ഭക്ഷണങ്ങളും റെസിപ്പികളും ഗൂഗിളില്‍ തിരയുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഈ വര്‍ഷം ഗൂഗിള്‍ സെര്‍ച്ചില്‍ ഏറ്റവും കൂടുതല്‍ തിരയപ്പെട്ട വിഭവം ഏതാണെന്നറിയാമോ? പരമ്പരാഗത രുചികള്‍ മുതല്‍ കോക്‌ടെയിലുകൾ വരെ 2024ല്‍ ആളുകള്‍ തിരഞ്ഞിട്ടുണ്ട്. കോക്‌ടെയിലായ പോൺസ്റ്റാർ മാർട്ടിനിയാണ് പട്ടികയില്‍ ഒന്നാമത്. തൊട്ടുപിന്നാലെ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട മാങ്ങാ അച്ചാറുമുണ്ട്. കൂടാതെ, ചമ്മന്തി, കേരളത്തിന്‍റെ തേങ്ങാ ചട്ണി തുടങ്ങിയ പ്രാദേശിക പാചകക്കുറിപ്പുകളും ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ വിഭവങ്ങളാണ്. ഗൂഗിള്‍ സെര്‍ച്ചില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ പത്ത് ഭക്ഷണങ്ങള്‍ ഇതാ...
പോണ്‍സ്റ്റാര്‍ മാര്‍ട്ടിനി
ലണ്ടനിലെ ലാബ് ബാറിനായി ഡഗ്ലസ് അങ്ക്രാ തയ്യാറാക്കിയ മില്ലേനിയം കോക്ടെയ്‌ല്‍ പോണ്‍സ്റ്റാര്‍ മാര്‍ട്ടിനിയാണ് പട്ടികയില്‍ ഒന്നാമത്. വാനില വോഡ്ക, പാഷൻ ഫ്രൂട്ടില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന മദ്യം, വാനില ഷുഗര്‍ എന്നിവ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. 1999-ൽ ആദ്യമായി തയ്യാറാക്കിയതു മുതല്‍ ആഗോളതലത്തിലെ ഇഷ്ട പാനീയമാണ് പോണ്‍സ്റ്റാര്‍ മാര്‍ട്ടിനി.
മാങ്ങാ അച്ചാർ
ഇന്ത്യക്കാരുടെ പ്രിയ്യപ്പെട്ട വിഭവങ്ങളിലൊന്നാണ് അച്ചാര്‍. മാങ്ങാ അച്ചാറാണ് പ്രശസ്തമെങ്കിലും ഡേറ്റ്സ് ഉപയോഗിച്ചുള്ള മധുരമുള്ള അച്ചാറുകളും മീനച്ചാര്‍ ഇറച്ചി അച്ചാര്‍ തുടങ്ങിയ അച്ചാറുകളും പ്രചാരത്തിലുണ്ട്.
ധനിയ പഞ്ജിരി
ആചാരാനുഷ്ഠാനങ്ങളിൽ ദേവതകൾക്ക് അർപ്പിക്കാൻ തയ്യാറാക്കുന്ന ഒരു തരം മധുരനിവേദ്യമാണ് ധനിയ പഞ്ജിരി. ഉത്തരേന്ത്യയിലെ രുചികരവും പോഷകസമ്പുഷ്ടവും ആരോഗ്യകരവുമാണിത്. മല്ലിപ്പൊടി, താമരവിത്ത്, സൂര്യകാന്തി വിത്ത്, പഞ്ചസാരപൊടി, ഏലയ്ക്കാപ്പൊടി, തേങ്ങാപ്പൊടി, കശുവണ്ടി, നെയ്യ് തുടങ്ങിയവയാണ് പ്രധാന ചേരുവകൾ.
ഉഗാദി പച്ചടി
ആന്ധ്രാ പ്രദേശ്, തെലുങ്കാന, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും ഗോവയുടെ ചില ഭാഗങ്ങളിലും ആഘോഷിക്കുന്ന പുതുവത്സരാഘോഷങ്ങളും ചടങ്ങുകളുമാണ് ഉഗാദി. വിളവെടുപ്പ് ഉത്സവങ്ങളിൽ ഒന്നാണിത്. ഉത്സവത്തിന്‍റെ ഭാഗമായി തയ്യാറാക്കുന്ന ഉഗാദി പച്ചടി ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ഏറെ പ്രിയ്യപ്പെട്ടതാണ്. മാങ്ങ, പുളി, ശർക്കര, ഉപ്പ്, പച്ചമുളക്, വേപ്പില, വെള്ളം എന്നിവ കൊണ്ട് തയ്യാറാക്കുന്ന പാനീയ ആറ് വ്യത്യസ്ത രുചികളുടെ മിശ്രിതമാണ്.
