വാഹനം വാങ്ങണമെങ്കിൽ ഏപ്രില്‍ ഒന്ന് മുതല്‍ ചെലവേറും. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച അധിക നികുതിക്ക് പുറമെ ഇലക്ട്രിക് വാഹനങ്ങൾക്കടക്കം കമ്പനികൾ പ്രഖ്യാപിച്ച വില വര്‍ധനയും ചൊവ്വാഴ്ച നിലവിൽവരും. നിർമാണച്ചെലവ് ഉയര്‍ന്നതും അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധനയും ആഗോള വിതരണ ശൃംഖലയിലെ തടസങ്ങളുമാണ് വിലവർധനയ്ക്ക് കാരണമായി വാഹന നിർമാതാക്കൾ ചൂണ്ടിക്കാട്ടുന്നത്.
മാരുതിയുടെ എല്ലാ മോഡലുകൾക്കും വില കൂടും. നാല് ശതമാനം വരെയാണ് വർധന. ടാറ്റയുടെയും ഹോണ്ടയുടെയും വാഹനങ്ങൾക്കും വിലകൂടുമെങ്കിലും എത്രയാണ് വർധനയെന്ന് പ്രഖ്യാപിച്ചിട്ടില്ല. മൂന്ന് ശതമാനം വർധനയാണ് പ്രമുഖ വാഹന നിർമാതാക്കളായ മഹീന്ദ്രയും കിയയും ഹ്യുണ്ടേയും ലക്ഷ്യമിടുന്നത്. 2023 ശേഷം ആദ്യമായി വില വർധിപ്പിക്കുന്ന റെനോ ക്വിഡ്, കൈഗർ, ട്രൈബർ എന്നീ മോഡലുകളുടെ വില രണ്ട് ശതമാനം വരെ വർധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ബിഎംഡബ്ല്യുവിന്‍റെ മിക്ക മോഡലുകളുടേയും വില മൂന്ന് ശതമാനം വരെ ഉയരും.
ഇലക്ട്രിക് വാഹനം റജിസ്റ്റര്‍ ചെയ്യുന്നതിന് വാഹനവിലയുടെ 5 ശതമാനമാണ് 15 വര്‍ഷത്തേക്കുള്ള നികുതിയായി ഈടാക്കുന്നത്. 15 ലക്ഷം രൂപക്ക് മുകളിലുള്ളവക്ക് വാഹന വിലയുടെ 8 ശതമാനമാണ് നികുതി. ഇതുപ്രകാരം നിലവിലെ നികുതിയായ 75,000 രൂപയുടെ സ്ഥാനത്ത് ഏപ്രിൽ ഒന്ന് മുതല്‍ 1,20,000 രൂപ നൽകേണ്ടി വരും. 20 ലക്ഷം രൂപക്ക് മുകളിലുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് 10 ശതമാനമാണ് ഇനി നികുതി നൽകേണ്ടി വരിക.