനാട്ടെ പൂട്ടിയ മദ്യനിർമാണ ശാലയുടെ ഓർമകളിൽ നാട്ടുകാർ. ചേർത്തലയുടെ വ്യവസായ പ്രതാപകാലത്തെ ഓർമിപ്പിക്കുന്നതാണ് വാരനാട്ടെ മക്ഡവൽ മദ്യ ഉൽപാദന കമ്പനി. പാട്ടത്തിന് നൽകിയിരിക്കുന്ന ഫാക്ടറിയുടെ സ്ഥലം ഏറ്റെടുത്ത് മറ്റെന്തെങ്കിലും വ്യവസായങ്ങൾ ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതാപകാലത്തിന്‍റെ അവശേഷിപ്പാണ് തകർന്ന ഈ ബോർഡ്. വാരനാട് മക്ഡവൽ കമ്പനിയിലെ ജോലിക്കാരെ മറ്റുള്ളവർ അസൂയയോടെ കണ്ടിരുന്ന കാലമുണ്ടായിരുന്നു. ഇന്ത്യയിലെ പ്രധാന മദ്യവ്യവസായിയായിരുന്ന വിത്തൽ മല്യയ്ക്ക് 1957-ൽ സർക്കാർ 99 വർഷത്തേക്കു പാട്ടത്തിനു നൽകിയ 15 ഏക്കർ സ്ഥലത്താണ് കമ്പനി ആരംഭിച്ചത്. വ്യവസായി വിജയ് മല്യയുടെ പിതാവാണ് വിത്തൽ മല്യ.
പ്രതൃക്ഷമായും പരോക്ഷമായും 850 തൊഴിലാളികൾക്ക് ജോലിയുണ്ടായിരുന്നു. കമ്പനി പൂട്ടുമ്പോൾ തൊഴിലാളികളുടെ എണ്ണം 225 ആയിരുന്നു.1959 ഫെബ്രുവരി 9 ന് അന്നത്തെ എക്സൈസ് മന്ത്രി കെ.ആർ. ഗൗരിയമ്മ തറക്കല്ലിട്ട യുണൈറ്റഡ് സ്പിരിറ്റ്സ് എന്ന മാക്ഡവ്വൽ കമ്പനി പിന്നീട് സംസ്ഥാനത്തെ പ്രധാന മദ്യനിർമാണശാലകളിലൊന്നായി മാറി. മുന്നൂറോളം ലോറികൾ ദിനംപ്രതി എത്തുമായിരുന്നു. പൂട്ടിയതോടെ ഫാക്ടറിയിലെ യന്ത്രങ്ങൾ എല്ലാം കൊണ്ടുപോയി. സർക്കാർ പാട്ടത്തിന് നൽകിയ സ്ഥലം മറ്റെന്തെങ്കിലും വ്യവസായിക ആവശ്യത്തിന് ഉപയോഗിക്കണമെന്ന് നാട്ടുകാർ.
1973-ൽ യുണൈറ്റഡ് സ്പിരിറ്റ്സിന്‍റെ സഹോദരസ്ഥാപനമായി യുണൈറ്റഡ് ബ്രുവറീസ് തുടങ്ങി. ഇതോടെ ബിയർ ഉത്പാദനവും ആരംഭിച്ചു. പ്രതിമാസം 1.80 ലക്ഷം കെയ്സ് വിദേശമദ്യമാണ് ഇവിടെ ഉത്പാദിപ്പിച്ചിരുന്നത്.