screengrab: instagram/guinnessworldrecords/

screengrab: instagram/guinnessworldrecords/

വെറും മൂന്ന് മിനിറ്റ് കൊണ്ട് ഒരു കിലോയിലേറെ  സോസ് അകത്താക്കി റെക്കോര്‍ഡിട്ടിരിക്കുയാണ് യൂട്യൂബറായ മൈക്ക് ജാക്ക്. സ്പൈസി സോസായ സിറാച്ചയാണ് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം പോലെ 'കുമുകുമാ'ന്ന് മൈക്ക് കഴിച്ചത്. മുളകും വിനാഗിരിയും വെളുത്തുള്ളിയും ഉപ്പും ചേര്‍ത്ത് നിര്‍മിക്കുന്ന തായ് സോസാണ് സിറാച്ച. മല്‍സ്യ വിഭവങ്ങളിലും ഓം​ലറ്റിലും രുചി പകരുന്നതിനായാണ് പ്രധാനമായും ഇത് ഉപയോഗിക്കുന്നത്.

ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിക്കുന്നതിനായാണ് മൈക്ക് ഈ സാഹസം കാണിച്ചത്.  മൈക്കിന്‍റെ റെക്കോര്‍ഡ് സോസ് തീറ്റ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് അവരുടെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍ പങ്കുവച്ചിട്ടുണ്ട്. രണ്ട് കുപ്പികളിലുള്ള സോസ് മുഴുവനായും ഒരു ബൗളിലേക്ക് മാറ്റിയ ശേഷം സ്പൂണ്‍ കൊണ്ടായിരുന്നു മൈക്കിന്‍റെ തീറ്റ. മധുരമുള്ള ആപ്പിള്‍ സോസാണ് താന്‍ കഴിക്കുന്നതെന്ന് മനസില്‍ പറഞ്ഞാണ് സോസ് മുഴുവന്‍ അകത്താക്കിയതെന്ന് മൈക്ക് വെളിപ്പെടുത്തി. 

സോസ് മൂന്ന് മിനിറ്റില്‍ വാരിക്കുടിച്ചതോടെ മത്ത് പിടിച്ച അവസ്ഥയിലായിപ്പോയെന്നും മൈക്ക് തുറന്ന് പറയുന്നു. റെക്കോര്‍ഡ് കിട്ടിയ വിഡിയോ കണ്ട് കണ്ണ് നിറഞ്ഞുവെന്നും വിഡിയോ കണ്ടിട്ട് തന്നെ വായ എരിയുന്നുവെന്നുമായിരുന്നു ഇന്‍സ്റ്റ ഉപയോക്താക്കളുടെ കമന്‍റ്. സിറാച്ച അകത്താക്കിയത് പോലെ ഗോസ്റ്റ് പെപ്പര്‍ സോസ് കൂടി കഴിക്കാമോ എന്നായിരുന്നു മറ്റൊരാളുടെ ചലഞ്ച്. മൈക്കിന്‍റെ വയറിനും രസമുകുളങ്ങള്‍ക്കും ശുചിമുറിക്കും നിത്യശാന്തിയെന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്. 

ഒരു പരിധിയിലധികം സോസ് കഴിച്ചാല്‍ വയറെരിയുകയും സാരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവുകയും ചെയ്യും. എന്നാല്‍ എരിവ് കഴിച്ചാല്‍ കുഴപ്പമില്ലാത്ത ശരീരമാണ് തന്‍റേതെന്നും വയറെരിച്ചിലൊന്നും ഉണ്ടായില്ലെന്നും ഗിന്നസ് ടീമിനോട് മൈക്ക് വെളിപ്പെടുത്തി. 'എരിവ് എത്ര കഴിച്ചാലും പ്രശ്നമില്ലാതിരിക്കുന്നത് തനിക്ക് മാത്രമുള്ള സൂപ്പര്‍ പവറാ'ണെന്നാണ് മൈക്കിന്‍റെ തമാശ കലര്‍ന്ന മറുപടി. 

ENGLISH SUMMARY:

Canadian youtuber Mike Jack eats more than 1 KG illy sauce in less than three minutes.