വാഹന വില്‍പനയില്‍ ഹ്യുണ്ടേയിയെ നാലാം സ്ഥാനത്തേക്ക് തള്ളി മഹീന്ദ്ര. ഇന്ത്യയിലെ രണ്ടാമത്തെ വലിയ യാത്രാവാഹന നിര്‍മാതാക്കളായിരുന്ന ഹ്യുണ്ടേയി ഫെബ്രുവരിയിലെ വില്‍പനയിലാണ് പിന്നോട്ടുപോയത് ഇതോടെ മാരുതി സുസുക്കി, മഹീന്ദ്ര&മഹീന്ദ്ര, ടാറ്റ എന്നിവര്‍ മുന്‍നിരയിലേക്ക് എത്തി. ഡീലര്‍മാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷനാണ് കണക്ക് പുറത്ത് വിട്ടത്. ഇന്ത്യയില്‍ ആകെയുള്ള 1,438 ആര്‍ ടി ഒ ഓഫിസുകളില്‍ നിന്ന് 1,378 ഓഫിസുകളിലെ ഡേറ്റ വെച്ച് തയ്യാറാക്കിയ റിപ്പോർട്ടുപ്രകാരമാണ് ഹ്യുണ്ടേയിയുടെ വില്‍പനയില്‍ കഴിഞ്ഞ മാസം 12.58% ആയി കുറഞ്ഞത്. 2024 ഫെബ്രുവരിയിൽ ഇത് 14.05% ആയിരുന്നു.
1,18,149 യൂണിറ്റ് വില്‍പനയുമായി മാരുതി സുസുക്കി ഒന്നാം സ്ഥാനത്ത് തുടരുന്നു. 39,889 യൂണിറ്റ് വില്‍പ്പനയുമായി മഹീന്ദ്ര രണ്ടാം സ്ഥാനത്തെത്തി. 13.15% ശതമാനമാണ് വില്‍പനയില്‍ വര്‍ധന രേഖപ്പെടുത്തിയത്. തൊട്ടുപിന്നാലെ 38,696 യൂണിറ്റുമായി ടാറ്റ മൂന്നാമതെത്തി.
ഇരുചക്രവാഹന വിഭാഗത്തില്‍ ഹീറോ മോട്ടോര്‍ കോര്‍പ്പ് തന്നെ ഒന്നാം സ്ഥാനത്ത് തുടരുന്നു 3,85,988 യൂണിറ്റാണ് വില്‍പ്പന നടത്തിയത് 28.52% വിപണി വിഹിതവുമായാണ് ഹീറോ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത് . രണ്ടാം സ്ഥാനത്ത് ഹോണ്ട മോട്ടോർ സൈക്കിൾ & സ്കൂട്ടർ ഇന്ത്യയാണ് . 3,28,502 യൂണിറ്റാണ് ഹോണ്ട വിറ്റഴിച്ചത്, വിപണി വിഹിതം 24.27%. മൂന്നാം സ്ഥാനത്ത് 2,55,499 യൂണിറ്റ് വിറ്റഴിച്ച് ടിവിഎസ് മോട്ടോര്‍ കമ്പനിയും എത്തി 18.73% ആണ് വിപണിയിലെ വിഹിതം.