ലോകത്തെ ഏറ്റവും മികച്ച സാന്ഡ്വിച്ച് ഷവര്‍മയെന്ന് റിപ്പോര്‍ട്ട്. ടേസ്റ്റ് അറ്റ്ലസിന്‍റെ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ലബനീസ് ഷവര്‍മയുടെ ആരാധകരെ കണ്ട് ഞെട്ടിപ്പോയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. കഴിഞ്ഞ വര്‍ഷം പട്ടികയില്‍ മൂന്നാമതായിരുന്നു ലബനീസ് ഷവര്‍മ. മസാല ചേര്‍ത്ത് ദീര്‍ഘനേരം വച്ചിരുന്ന ശേഷം ഇറച്ചി സാവധാനത്തില്‍ റോസ്റ്റ് ചെയ്തെടുത്തത് ഹുമ്മൂസില്‍ നിറച്ചാണ് ലബനീസ് ഷവര്‍മ തയ്യാറാക്കുന്നത്. ജ്യൂസിയായ ഫില്ലിങ് ഷവര്‍മയെ കൂടുതല്‍ രുചികരമാക്കുന്നുവെന്നാണ് ഷവര്‍മ പ്രേമികള്‍ പറയുന്നത്. പരമ്പരാഗത ഷവര്‍മയ്ക്കായി ബീഫ്, അല്ലെങ്കില്‍ മട്ടന്‍, അതുമില്ലെങ്കില്‍ ടര്‍ക്കി കോഴി എന്നിവയാണ് ഉപയോഗിക്കുന്നത്.
വിയറ്റ്നാമില്‍ നിന്നുള്ള സാന്ഡ്വിച്ചായ ബാന്‍ മി ആണ് പട്ടികയില്‍ രണ്ടാമത്. ടര്‍ക്കിഷ് റാപ് ആയ ടോംബിക് ഡോണറാണ് പട്ടികയില്‍ മൂന്നാമത്. ഏറ്റവും മികച്ച ഡിപ് ആയി വെളുത്തുള്ളി ചേര്‍ത്ത് തയ്യാറാക്കുന്ന സോസായ 'തൗം' ആണ് തിരഞ്ഞെടുക്കപ്പെട്ടത്. ഏറ്റവും മികച്ച സാന്ഡ്വിച്ചുകളുടെ പട്ടികയില്‍ നമ്മുടെ വടാ പാവും ഇടം പിടിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള സ്ട്രീറ്റ്ഫുഡായ വടാപാവിന് ലോകമെങ്ങും ആരാധകരുണ്ട്. ബോംബെയാണ് വടാപാവിന്‍റെ സ്വദേശമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം ടേസ്റ്റ് അറ്റ്ലസിന്‍റെ പട്ടികയില്‍ 19–ാമത് ആയിരുന്ന വടപാവിന് ഇത്തവണ പക്ഷേ ആരാധകരെ കുറച്ച് നഷ്ടമായിട്ടുണ്ട്. താങ്ങാനാകുന്ന വിലയില്‍ വിശപ്പകറ്റാന്‍ ലഭിക്കുന്നുവെന്നാണ് വടാപാവിനെ ജനപ്രിയമാക്കുന്നത്. ബണ്ണിനോ ബ്രഡിനോ നടുവിലായി ഉരുളക്കിഴങ്ങ് മസാല മിശ്രിം നിറച്ചാണ് വടാപാവ് തയ്യാറാക്കുന്നത്. ഒപ്പം എരിവുള്ള പച്ച ചട്നിയും എണ്ണയില്‍ മൂപ്പിച്ച വെളുത്തുള്ളിയും ചേരുമ്പോള്‍ മനസും വയറും നിറയുമെന്നാണ് വടാപാവ് പ്രിയരുടെ വാദം.