ചാര്‍ണാമൃതം (പഞ്ചാമൃതം)
പാൽ, തൈര്, തേൻ, പഞ്ചസാര, നെയ്യ് എന്നീ അഞ്ച് ചേരുവകള്‍ ചേര്‍ത്താണ് ചർണമൃത് അഥവാ പഞ്ചാമൃതം ഉണ്ടാക്കുന്നത്. പലപ്പോഴും ഹിന്ദു ആചാരങ്ങളിലും ചടങ്ങുകളിലും നിവേദ്യമായി പഞ്ചാമൃതം നല്‍കുന്നു.
എമ ദത്ഷി
മുളക്, ചീസ് എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന മസാലകൾ നിറഞ്ഞ ഭൂട്ടാനീസ് വിഭവമാണ് എമ ദത്ഷി. സോങ്ക ഭാഷയിൽ "എമ" എന്നാൽ മുളക് എന്നും "ദത്ഷി" എന്നാൽ ചീസ് എന്നുമാണ് അര്‍ത്ഥം. ഭൂട്ടാനീസ് പാചകരീതിയിലെ ഏറ്റവും പ്രശസ്തമായ വിഭവങ്ങളിൽ ഒന്നാണിത്.
ഫ്ലാറ്റ് വൈറ്റ്
ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും ഉത്ഭവിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന പ്രശസ്തമായ എസ്‌പ്രസോ കോഫിയാണ് ഫ്ലാറ്റ് വൈറ്റ്. ഫ്ലാറ്റ് വൈറ്റ് 1980 കളിൽ സിഡ്‌നിയിലെയും ഓക്ക്‌ലൻഡിലെയും മെനുകളിലാണ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. കാപ്പിപ്രേമികൾക്കിടയിൽ ഏറെ ആരാധകരുണ്ട് ഫ്ലാറ്റ് വൈറ്റിന്. പാലും എസ്പ്രസോയും കൂടിചേർന്ന കാപ്പിയാണിത്.
കഞ്ചി
ഉത്തരേന്ത്യയിലെ പ്രോബയോട്ടിക് പാനീയമാണ് കഞ്ചി. കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയ ഉപയോഗിച്ചാണ് കഞ്ചി തയ്യാറാക്കുന്നത്. ചിലപ്പോൾ ബൂണ്ടി കൊണ്ട് അലങ്കരിക്കും. ആൻ്റിഓക്‌സിഡൻ്റുകളാലും പ്രോബയോട്ടിക്‌സുകളാലും സമ്പന്നമാണിത്. ദഹനത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ഈ പാനീയം സ്വാദുകൊണ്ടും പോഷക ഗുണങ്ങള്‍ കൊണ്ടും സമ്പുഷ്ടമാണ്.
ശങ്കർപാലി
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ശങ്കര്‍പാലി സാധാരണയായി ഉണ്ടാക്കാറുള്ളത്. 'ശക്കരപ്പര' എന്നും പേരുള്ള ഈ പലഹാരം, മധുരം മാത്രമല്ല, ഇടയ്ക്ക് എരിവും പുളിയും രുചികളിലും ഉണ്ടാക്കാറുണ്ട്.
ചമ്മന്തി
ചമ്മന്തി ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല. ഓരോ വിഭവങ്ങൾക്കും ഓരോ രീതിയിലാണ് ചമ്മന്തി തയാറാക്കാറുള്ളത്. ദക്ഷിണേന്ത്യയിലെ പ്രധാന വിഭവമാണിത്. തേങ്ങയാണ് ചമ്മന്തിയിലെ പ്രധാന ചേരുവ. എങ്കിലും തേങ്ങ ഉപയോഗിക്കാത്ത ചമ്മന്തികളുമുണ്ട്.