ലോകമെങ്ങും വൈറലാണ് മുകേഷ് അംബാനിയുടെ മകന്‍ അനന്തിന്‍റെയും രാധിക മര്‍ച്ചന്‍റിന്‍റെയും വിവാഹ വിശേഷങ്ങള്‍. ബോളിവുഡിന്‍റെ നിറസാന്നിധ്യവും അംബാനിക്കുടുംബത്തിന്‍റെ ഡാന്‍സും ജസ്റ്റിന്‍ ബീബറുടെ പാട്ടുമെല്ലാം മനം കവര്‍ന്നപ്പോള്‍ ഭക്ഷണത്തില്‍ താരമായത് 'കാശി ചാട്ടാ'ണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
2500 ലേറെ വിഭവങ്ങളാണ് വിവാഹത്തിന് മുന്നോടിയായുള്ള വിരുന്നില്‍ ഒരുക്കിയിരുന്നത്. ചാട്ട് മെനു പൂര്‍ണമായും നിത അംബാനിയുടെ തിരഞ്ഞെടുപ്പായിരുന്നു. ടിക്കി, തക്കാളി ചാട്ട്, പാലക് ചാട്ട്, ചന കച്ചോരി, ദഹി പൂരി, ബനാറസ് ചാട്ട്, കുല്‍ഫി, ഫലൂദ എന്നിങ്ങനെ നിത അംബാനി തിരഞ്ഞെടുത്ത ഒരുപിടി വിഭവങ്ങള്‍ അതിഥികള്‍ക്കായി വിളമ്പി.
വിഭവങ്ങളുടെ കൂട്ടത്തില്‍ 'കാശി' ചാട്ട് സവിശേഷ ഇടം പിടിക്കാന്‍ കാരണവുമുണ്ട്. ഇക്കഴിഞ്ഞ ജൂണില്‍ മുകേഷ് അംബാനിയുമൊത്ത് നിത കാശി വിശ്വനാഥ ക്ഷേത്രം സന്ദര്‍ശിക്കാനെത്തിയിരുന്നു. ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടയിലാണ് വഴിയോരക്കടയായ 'കാശി ചാട്ട് ഭന്ദറി'ല്‍ നിന്നും നിത ചാട്ട് കഴിച്ചത്. രുചി ഇഷ്ടമായതോടെ കടയുടമയായ കേസരിയോട് തന്‍റെ മകന്‍റെ വിവാഹത്തിന് അതിഥികള്‍ക്ക് നല്‍കാന്‍ ചാട്ട് വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ആവശ്യം സ്വീകരിച്ച കേസരി അംബാനിക്കല്യാണത്തിലേക്കായി ചാട്ട് തയ്യാറാക്കി വിളമ്പാനെത്തി.
ജൂലൈ 12ന് മുംബൈയിലെ ജിയോ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ വച്ചാകും അനന്ത്– രാധിക വിവാഹം. ബീബറെത്തി 'സംഗീത്' ആഘോഷമാക്കി മടങ്ങിയതും ക്രിക്കറ്റ് താരങ്ങളടക്കം എത്തിയതും ലോകം ഏറ്റെടുത്തിരുന്നു.