പ്രതീകാത്മക ചിത്രം | AI Generated
അടുത്തമാസം മുതല്‍ രാജ്യത്ത് കാറുകള്‍ക്ക് വിലകൂടും. ഏപ്രില്‍ ഒന്നുമുതല്‍ 2 മുതൽ 4 ശതമാനം വരെ വിലവര്‍ധിപ്പിക്കാന്‍ രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കള്‍ തീരുമാനിച്ചു. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ എസ്‌യുവികളുടെയും മറ്റ് വാണിജ്യ വാഹനങ്ങളുടെയും വിലകൾ 3 ശതമാനം വരെ ഉയർത്തുമെന്ന് കമ്പനി അറിയിച്ചു. അസംസ്കൃത വസ്തുക്കളുടെ വിലവര്‍ധന, ഇറക്കുമതി തീരുവയിലെ വർധന, സപ്ലൈ ചെയിൻ തടസ്സങ്ങൾ എന്നിവയാണ് വിലവര്‍ധനയ്ക്ക് കാരണം. വാഹനത്തിന്റെ മോഡൽ അനുസരിച്ച് വില വർധനയില്‍ വ്യത്യാസമുണ്ടാകും എന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്ര വ്യക്തമാക്കി.
നേരത്തേ മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ്, ഹ്യുണ്ടായി മോട്ടോർ ഇന്ത്യ എന്നിവരും അടുത്ത മാസം മുതൽ വില വർധിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. മൂന്നുശതമാനം വരെ വില ഉയര്‍ത്താനാണ് രാജ്യത്തെ രണ്ടാമത്തെ വലിയ കാർ നിർമ്മാതാവായ ഹ്യുണ്ടായി മോട്ടോർ ഇന്ത്യയുടെ തീരുമാനം. ഒക്ടോബറിലെ ഐപിഒയ്ക്കുശേഷം ഹ്യുണ്ടായി നടത്തുന്ന രണ്ടാമത്തെ വില വർധനയാണിത്. ഡിസംബറിൽ എല്ലാ മോഡലുകളുടേയും വില 25,000 രൂപ വരെ ഹ്യുണ്ടായി ഉയര്‍ത്തിയിരുന്നു.
ട്രക്കുകളും ബസുകളും ഉള്‍പ്പെടെയുള്ള വാണിജ്യ വാഹനങ്ങളുടെ വില 2% വരെ വര്‍ധിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്സ് അറിയിച്ചു. ജനുവരിയിൽ, ടാറ്റ മോട്ടോഴ്സ് 2% വരെ വാണിജ്യ വാഹന വില വർധിപ്പിച്ചിരുന്നു. മാരുതി സുസുക്കി, അടുത്ത മാസം കാറുകളുടെ വില 4% വരെ വര്‍ധിപ്പിക്കുമെന്ന് അറിയിച്ചു. കഴിഞ്ഞ മാസം, മാരുതി ഒട്ടേറെ മോഡലുകളുടെ വില 1,500 രൂപ മുതൽ 32,500 രൂപ വരെ ഉയര്‍ത്തിയിരുന്നു.